കൊണ്ടോട്ടി: കൊട്ടൂക്കരയിൽ 21-കാരിയെ അക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പതിനഞ്ചുകാരന്റെ മൊബൈൽഫോൺ പൊലീസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സ്വന്തമായി ഫോണില്ലാത്ത പ്രതി ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നത് മാതാവിന്റെ ഫോണിൽ നിന്നായിരുന്നു. പിതാവ് നാട്ടിൽ തന്നെയുണ്ട്. ജൂഡോ ചാമ്പന്യനാണ് കുട്ടി.

കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന നടത്തുക. മൊബൈൽഫോൺ ദുരുപയോഗംവഴിയുള്ള പ്രേരണയാലാണ് പത്താംക്ലാസുകാരൻ യുവതിയെ അക്രമിച്ചതെന്നാണ് സൂചന. ആദ്യഘട്ടത്തിൽ പ്രതിക്ക് ഇന്റർനെറ്റിന്റെ ദുരുപയോഗമുണ്ടായിരുന്നുന്നോവെന്നും പൊലീസ് സംശയിച്ചിരുന്നെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിലാണു സ്വന്തമായി ഫോൺപോലും പ്രതിക്ക് ഉപയോഗിക്കാൻ കിട്ടിയില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. പ്രതി മാതാവിന്റെ ഫോൺ ഉപയോഗിച്ചാണു ഓൺലൈൻ ക്ലാസുകൾപോലും കണ്ടിരുന്നതെന്നാണു പൊലീസിന് ലഭിച്ച വിവരം. ഇടത്തരം കുടുംബമാണു പ്രതിയുടേത്.

മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാർത്ഥി വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണുള്ളത്. ബുധനാഴ്ച യുവതി മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

ഈ കുട്ടിയിൽ നിന്ന് ഇതിനു മുമ്പു സമാന രീതിയിലുള്ള പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽകൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വീട്ടുകാരുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദേശീയപാതയോരത്താണെങ്കിലും ഗ്രാമീണമേഖലയാണ് ആക്രമണം നടന്ന കൊട്ടൂക്കര. വീട്ടിൽനിന്നും ചെറിയ ഇടവഴിയിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാണ് യുവതി കൊട്ടൂക്കരയിലെത്തി കൊണ്ടോട്ടിയിലേക്ക് ബസ് കയറാറുള്ളത്്. വീട്ടിൽനിന്നും റോഡിലേക്കുള്ള എളുപ്പവഴികൂടിയായിരുന്നു ഇത്.

ഇതിനാൽ തന്നെ യുവതിയെ അക്രമിക്കാൻ കൃത്യമായ പദ്ധതിയോടെയാണ് പ്രതി എത്തിയതെന്നാണ് പൊലീസും അനുമാനിക്കുന്നത്. ആക്രമണം നടന്ന വാഴത്തോട്ടമുള്ള വയൽപ്രദേശം പൊതുവെ വിജനമായ മേഖലയാണ്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്ഥാപനത്തിന്റെ സി.സി.ടി.വിയിൽ നിന്നാണ് ആക്രമണത്തിന് മുൻപ് പ്രതി പ്രദേശം നിരീക്ഷിക്കാനെത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവ സ്ഥലത്തുനിന്ന് മീറ്ററുകൾ മാറിയാണ് പ്രതിയുടെ വീട്. ഈ സിസിടിവി ദൃശ്യങ്ങളാണ് നിർണ്ണായകമായത്.

പെൺകുട്ടിയെ പതിനഞ്ചുകാരൻ പിന്തുർന്നാണ് ആക്രമിച്ചതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ജില്ലാ തലത്തിൽ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരൻ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്ന് മലപ്പുറം എസ്‌പി പറഞ്ഞിരുന്നു. പീഡനശ്രമത്തിനിടെ ആൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടിൽ പറഞ്ഞത്. പെൺകുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മിൽ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.