- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ ഉത്സവത്തിലെ അവസാനത്തെ ആരാധനയായ രോഹിണി ആരാധന ഇന്ന് നടക്കും
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന ഇന്ന് നടക്കും. രോഹിണി ആരാധനാ നാളിലാണ് ഉത്സവത്തിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിൽ നടക്കുക. ഇതിനായി കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാട് തിങ്കളാഴ്ചയോടെ മണത്തണയിൽ എത്തിച്ചേർന്നു.
മണത്തണ ഗോപുരത്തിൽ എത്തിയ നമ്പൂതിരിപ്പാടിനെ മണത്തണ ആക്കൽ കുടുംബാംഗങ്ങൾ ഗോപുരത്തിലെത്തി തറവാട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് തറവാട്ടിലെത്തിയ നമ്പൂതിരിപ്പാടിനെ ആക്കൽ തറവാട്ടിലെ മുതിർന്ന സ്ത്രീ വിളക്കും നിറനാഴിയുമായി സ്വീകരിച്ചു. ആക്കൽ തറവാട്ടിലെത്തിയ അദ്ദേഹവും ഒപ്പമുള്ളവരും തിങ്കളാഴ്ച ആക്കൽ തറവാട്ടിൽ വിശ്രമിച്ച ശേഷം രോഹിണി ആരാധന ദിവസമായ ചൊവ്വാഴ്‌ച്ച മണത്തണ കുണ്ടേൻ ക്ഷേത്രത്തിലെത്തി കുളിച്ച് പ്രാർത്ഥിച്ച ശേഷം കൊട്ടിയൂരിലേക്ക് പുറപ്പെടും.
അക്കരെ കൊട്ടിയൂരിലെത്തിയാൽ ആക്കൽ കയ്യാലയിലാണു വിശ്രമിക്കുക. പുഷ്പാഞ്ജലിക്ക് സമയമായാൽ തീർത്ഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തും. അപ്പോൾ ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയിൽ കയറ്റി ഇരുത്തണം. മണിത്തറയിൽ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികർമികളാകണം. കുറുമാത്തൂർ തറയിൽ കയറിയാൽ വാദ്യക്കാർ ദ്രുദഗതിയിൽ വാദ്യങ്ങൾ മുഴക്കും.
ആലിംഗന പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂർ തറയിൽ നിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടരണം. ഉച്ചക്ക് പൊന്നിൻ ശീവേലിയും സന്ധ്യക്ക് പഞ്ചഗവ്യാഭിഷേകവും രോഹിണി ആരാധനാ ദിവസം നടക്കും. ജൂൺ രണ്ടിന് തിരുവാതിര ചതുശ്ശതവും ,മൂന്നിന് പുണർതം ചതുശ്ശതവും, അഞ്ചിന് ആയില്യം ചതുശ്ശതവും നടക്കും. ജൂൺ 6 ന് മകം നാളിൽ കലം വരവ് നടക്കും. അന്ന് ഉച്ചക്ക് നടക്കുന്ന ഉച്ച ശീവേലിക്ക് ശേഷം അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനമില്ല.
കഴിഞ്ഞ ദിവസങ്ങളിലായി കൊട്ടിയൂർ അമ്പലത്തിൽ വൻജനാവലിയാണ് അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്നും ആളുകൾ കൊട്ടിയൂർ അമ്പലത്തിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ കൊട്ടിയൂർ അമ്പലത്തിൽ എത്തി എന്നാണ് കണക്ക്. ഇത് സമീപകാലത്തെങ്ങും ഉള്ളതിനേക്കാൾ ഏറ്റവും വലിയ കണക്കാണ്. കണ്ണൂർ ജില്ലയിൽ വയനാടിനോട് ചേർന്നുകിടക്കുന്ന മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രം.