- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടാങ്ങലിലെ നഴ്സിന്റെ കൊലപാതകത്തിനും സിബിഐ ഡയറിക്കുറിപ്പിലെ ഓമന കൊലക്കേസിനും സാമ്യമേറെ; രണ്ടിടത്തും കൊല നടത്തിയത് വെളിയിൽ നിന്ന് വന്നയാൾ: 33 വർഷത്തിന് ശേഷം ഒരു സിനിമാക്കഥ യാഥാർഥ്യമാകുമ്പോൾ നായക സ്ഥാനത്ത് കേരളാ പൊലീസ്
പത്തനംതിട്ട: കോട്ടാങ്ങലിൽ കാമുകന്റെ വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുടെ ആത്മഹത്യയെന്ന് കരുതിയിരുന്ന മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തെളിയിക്കുമ്പോൾ ഒരു സിനിമാക്കഥ യാഥാർഥ്യമായിരിക്കുകയാണ്. സിനിമയിലെ കഥയ്ക്ക് സമാനമായ കൊലപാതകവും തുടരന്വേഷണവും യഥാർഥ ജീവിതത്തിലും ഉണ്ടായിരിക്കുന്നത്. അതും സിനിമ ഇറങ്ങി 33 കൊല്ലത്തിന് ശേഷം. പറഞ്ഞു വരുന്നത് എസ്എൻ സ്വാമി-കെ. മധു-മമ്മൂട്ടി കൂട്ടുകെട്ടിൽ 1988 ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയെപ്പറ്റിയാണ്.
സിബിഐ അന്വേഷണം എന്നാൽ എന്താണെന്ന് മലയാളികൾക്ക് മനസിലാക്കി കൊടുക്കുകയും എന്തിനുമേതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന രീതിയുണ്ടാവുകയും ചെയ്തത് ഈ ഹിറ്റ് സിനിമ ജനഹൃദയങ്ങൾ കീഴടക്കിയതിന് ശേഷമാണ്. ഈ സിനിമയുടെ കഥാ തന്തുവുമായി കോട്ടാങ്ങലിലെ നഴ്സിന്റെ കൊലപാതകത്തിനും തുടരന്വേഷണത്തിനും ഒട്ടനവധി സാമ്യമുണ്ടായത് യാദൃശ്ചികമാകാം. 37 ലക്ഷം ചെലവഴിച്ച സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 3 കോടി രൂപയായിരുന്നു. സേതുരാമയ്യർ എന്ന മമ്മൂട്ടിയുടെ സിബിഐ ഡിവൈഎസ്പി കഥാപാത്രത്തിനൊപ്പം ശ്യാമിന്റെ പശ്ചാത്തല സംഗീതവും ശ്രദ്ധിക്കപ്പെട്ടു.
ഔസേപ്പച്ചൻ എന്ന മുതലാളിയുടെ മകൻ സണ്ണിയുടെ ഭാര്യ ഓമനയാണ് ചിത്രത്തിൽ കൊല്ലപ്പെടുന്നത്. രണ്ടു നില കെട്ടിടത്തിന് മുകളിൽ നിന്ന് കല്ലു പാകിയ മുറ്റത്തേക്ക് വീണു കിടക്കുന്ന നിലയിലായിരുന്നു കൊലപാതകം. ഓമന മരിക്കുന്നതിന് മുൻപ് സണ്ണി അവളെ അടിക്കുന്നു. ബോധരഹിതയായി കട്ടിലിൽ കിടക്കുന്ന ഓമനയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ഔസേപ്പച്ചന്റെ മരുമകൻ ജോണി അവളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നു. നിലവിളിക്കാൻ ശ്രമിച്ച ഓമനയുടെ മൂക്കും വായയും പൊത്തിപ്പിടിക്കുന്നു. ശ്വാസം കിട്ടാതെ അവൾ മരിക്കുന്നു.
സണ്ണിയുടെ അടിയേറ്റാണ് ഓമന മരിച്ചതെന്ന് കരുതി ഔസേപ്പച്ചൻ തന്റെ ഡ്രൈവർ ആയ വാസുവിനെ ഉപയോഗിച്ച് മൃതദേഹം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കിടുന്നു. ആത്മഹത്യയാക്കി മാറ്റുന്നു. ലോക്കൽ പൊലീസ് ആത്മഹത്യ എന്നെഴുതി തള്ളിയ കേസ് അന്വേഷിക്കാൻ സിബിഐ വരുന്നത് ഓമനയുടെ പിതാവിന്റെയും സഹോദരിയുടെയും പരാതിയിലാണ്. ഓമനയുടെ വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറ പരിശോധിച്ചാണ് യഥാർഥ കുറ്റവാളിയായ ജോണിയിലേക്ക് എത്തുന്നത്. കുറ്റം തെളിയിക്കാൻ രക്തപരിശോധനയും ഡമ്മി പരീക്ഷണവുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു.
ഈ കഥയോട് ഏറെ സമാനമാണ് കോട്ടാങ്ങൽ കൊലപാതകം. സിബിഐ ഡയറിക്കുറിപ്പിന്റെ തനിയാവർത്തനമാണ് ഈ കേസിന്റെ അന്വേഷണത്തിലും ഉണ്ടായിരിക്കുന്നത്. മല്ലപ്പള്ളി കൊട്ടാങ്ങൽ സ്വദേശിയായ കൊല്ലപ്പെട്ട യുവതിയും ഓട്ടോ ഡ്രൈവറായിരുന്ന കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫും പ്രണയ ബദ്ധരായിരുന്നു. വീട്ടുകാർ അറിഞ്ഞായിരുന്നു പ്രണയം. എന്നാൽ, ഇരുവർക്കും വിവാഹിതരാകാൻ കഴിഞ്ഞില്ല. രണ്ടു പേരും വേറെ വിവാഹം കഴിച്ചു. ടിജിന് ഒരു കുഞ്ഞുമുണ്ടായി. ഇതിനിടെ ടിജിനും ഭാര്യയുമായി പിണങ്ങി. വിവരം അറിഞ്ഞ യുവതി ഭർതൃവീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി ടിജിന്റെ വീട്ടിൽ താമസമാക്കി. അതു കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണ് ടിജിന്റെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. യുവതിയുടെ ബന്ധുക്കൾക്ക് സംശയമൊന്നുമില്ലായിരുന്നു ടിജിന്റെ മാനസിക പീഡനം കാരണം മകൾ ജീവനൊടുക്കി. ഇതേ പരാതി ഇവർ പൊലീസിലും നൽകിയിരുന്നു. അതിന്റെ പേരിൽ കടുത്ത ശാരീരിക പീഡനം ടിജിൻ ഏറ്റു വാങ്ങി.
പക്ഷേ, ടിജിനെ കേസിൽ പ്രതിയാക്കാനുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. കേസ് അന്വേഷണം ഏറ്റെടുത്ത ജില്ലാ സി ബ്രാഞ്ച് വളരെ ഉദാസീനതയാണ് അന്വേഷണത്തിൽ കാട്ടിയത്. ആദ്യം അന്വേഷിച്ച ഡിവൈഎസ്പി മാറിയതോടെയാണ് കേസിന് ഗതിവേഗം വന്നതും യഥാർഥ പ്രതി പിടിയിലായതും. ഇതിന് കാരണമായതുകൊല്ലപ്പെട്ട യുവതിയുടെ നഖത്തിലുണ്ടായിരുന്ന പ്രതിയുടെ ഡിഎൻഎ. ഡമ്മി പരീക്ഷണവും അന്വേഷണ സംഘം നടത്തി. 2019 ഡിസംബർ 15 ന് രാവിലെ 9.45 നും വൈകിട്ട് 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചത് എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിമരണം എന്ന നിലയ്ക്കാണ് ്പെരുമ്പെട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐ ആയിരുന്ന ഷെരീഫ് കുമാറാണ് കേസ് അന്വേഷിച്ചത്. സംഭവദിവസം ടിജിനും അയാളുടെ അച്ഛനും രാവിലെ തന്നെ പുറത്തു പോയി.
യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഈ സമയത്താണ് പ്രതിയായ നസീറിന്റെ വരവ്. പിന്നെ നടന്നത് ക്രൂരമായ കൊലപാതകം. പ്രതികളായി സംശയിക്കപ്പെട്ട ടിജിന്റെയും പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ബന്ധുക്കളുടെയും ടിജിന്റെയും പരാതിയെ തുടർന്ന് കേസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പൊലീസ് മേധാവി ഉത്തരവായി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ക്രൈം ബ്രാഞ്ച് പൊലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയായി എന്നത് ഉറപ്പിക്കും വിധമുള്ള തെളിവുകൾ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അമ്പതിലധികം മുറിവുകൾ, ബലപ്രയോഗത്തിലൂടെ യുവതിയെ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ചിന്റെ സംഘം എത്തിച്ചേരാനിടയാക്കി.
മരണം സംഭവിക്കുന്നതിനു മുമ്പ് വീടിന് സമീപം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരിൽ അന്വേഷണം കേന്ദ്രീകരിച്ചു. അവരെ തുടർച്ചയായി ചോദ്യം ചെയ്തു. കൂടാതെ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൃതദേഹത്തിന്റെ നഖത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് ഫോറൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടർന്നു. നഖങ്ങളിൽ കണ്ടെത്തിയ ഡിഎൻഎയുമായി നസീറിന്റെ രക്തസാമ്പിളിലെ ഡി എൻ എ സാമ്യം ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. വനിതാ സെല്ലിലെ പൊലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തി വീട്ടിലെ കിടപ്പുമുറിയിൽ ഡമ്മി പരീക്ഷണം നടത്തിയതും സിബിഐ ഡയറിക്കുറിപ്പ് മാതൃകയിലായിരുന്നു.
മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് അന്വേഷണസംഘം താമസിച്ച് സംശയമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഓമന കൊലക്കേസ് പോലെ തന്നെ മറ്റൊരാൾ വന്ന് കൊന്നതിന് ശേഷം പഴി ഭർത്താവിനു വന്നതു പോലെ ഇവിടെ നസീർ കൊന്നിട്ട് പഴി ടിജിന് വരികയായിരുന്നു. ഓമനയുടെ സാരിയിലെ രക്തക്കറ യഥാർഥ പ്രതിയെ കണ്ടുപിടിച്ചെങ്കിൽ ഇവിടെ യുവതിയുടെ നഖത്തിലെ ഡിഎൻഎയാണ് പ്രതിയെ കുടുക്കിയത്. ഡമ്മി പരീക്ഷണവും വേഷം മാറി, നാട്ടിൽ ക്യാമ്പ് ചെയ്തുള്ള അന്വേഷണവും നടന്നു. സിബിഐ ഡയറിക്കുറിപ്പിൽ ഓ നെഗറ്റീവ് രക്തഗ്രൂപ്പുള്ള മൂന്നുപേരെയാണ് സംശയിച്ചത്. ഇവിടെ സംഭവ ദിവസം വീടിന് സമീപം കാണപ്പെട്ട മൂന്നു പേരെയും.
ഡിവൈഎസ്പിമാരായ ആർ. പ്രതാപൻ നായർ, വിജെ ജോഫി, എസ്ഐ മാരായ സുജാതൻ പിള്ള,അനിൽകുമാർ, ശ്യാംലാൽ, എഎസ്ഐ അൻസുദീൻ, എസ്സിപിഓമാരായ സന്തോഷ്, യൂസുഫ് കുട്ടി എന്നിവർ അടങ്ങിയതായിരുന്നു അന്വേഷണ സംഘം.
മുൻ എസ്പി കെജി സൈമൺ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, ഇപ്പോഴുള്ള എസ്പി ആർ. നിശാന്തിനി, അഡീഷണൽ എസ്പി രാജൻ എന്നിവരുടെ പ്രയത്നവും ഈ കേസിലുണ്ടായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്