കൊട്ടിയൂർ: 28 ദിവസം നീളുന്ന യാഗോത്സവമെന്നു അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ തുടക്കമാകും. ഉത്സവത്തിന് മുന്നോടിയായി അക്കരെ സന്നിധിയിൽ നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത്നാളെ നടക്കും. രാവിലെ ഇക്കരെ സന്നിധിയിൽ നടക്കുന്ന തണ്ണീർകുടി ചടങ്ങിന് ശേഷം പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റേയും സമുദായി ഭട്ടതിരിപ്പാടിന്റേയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം മന്ദംചേരി കൂവപ്പാടത്തെത്തും.

ഇവിടെ നിന്നും കൂവയില പറിച്ചെടുത്ത് ഒറ്റപ്പിലാൻ, ജന്മാശാരി, പുറംകലയൻ എന്നിവർ കൂവയിലയിൽ ശേഖരിച്ച ബാവലി തീർത്ഥവുമായി അക്കരെ മണിത്തറയിലെത്തി സ്വയംഭൂവിൽ അഭിഷേകം ചെയ്യും. ഇതോടെ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്വയംഭൂവിൽ തീർത്ഥം അഭിഷേകം ചെയ്യും. തുടർന്ന് തിടപ്പള്ളി അടുപ്പിൽ നിന്നും ഭസ്മമെടുത്തു ശരീരത്തിൽ പൂശിയ ശേഷം സംഘം പടിഞ്ഞാറേ നടവഴി ഇക്കരെ കടക്കും. രാത്രി ആയില്യാർ കാവിലും പൂജ നടക്കും. ഉത്സവകാലത്തേക്ക് അക്കരെ സന്നിധിയിൽ ഇത്തവണ നാൽപ്പതിലേറെ കയ്യാലകളാണ് തയ്യാറാക്കുക.

15ന് നടക്കുന്ന നെയ്യാട്ടോടെയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളും കർമ്മങ്ങളും ആരംഭിക്കുക. 16 ന് മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നും ആരംഭിക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ അക്കരെ സന്നിധിയിൽ എത്തിച്ചേരും ഇതിന് ശേഷമേ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിക്കാനുള്ള അനുവാദമുള്ളൂ. ജൂൺ 6 ന് മകം നാളിൽ നടക്കുന്ന ഉച്ച ശീവേലിവരെയാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക. 15 ന് നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി പോകേണ്ട നെയ്യമൃത് വ്രതക്കാർ ഇന്നലെ മഠങ്ങളിൽ പ്രവേശിച്ചു. 15 ന് പുലർച്ചെ ഭഗവാന്റെ സ്വയംഭൂവിൽ അഭിശേഷം ചെയ്യാനുള്ള നെയ്ക്കുടങ്ങളുമായി ഇവർ കാൽനടയായി പുറപ്പെടും.

ഉത്സവ നാളിലെ മറ്റ് പ്രധാന വിശേഷദിവസങ്ങളും ചടങ്ങുകളും: 21ന് തിരുവോണം ആരാധനയും ഇളനീർ വെപ്പും. 22ന് അഷ്ടമി ആരാധനയും ഇളനീരാട്ടവും. 26ന് രേവതി ആരാധന. 31ന് രോഹിണി ആരാധന. ജൂൺ 2ന് തിരുവാതിര ചതുശ്ശതം. 3ന് പുണർതം ചതുശ്ശതവും 5ന് ആയില്യം ചതുശ്ശതവും. 6ന് മകം കലം വരവ്. 9ന് ചതുശ്ശതവും വാളാട്ടവും. ജൂൺ 10ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും.