കണ്ണൂർ: കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പൊലീസിൽ കീഴടങ്ങി. മൂന്ന് മുതൽ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ.സിസ്റ്റർ ടെസ്സി ജോസ്, ഡോ: ഹൈദരാലി, സിസ്റ്റർ.ആൻസി മാത്യു എന്നിവരാണ് പേരാവൂർ സിഐഎൻ.സുനിൽകുമാർ മുൻപാകെ കീഴടങ്ങിയത്. ഫാ റോബിൻ വടക്കംഞ്ചേരിയുടെ പീഡനം മറച്ചുവച്ചതാണ് ഇവരെ കേസിൽ പ്രതിയാക്കുന്നത്.

ബുധനാഴ്ച രാവിലെ 6.35 ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. ഇതോടെ പത്ത് പ്രതികളിൽ എട്ടു പേരെയും അറസ്റ്റ് ചെയ്തു. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺ വെന്റിലെ സിസ്റ്റർ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവർ നല്കിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. അതിന് ശേഷം അവരും കീഴടങ്ങുമെന്നാണ് സൂചന.

കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യാപേക്ഷ നല്കിയ മൂന്ന് പ്രതികളോട് അന്വേഷണസംഘം മുൻപാകെ കീഴടങ്ങാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് നിർദ്ദേശം നൽകിയത്. പ്രതികളുടെ അറസ്റ്റ് അന്നു തന്നെ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണം. തുടർന്ന് ഉപാധികളോടെ ജാമ്യം നൽകണമെന്നും നിർദ്ദേശമുണ്ട്. കണ്ണൂർ ജില്ല വിട്ട് പോകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും കോടതി നിർദ്ദേശത്തിലുണ്ട്.