തിരുവനന്തപുരം: കോവളത്ത് കോളിയൂരിൽ സിപിഐ(എം) പ്രവർത്തകനായ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞു. കൊല ചെയ്തത് അയൽവാസികളായ ദമ്പതികളാണ്. ഇവരെ തമിഴ്‌നാട്ടിൽ നിന്നും പിടിയിലായി. കോളിയൂർ സ്വദേശി മേരി ദാസൻ(51) കൊല്ലപ്പെടുകയും ഭാര്യ ഷീജയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ദമ്പതികൾ അറസ്റ്റിലായിരിക്കുന്നത്. അനിൽകുമാർ എന്ന ബിനുവും ഇയാളുടെ ഭാര്യയുമാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും സിറ്റിപൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇവരെ കേരളത്തിൽ എത്തിച്ച ശേഷം ചോദ്യം ചെയ്യും. ഇവരുടെ കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മേരിദാസന്റെ അയൽവീട്ടിൽ ഒരുവർഷത്തോളം വാടകയ്ക്ക് താമസിച്ചിരുന്ന അനിൽകുമാറിന് തിരുനെൽവേലിയിൽ സ്വന്തമായി വീടുണ്ട്. പാറശാലയിലെ വീട്ടിൽ നിന്ന് രാത്രിയിൽ കൂട്ടാളിയുമെത്താണ് കോളിയൂരിലെത്തി ഇവർ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മേരിദാസിന്റെ അയൽപക്കത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. മേരിദാസിന്റെ വീടുമായി ഇവർക്ക് ചെറിയ അടുപ്പമുണ്ടായിരുന്നു. ഇതിനിടെ മേരിദാസിന്റെ വീട്ടിൽനിന്ന് ഒരു മൊബൈൽഫോൺ കളവുപോയി. ദിവസങ്ങൾക്കുശേഷം വാടകവീട്ടിൽ നിന്ന് മേരിദാസിന്റെ മക്കൾ ഫോൺ കണ്ടെത്തി.

വീട് വൃത്തിയാക്കുന്നതിനിടെയാണ് കുട്ടികൾക്ക് ഫോൺ ലഭിച്ചത്. ഇതിനിടെ വീട്ടിനുള്ളിൽ നിന്ന് സ്‌ക്രൂഡ്രൈവറുകളും വളഞ്ഞ കമ്പികളും മോഷണത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെത്തി. കുട്ടികൾ ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ സംഭവം രഹസ്യമായി പൊലീസിനെയും മറ്റും അറിയിക്കുകയും ചെയ്തിരുന്നു. അനിൽകുമാർ ഒപ്പം താമസിക്കുന്ന സ്ത്രീയെ നേരത്തെ കഴുത്തിൽ കയറിട്ടുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച വിവരങ്ങൾ കൊല്ലപ്പെട്ട മേരിദാസിനും കുടുംബത്തിനും അറിയാമായിരുന്നു.

ഇതെല്ലാം പുറത്തറിഞ്ഞ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മേരിദാസനും ഭാര്യയ്ക്കും നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ മേരിദാസ് കൊല്ലപ്പെടുകയും കഴുത്തറത്ത നിലയിൽ കാണപ്പെട്ട ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമാണ്.മേരി ദാസന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലും, ഭാര്യയുടെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്. അതിക്രൂരമായ കൊലപാതം കേരളത്തെ ഞെട്ടിച്ചിരുന്നു.