കോട്ടയം: അപസർപ്പക, മാന്ത്രിക നോവലുകളിലൂടെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ച എഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. പുഷ്പനാഥൻ പിള്ള എന്നാണ് ശരിയായ പേര്.

മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ മകനും എഴുത്തുകാരനും ബിസിനസ്സുകാരനും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ മകൻ സലിം പുഷ്പനാഥ് മരിച്ചത്. മകന്റെ മരണവും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. മറിയാമ്മയാണ് ഭാര്യ. സലീം പുഷ്പനാഥിനെ കൂടാതെ രണ്ട് മക്കളുണ്ട്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് കോട്ടയം സിഎസ്ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

1967 ൽ കല്ലാർകുട്ടി സ്‌കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോൾ മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടു തുടങ്ങിയത്. മുന്നൂറോളം നോവലുകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തർജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടു. അദ്ധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കോട്ടയം ഗുഡ്ഷെപ്പേഡ് എൽപിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എംടി സെമിനാരി ഹൈസ്‌കൂളിലെത്തി.സ്‌കൂൾകാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. പിന്നീട് സിഎൻഐ ട്രെയ്നിങ് സ്‌കൂളിൽ നിന്ന് ടിടിസി പാസായി. ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്,ആർപ്പൂക്കര ഗവ.എച്ച്.എസ്. കാരാപ്പുഴ ഗവ.എച്ച്.എസ് തുടങ്ങിയ സ്‌കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട്.

കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി യ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ദി മർഡർ, നീലക്കണ്ണുകൾ, സിംഹം, മന്ത്രമോഹിനി, മോണാലിസയുടെ ഘാതകൻ, തുരങ്കത്തിലെ സുന്ദരി, ഓവർ ബ്രിഡ്ജ്, നാഗച്ചിലങ്ക, നാഗമാണിക്യം,  മർഡർ ഗാങ്ങ്,  ഡെവിൾ,  ഡ്രാക്കുളക്കോട്ട, നിഴലില്ലാത്ത മനുഷ്യൻ ,ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ, റെഡ് റോബ്, ഡയൽ 0003, ഡെവിൾസ് കോർണർ, ഡൈനോസറസ്, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, സന്ധ്യാരാഗം, തിമൂറിന്റെ തലയോട് തുടങ്ങിയവ പ്രശസ്ത നോവലകളാണ്.