- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയത് പണം മോഹിച്ച് മറ്റൊരു കല്യാണത്തിനായി; മൂന്ന് മാസം ഗർഭിണിയാക്കിയതിന് ശേഷം അലസിപ്പിച്ച് കളഞ്ഞത് വീട്ടുകാരുടെ ഒത്താശയോടെ; 10 വർഷം പ്രണയിച്ച് വഞ്ചിച്ച കാമുകനോട് പകരം വീട്ടിയത് ആത്മഹത്യ ചെയ്തും; കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹാരിഷ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; ഹാരിഷ് സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരൻ; 24 കാരി റംസിയുടെ തൂങ്ങിമരണത്തിൽ അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്ന് സൂചന
കൊല്ലം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പള്ളിമുക്ക് സ്വദേശിയും സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരമാണ് കൊട്ടിയം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത പുറത്ത് വന്നതോടു കൂടി ഹാരിഷിനെതിരെ ശക്തമായ ജനരോഷം പൊട്ടിപുറപ്പെട്ടിരുന്നു. മരണം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടം വച്ചിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിഷ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
പിന്നീട് ഹാരിഷ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാർക്ക് എതിർപ്പില്ലാത്തതിനാൽ റംസി ഹാരിഷുമായി കൂടുതൽ അടുത്തു. ഇതിനിടയിൽ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടൻ നടത്തണമെന്ന് റംസിയുടെ വീട്ടുകാർ ഹാരിഷിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിഷ് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങാൻ ആലോചിക്കുന്നുണ്ട്, അത് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അനുജത്തിയുടെ വിവാഹം ഉടൻ നടത്തേണ്ടതായിട്ടുള്ളതിനാൽ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ബന്ധുക്കളെല്ലാം ചേർന്ന് വളയിടീൽ ചടങ്ങ് നടത്തി. ചടങ്ങിൽ സ്ത്രീധനമായി നല്ലൊരു തുകയും നൽകി.
വർക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിഷ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വർഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വർക്ക് ഷോപ്പ് തുടങ്ങാൻ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വർക്ക് ഷോപ്പ് തുടങ്ങാനായി റംസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരങ്ങളും പണവും വീണ്ടും ഇയാൾ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുൻപ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു. റംസി ഇത് ആരംഭിക്കാനായി പലരിൽ നിന്നും പണം കടം വാങ്ങി നൽകുകയും ലോൺ എടുത്ത് നൽകുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാൾ റംസിയുടെ കുടുംബത്തിൽ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാൾ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ ഹാരിഷിന്റെ മൊബൈലിലേക്ക് കൈ ഞരമ്പ് മുറിച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇക്കാര്യം റംസിയുടെ സഹോദരിയുടെ ഭർത്താവിനെ ഇയാൾ അറിയിച്ചു. തുടർന്ന് വീട്ടിലെക്ക് വിളിച്ച് വിവരം പറഞ്ഞപ്പോൾ വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോൾ റംസിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അടഞ്ഞു കിടന്ന മുറി ചവിട്ടി പൊളിച്ചാണ് വീട്ടുകാർ അകത്ത് കയറിയത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലൂർവിള ജമാഅത്ത് പള്ളിയിൽ മൃതദേഹം ഖബറടക്കി. അതേസമയം കൊട്ടിയം പൊലീസ് സംഭവ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് കേസെടുത്തു. റംസിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിന് ശേഷം ഹാരിഷ് ഒളിവിൽ പോയിരിക്കുകയായിരുന്നു.