കോട്ടയം: കേരളത്തിലാകെ യുഡിഎഫിന് അടിപതറിയിട്ടും കോട്ടയം ജില്ല ഇക്കുറിയും അവരെ കൈവിട്ടില്ല. ബാർ കോഴക്കേസിന് തങ്ങളെ ഒരു ചുക്കും ചെയ്യാനായില്ലെന്നു തെളിയിച്ചിരിക്കുകയാണ് വിജയമെന്നു ധനമന്ത്രി കെ എം മാണി പ്രതികരിച്ചതും കോട്ടയം എന്നും യുഡിഎഫിനൊപ്പമെന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്.

എല്ലാ ജില്ലകളിലും എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയപ്പോഴും കോട്ടയം മാത്രം ഈ തരംഗത്തിൽ ഇളകാതെ നിന്നതാണ് യുഡിഎഫിനുള്ള പിടിവള്ളി. കേരളത്തിൽ പ്രധാന പ്രതിപക്ഷം ബിജെപി ആകുമോ എന്ന ആശങ്ക മുന്നിൽ നിൽക്കവെയും കോട്ടയത്തെ കോട്ട കാത്തുസൂക്ഷിക്കാൻ ആയതിൽ ആശ്വസിക്കുകയാണ് കോൺഗ്രസ്.

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തുൾപ്പെടെ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന യുഡിഎഫിൽ നേതൃമാറ്റം തന്നെ ചർച്ചാവിഷയമായിരിക്കുന്നതിനിടെയാണ് കോട്ടയം വീഴാതെ കാത്തത്. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലും മുന്നേറ്റം യുഡിഎഫിനു തന്നെ.

നഗരസഭയിൽ 29 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ 13 സ്ഥലത്താണ് എൽഡിഎഫ് ജയിച്ചത്. ബിജെപി അഞ്ച്. സ്വതന്ത്രർ-5. കെ എം മാണിയുടെ തട്ടകമായ പാലാ നഗരസഭയിലും യുഡിഎഫ് ഭരണം നിലനിർത്തി. 26ൽ 20 എണ്ണത്തിൽ യുഡിഎഫ് ജയിച്ചു. അതിൽ 17 സീറ്റുകൾ കേരള കോൺഗ്രസിനാണ്. മൂന്നെണ്ണം കോൺഗ്രസിനും ലഭിച്ചു. എൽഡിഎഫ് മൂന്ന് സീറ്റിൽ ജയിച്ചു. ഒരെണ്ണം ബിജെപിക്കാണ്.

ബാർ കോഴ ആരോപണം ഏറ്റില്ലെന്നതിന് തെളിവാണ് പാലായിലെ മികച്ച വിജയം എന്ന് കെ.എം.മാണി പ്രതികരിച്ചു. പാലായിലെ യുഡിഎഫ് വിജയത്തിന് ജനങ്ങളോടു നന്ദി അറിയിക്കുന്നെന്നും മാണി പറഞ്ഞു.

അതേസമയം, പൂഞ്ഞാറിൽ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പി സി ജോർജ് എഫക്ടുണ്ടായി എന്ന വിലയിരുത്തലാണുള്ളത്. അതിനിടെ, യുഡിഎഫിൽ ഒരുവിഭാഗം പി സി ജോർജിനു വോട്ടു മറിച്ചെന്നും കെ എം മാണി പ്രതികരിച്ചു.

ബാർ കോഴക്കേസ് കേരളമൊട്ടാകെ ചർച്ചയായപ്പോൾ കെ എം മാണിയെന്ന നേതാവ് പ്രതിസന്ധിയിലായിരുന്നു. രാജി ആവശ്യമുൾപ്പെടെ വിവിധ കോണിൽ നിന്ന് ഉയരുകയും ചെയ്തു. കോടതിയിൽ നിന്നുൾപ്പെടെ പ്രതികൂല നടപടികൾ നേരിടേണ്ടി വന്നപ്പോൾ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കുകയും ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളം തിരിച്ചടി നേരിട്ടപ്പോഴും കെ എം മാണിയുടെ നാട്ടിൽ യുഡിഎഫിനു പിടിച്ചുനിൽക്കാനായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കെ എം മാണി ഫലപ്രഖ്യാപനത്തിനു പിന്നാലെ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്.

അതിനിടെ, കോട്ടയം മാത്രമല്ല കേരളമെന്നു പ്രതികരിച്ച് കെ.എം.മാണിക്ക് മറുപടിയുമായി ടി.എൻ.പ്രതാപൻ എംഎൽഎ രംഗത്തെത്തി. പാലാ മാത്രമല്ല കേരളമെന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളമാണെന്നും പ്രതാപൻ പറഞ്ഞു. പാലായിലെ മികച്ച വിജയം ബാർ കോഴ ആരോപണം ഏശിയില്ലെന്നതിനു തെളിവാണെന്ന മാണിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്കുകകയായിരുന്നു പ്രതാപൻ.