- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിന് എന്റെ കുഞ്ഞിനെ കൊന്നു?; പരാതിയിൽ പൊലീസ് നടപടി എടുത്തില്ല; സർക്കാർ എന്തിനാണ് ഈ കാലന്മാരെയൊക്കെ ഇറക്കിവിടുന്നത്'; പൊലീസിനും സർക്കാരിനുമെതിരേ കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ത്രേസ്യാമ്മ; ഗുണ്ടകളെ നിലയ്ക്ക് നിർക്കാൻ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയം: കോട്ടയം നഗരത്തിൽ യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ത്രേസ്യാമ്മ. രാത്രിയിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അവർ ആരോപിച്ചു.
മകൻ ഷാൻബാബുവിനെ ജോമോൻ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞദിവസം രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായും എന്നാൽ മകന്റെ മൃതദേഹമാണ് ജോമോൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പ്രതികരിച്ചു. എന്തിനാണ് ജോമോനെപ്പോലെയുള്ളവരെ ഇറക്കിവിടുന്നതെന്നും ഷാനിന്റെ അമ്മ കരഞ്ഞുകൊണ്ട് ചോദിക്കുന്നു.
'മൂന്ന് പിള്ളേരെകൂടി അവൻ നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞതുകൊണ്ട് അവന് ഓടാൻ പറ്റിയില്ല. അതാണ് അവൻ എന്റെ കുഞ്ഞിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിൽ കൊണ്ടുകൊടുത്തിരിക്കുകയാണ്.
പൊലീസുകാർ എന്ത് നോക്കിനിൽക്കുകയായിരുന്ന്, എന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാൻ. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ടതാ രാത്രിയിൽ. എന്റെ മോനെ കണ്ടില്ല, ജോമോൻ എന്നൊരുത്തൻ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പൊലീസുകാര് നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്നുപറഞ്ഞു. ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോൾ മോനെ ഞങ്ങൾ പിടിച്ചുകൊണ്ടുതരുമെന്ന് അവർ പറഞ്ഞു. രാത്രി രണ്ടുമണിയായപ്പോൾ അവൻ എന്റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ വാതിൽക്കൽ കൊണ്ടുകൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാൻ തോന്നും. ഇവൻ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നേ. ഈ ഗവൺമെന്റ് എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്. ഒരമ്മയല്ലേ ഞാൻ, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ ഗവൺമെന്റ് ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ'- ഷാനിന്റെ അമ്മ പറഞ്ഞു.
രാത്രി ഒൻപത് മണിയോടെ ഷാൻ ബാബുവിന്റെ വീട്ടിലെത്തിയ പ്രതി കെ.ടി.ജോമോൻ ഓട്ടോറിക്ഷയിൽ ഷാനിനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയത്. ജോമോന്റെ സംഘാംഗത്തെ, സൂര്യൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം മുൻപു മർദിച്ചിരുന്നു. സൂര്യനെക്കുറിച്ച് അറിയാനാണ് ഷാൻ ബാബുവിനെ വീട്ടിൽനിന്ന് കൊണ്ടുപോയെതന്നാണ് വിവരം.
രാത്രി ഒരു മണിയായിട്ടും കാണാതായതോടെ അമ്മ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പുലർച്ചയോടെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനു മുന്നിൽ മരിച്ച നിലയിൽ ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്. കെ.ടി.ജോമോൻ 'കാപ്പ' കേസ് പ്രതിയെന്ന് പൊലീസ് പറഞ്ഞിരുന്നു. നവംബറിൽ പ്രതിയെ നാടുകടത്തിയതാണ്. രണ്ടാഴ്ച മുൻപ് തിരിച്ചെത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.
സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്നും ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ഷാൻ ബാബുവിന്റെ കൊലപാതകത്തിന് ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയത്തെ അരും കൊല സംസ്ഥാനത്തിന് അപമാനകരമാണ്. ഗുണ്ടാ സംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നിലവിലെ ചുമതല ആർക്കാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ നിയന്ത്രിക്കാൻ ആളില്ല. പൊലീസിലെ ഉന്നതർ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ഇപ്പോൾ പതിവാണെന്നും വി ഡി സതീശൻ വിമർശിച്ചു.
പൊലീസിലെ കുറ്റകൃത്യങ്ങളും ഗണ്യമായി വർദ്ധിക്കുകയാണ്. ക്രിമിനലുകളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണിത്. ഇങ്ങനെ പോയാൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈന്റെ കാര്യത്തിൽ പൊതു സമൂഹം പറയുന്നത് സർക്കാർ കേൾക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കരുതെന്ന് സമൂഹത്തിലെ 40 പ്രമുഖർ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇടതുപക്ഷ ബുദ്ധിജീവികൾ ആവശ്യപ്പെട്ടിട്ടും തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് ജോമോൻ വിമലഗിരി സ്വദേശിയായ ഷാൻബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പൊലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോൻ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തിൽ ഇരുമ്പ് വടി കൊണ്ട് മർദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ട്.
കാപ്പാ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രാധാന്യം ഇല്ലാതായെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് തിരിച്ചെത്തിയിട്ടും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിക്കുകയും ചെയ്തില്ല. അതിനാൽ തന്റെ മേധാവിത്വം ഉറപ്പാക്കാൻ എതിരാളി സംഘത്തിൽപ്പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു. കൊല്ലപ്പെട്ട ഷാൻബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് ഗുണ്ടാസംഘങ്ങളുണ്ട്. സൂര്യൻ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ