തിരുവനന്തപുരം: കോവളം മുട്ടയ്ക്കാട് ചിറയിൽ പതിനാലുകാരിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കയെയും മകൻ ഷെഫീക്കിനെയും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ വൻ പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് സ്ഥലത്തെത്തിച്ച ഇരുവർക്കും നേരെ പ്രദേശവാസികളുടെ രോഷപ്രകടനമുണ്ടായി.

ഹെൽമെറ്റ് ധരിപ്പിച്ചാണ് ഇരുവരെയും തെളിവെടുപ്പിനെത്തിച്ചതും തെളിവെടുപ്പ് പൂർത്തിയാക്കിയതും. അയൽവാസിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതോടെയാണ് ഒരുവർഷം മുൻപ് നടത്തിയ കൊലപാതകം നടത്തിയതും റഫീക്കയും മകനും ചേർന്നാണെന്ന് തെളിഞ്ഞത്. കേസിൽ നേരത്തെ യഥാർത്ഥ പ്രതികളെ കണ്ടെത്താതിരുന്ന പൊലീസ് നിരപരാധികളായ ദമ്പതികളെ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.

2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് അയൽവാസിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. നേരത്തെ ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

കോവളം പതിനാലുകാരി കൊല്ലപ്പെട്ടത് ക്രൂരമർദ്ദനത്തിനൊടുവിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളായ റഫീഖാ ബീവി ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ റഫീക്കയുടെ മകൻ ഷഫീക്ക് എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്.

മുട്ടയ്ക്കാട് ചിറയിൽ ചരുവിളയിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ഗീതുവിന്റെ വീടിന് പുറകിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികൾ.തലയുടെ മദ്ധ്യഭാഗത്ത് മൂർച്ചയില്ലാത്ത വസ്തുകൊണ്ടുള്ള അടിയേറ്റിരുന്നു. ഇതിന് പുറമേ തലയുടെ പിൻഭാഗത്ത് ഇടിയേറ്റതിനെത്തുടർന്നുണ്ടായ ക്ഷതവുമാണ് ബാലികയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

13ഉം 16ഉം സെന്റിമീറ്റർ ആഴത്തിലുള്ള ആന്തരിക ക്ഷതങ്ങളാണ് ഉണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലയോട്ടിയിൽ ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തിന്റെ തുടർച്ചയായി നീര് വ്യാപിച്ച് അബോധാവസ്ഥയിലായി ബാലികയ്ക്ക് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ബാലികയെ നിരവധി തവണ പീഡിപ്പിച്ചതായും പ്രതിയായ ഷഫീക്ക് മൊഴി നൽകിയിട്ടുണ്ട്.ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിയെയും മകനെയും ചോദ്യം ചെയ്യുന്നതിനിടെയാണ് ബാലികയുടെ കൊലപാതക വിവരം പുറത്തറിയുന്നത്. വീട്ടമ്മയുടെ മരണത്തിൽ വാടക വീടിന്റെ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയാണ് ബാലികയുടെ കൊലപാതകത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

മകൻ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ തന്നോട് പറഞ്ഞിട്ടുള്ളതായി വീട്ടുടമ പറഞ്ഞു. ഇതേ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ മരണത്തെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്.

കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോൾ ഷെഫീക്ക് അയൽവാസിയായ പെൺകുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെൺകുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

രക്ഷിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് അയൽവാസിയായ ഷഫീക്ക് ഗീതുവിന്റെ വീട്ടിലെത്തിയിരുന്നു. താൻ ഫോൺ വിളിക്കുന്നത് ഗീതു എടുക്കുന്നില്ലെന്നാരോപിച്ച് ഇയാൾ ഗീതുവുമായി വഴക്കുണ്ടാക്കി. ബഹളം കേട്ട് റഫീക്കയും ഇവിടെയെത്തി. തുടർന്ന് വാക്കുതർക്കത്തിനിടെ പ്രകോപിതയായ റഫീക്ക ഗീതുവിന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിൽ ഇടിക്കുകയായിരുന്നു. ബോധരഹിതയായ കുട്ടിയെ ഷഫീക്ക് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചെന്നുമാണ് മൊഴി.

മാതാപിതാക്കളെ പ്രതി സ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി പെൺകുട്ടികളുടെ മാതാപിതാക്കളായ ആനന്ദനോടും ഗീതയോടും മോശമായി പെരുമാറി. ഒടുവിൽ നുണപരിശോധനക്ക് ഇരുവരും തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.