കോട്ടയം: കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് പൊലീസിന്റെ അനാസ്ഥ. കാപ്പ പ്രതി ഇളവുനേടി നാട്ടിൽ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് ക്രൂരകൃത്യത്തിന് വഴിയൊരുക്കിയത്. 'കേഡി ജോമോൻ' എന്നറിയപ്പെടുന്ന ജോമോൻ കെ. ജോസ് കൊലപാതക ശ്രമം, ഭവനഭേദനം തുടങ്ങി 11 കേസുകളിൽ പ്രതിയാണ്. അതിനിടെ പ്രതിയുടെ സിപിഎം ബന്ധം തുറന്നു കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്.

കൊലപാതകത്തിന് ശേഷവും ആരെയും കൂസാത്ത മനോഭാവത്തോടെയാണ് ജോമോൻ പൊലീസിനെയും നേരിട്ടത്. തെളിവെടുപ്പിനിടെ ഒന്നാം പ്രതി ജോമോൻ മറ്റുള്ളവരെ നോക്കി വിരൽ ഉയർത്തി വിജയ ചിഹ്നം കാണിക്കുകയുണ്ടായി. പൊലീസുകാർ കൂടെ നിൽക്കുമ്പോഴായിരുന്നു ഈ 'പ്രകടനം'.


നാടുകടത്തപ്പെട്ടതോടെ തന്റെ സ്വാധീനം കുറഞ്ഞെന്ന് പ്രതി ജോമോന് തോന്നിയിരുന്നെന്ന് ചോദ്യംചെയ്യലിൽ പറഞ്ഞതായി പൊലീസ് തുറന്നു സമ്മതിക്കുന്നു. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അടിയേറ്റതോടെ 'ക്ഷീണ'ത്തിലായ ലുതീഷിന്റെ സംഘം വീര്യം വീണ്ടെടുക്കാൻ നടത്തിയ ആക്രമണമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

അടി കൊണ്ട സംഘത്തിനെ പിന്നെ ആരും പേടിക്കില്ലെന്നും പ്രതികാരം ചെയ്യണമെന്നും ഇവർ ഉറപ്പിച്ചു. തന്റെ സംഘത്തെ ആരും ക്വട്ടേഷൻ പണിക്ക് വിളിക്കുന്നില്ലെന്നും ജോമോന് മനസ്സിലായി. ഒന്നു രണ്ടു പേരെ അങ്ങോട്ടു വിളിച്ച് ചോദിച്ചെങ്കിലും 'നീ കാപ്പയിലല്ലേ. വേണ്ട' എന്നായിരുന്നു മറുപടി.

ഇതോടെ തിരിച്ചടിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നു ജോമോനും ലുതീഷിനും മനസിലായി. അമ്മയെ നോക്കാൻ ആരുമില്ലെന്നു കാട്ടി അപേക്ഷ കൊടുത്ത് ജോമോൻ കാപ്പയിൽ ഇളവു തേടി കോട്ടയം നഗരത്തിൽ തിരികെയെത്തി. തിരിച്ചു വന്നിട്ടും ആരും തന്നെ പരിഗണിച്ചില്ലെന്നും മദ്യപിക്കാൻ കമ്പനിക്കു പോലും ആരും വിളിച്ചില്ലെന്നും ജോമോൻ പൊലീസിനോട് തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു.

എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത്രാജ്, ജോമോനും സുഹൃത്തുക്കൾക്കുമെതിരേ സാമൂഹിക മാധ്യമത്തിൽ കമന്റിട്ടിരുന്നു. പലരും ഷെയർ ചെയ്തിരുന്നെന്നും തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നും കമന്റിട്ടയാളെ കണ്ടെത്താനാണ് അവരുടെ സുഹൃത്തായ ഷാനിനെ വിളിച്ചുകൊണ്ടുപോയതെന്നുമാണ് പ്രതിയുടെ മൊഴി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ജോമോൻ ആദ്യം പറഞ്ഞിരുന്നു.

ശരത്രാജ് എന്ന ഗുണ്ടാനേതാവ് അടുത്തിടെ ജോമോനെ വെല്ലുവിളിച്ചിരുന്നു. ഷാൻ, ശരത്രാജിന്റെ സുഹൃത്താണെന്ന കാരണത്താലാണ് വിളിച്ചുകൊണ്ടുപോയി മർദിച്ചത്. ഷാനിന്റെപേരിൽ പൊലീസ് സ്റ്റേഷനുകളിൽ കേസില്ല. ഷാനിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിരുന്നു.

ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്.

ഏതാനും മാസംമുമ്പ് നഗരത്തിനു സമീപം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ജോമോൻ ക്രൂരമായി മർദിച്ചിരുന്നു. ഓട്ടോഡ്രൈവർ ആഴ്ചകളോളം ആശുപത്രിയിലായി. ഏതാനും വർഷംമുമ്പ് ലുലുമാളിൽ ബോംബ് ഭീഷണി മുഴക്കിയ കേസിലും പ്രതിയായിരുന്നു. കുന്നത്തുകളത്തിൽ ജൂവലറിയിലെ കവർച്ചക്കേസിലെ പ്രതിയും ജോമോനും ചേർന്നാണ് അന്ന് ഭീഷണിമുഴക്കിയത്. അന്നും അറസ്റ്റിലായിരുന്നു. ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിലാണ് പൊലീസ്. ജോമോൻ മുമ്പ് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നു. അടുത്തകാലത്ത് ടി.ബി. റോഡിൽ തട്ടുകടയുമുണ്ടായിരുന്നു.

ഷാൻ വധക്കേസിലെ പ്രതി ജോമോന്റെ സിപിഎം ബന്ധം തുറന്നു കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്. ഡൽഹിയിൽ നടന്ന സിപിഎം മാർച്ചിൽ അടക്കം ഇയാൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലാ സമ്മേളനങ്ങളുടെ മറവിൽ ഗുണ്ടകൾക്ക് സ്വര്യവിഹാരം നടത്താനുള്ള അവസരമാണ് സിപിഎം ഒരുക്കിയതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. കാപ്പയിൽ ഇളവ് നൽകുന്നതിൽ അടക്കം ആരാണ് ഇടപെട്ടതെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

സിപിഎം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നിരവധി കമന്റുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. കൊല്ലുന്നതിലെ ക്രൂരത കണ്ടപ്പൊഴെ തോന്നി നി ഒരു സഖാവായിരിക്കുമെന്ന്.. ലാൽസലാം ഗുണ്ടാ സഖാവേ...... കോട്ടയത്ത് 19വയസുകാരനെ തല്ലികൊന്ന പ്രതി സിപിഎം പ്രവർത്തകൻ..കുഞ്ഞായിരുന്നില്ലേ റഹിമെ കൊന്നത് നിന്റെ പാർട്ടിക്കാരൻ തന്നെയല്ലേ..പാർട്ടി നിയമങ്ങൾ പാലിച്ചു ജീവിക്കുന്ന ഉത്തമ സഖാവ്....വാര്യര് പറഞ്ഞപോലെ.. ഇതു ജോമോന്റെ കാലമല്ലേ. ഇങ്ങനെ പോകുന്നു നിരവധി കമന്റുകൾ.