കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂർ സിഐ എൻ. സുനിൽ കുമാറിനു മുന്നിലാണു കീഴടങ്ങിയത്. അഭിഭാഷകയ്‌ക്കൊപ്പം എത്തിയാണു തങ്കമ്മ കീഴടങ്ങിയത്.

ശനിയാഴ്ച രാവിലെ 6.20 ഓടെ പേരാവൂർ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള ഹൈക്കോടതി നിർദ്ദേശത്ത തുടർന്നാണ് അവർ കീഴടങ്ങിയത്. ഹാജരാകുന്ന അന്ന് തന്നെ ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഓട്ടോറിക്ഷയിൽ മറ്റൊരാൾക്കൊപ്പമാണ് തങ്കമ്മ കീഴടങ്ങാൻ എത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കേസിൽ മുഖ്യപ്രതിയായ ഫാ.റോബിൻ വടക്കുംചേരിയുടെ പ്രധാന സഹായിയായിരുന്നു കൊട്ടിയൂർ സ്വദേശിനിയായ തങ്കമ്മ.

കേസിൽ ഇന്നലെ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം സിസ്റ്റർമാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവർ കീഴടങ്ങിയിരുന്നു. ഇവർക്കു പിന്നീടു ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ വൈദികനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാൻ ശ്രമിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഇപ്പോൾ അറസ്റ്റിലായ തങ്കമ്മ. കുഞ്ഞിനെ മാറ്റുന്നതിന് അടക്കം കുറ്റം മറയ്ക്കുന്നതിന് ഫാ.റോബിൻ വടക്കുംചേരിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തങ്കമ്മയാണെന്നായിരുന്നു കുറ്റാരോപണം. ഗൂഢാലോചന അടക്കമുള്ള കുറ്റമാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്

വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ.തോമസ് ജോസഫ് തേരകം ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റർ ബെറ്റി ജോസ് അനാഥാലയ മേധാവി സിസ്റ്റർ ഒഫീലിയ എന്നിവർ ഇന്നലെ ഇതേ സമയത്ത് കീഴടങ്ങിയിരുന്നു. തങ്കമ്മയുടെ മകൾ സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ എന്നിവരാണ് കേസിലെ കേസിലെ ബാക്കി പ്രതികൾ. ഇവർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും