- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാൻ വസ്ത്രം മാറുന്ന മുറിയിൽ കയറിയപ്പോൾ കണ്ടത് ഒരു വശത്തെ ദ്വാരത്തിലെ മൊബൈൽ ഫോണും പിന്നെ കൈയും; ബഹളം വച്ച് മുറി തുറന്നപ്പോൾ കണ്ടത് പുറത്തേക്കിറങ്ങി ഓടിയ വസ്ത്രശാലാ ജീവനക്കാരനെ; നിധിന്റെ ഫോണിൽ ഉണ്ടായിരുന്നത് ഇതേ മുറിയിൽ വസ്ത്രം മാറിയ 17 ഓളം സ്ത്രീകളുടെ വീഡിയോ; മാധ്യമങ്ങൾ മുക്കിയ ശീമാട്ടി കേസിന്റെ കഥ
കോട്ടയം: വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നൽകി. കോട്ടയം ശീമാട്ടി ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസ് ഏൽപ്പിച്ചത്. എന്നാൽ പൊലീസിൽ തെളിവുകളടക്കം പ്രതിയെ കൈമാറിയെങ്കിലും പൊലീസ് കേസെടുത്തത് ഇന്നലെ ഉച്ചയോടെയായിരുന്നു എന്ന് അഭിഭാഷക ആരോപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പരാതിക്കാരിയായ അഭിഭാഷക ശീമാട്ടിയിൽ വസ്ത്രം വാങ്ങുവാനായി എത്തിയതായിരുന്നു. ഇവിടെ നിന്നും വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി. വസ്ത്രം അഴിച്ചുമാറ്റി പുതിയ വസ്ത്രം ധരിക്കാനായി ഒരുങ്ങുമ്പോഴാണ് മുറിയുടെ ഒരു വശത്തെ ദ്വാരത്തിൽ കൂടി ഒരു മൊബൈൽ ഫോണും കയ്യും കാണുന്നത്.
വേഗം തന്നെ മുറിയിൽ നിന്നും പുറത്തിറങ്ങിയ അവർ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടത് എന്ന് മനസ്സിലാക്കി. തുടർന്ന് ആ മുറി തുറക്കാൻ ശ്രമിച്ചു. എന്നാൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അഭിഭാഷക ബഹളം വച്ചതിനെ തുടർന്ന് ശീമാട്ടി ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നിധിൻ പുറത്തേക്കിറങ്ങുകയായിരുന്നു.
പുറത്തിറങ്ങിയ ഇയാളുടെ ഫോൺ അഭിഭാഷക വാങ്ങി പരിശോധിച്ചപ്പോൾ ഇതേ മുറിയിൽ വസ്ത്രം മാറുന്ന 17 ഓളം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ അഭിഭാഷകയുടെ ദൃശ്യങ്ങൾ ഫോണിൽ ഇല്ലായിരുന്നു. ഇത് ഇയാൾ ഡിലീറ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. സംഭവം നടന്നതിന് ശേഷം ശീമാട്ടിയുടെ മാനേജരെ ജീവനക്കാർ വിളിച്ചു വിവരം പറഞ്ഞെങ്കിലും അഭിഭാഷകയോട് അയാളുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത നിധിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് ആദ്യം തയ്യാറായില്ല എന്ന് അഭിഭാഷക പറഞ്ഞു. ശീമാട്ടിയുടെ സ്വാധീനത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവർത്തകനായ ശ്രീകുമാറിനെ അറിയിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത് എന്നും അവർ പറയുന്നു.
ഐ.ടി ആക്ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ അഭിഭാഷകയുടെ ആരോപണം പൊലീസ് തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകൾ ശേഖരിക്കാനുള്ള താമസം മൂലമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ താമസിച്ചത്. സംഭവം നടന്ന ദിവസം രാത്രി 9 മണിയോടു കൂടി തന്നെ കേസ് രജിസ്റ്റർ ചെയ്തു എന്നും വെസ്റ്റ് സിഐ എ.ജെ അരുൺ മറുനാടനോട് പറഞ്ഞു.
പ്രതിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ കണ്ടെത്തിയെന്നും അതിനെ പറ്റിയുള്ള അന്വേഷണവും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിയുടെ വീട്ടിലും ശീമാട്ടി കോട്ടയം ഷോറൂമിലും പരിശോധന നടത്തി. ശീമാട്ടിയിലെ സിസിസി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ നിരവധി തവണ സംഭവം നടന്ന ഫ്ളോറിലെ വസ്ത്രം മാറുന്ന മുറിയിൽ കയറിപ്പോകുന്നത് കണ്ടെത്തി. ഇയാൾ പകർത്തിയ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് എന്നു സിഐ പറഞ്ഞു.
എന്നാൽ, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ ശീമാട്ടിയുടെ ഉന്നതതല മാനേജ്മെന്റ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നുണ്ട്. കേസ് എടുക്കാതിരിക്കാൻ പൊലീസിനുമേൽ അമിത സമ്മർദ്ദമ ചെലുതതിയിരുന്നെങ്കിലും ഫലം കണ്ടില്ല. പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.
ഗുരുതരമായതും കോട്ടയത്തെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും അഭിമാനം തന്നെ ചോദ്യം ചെയ്തതുമായ വിഷയം പുറം ലോകമറിയാതെ അവസാനിപ്പിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ അഭിഭാഷക മാധ്യമ പ്രവർത്തകനെ ബന്ധപ്പട്ടതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്. മുൻനിര മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.