തിരുവനന്തപുരം: കോവളം കൊട്ടാരം രവി പിള്ളക്ക് കൈമാറാൻ തന്റെ ജീവനുള്ളിടത്തോളം സമ്മതിക്കില്ലന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായിയുടെ മുഖത്ത് നോക്കി എം വിൻസന്റ് പറഞ്ഞത് മുതൽ പിണറായിയുടെ കണ്ണിലെ കരടാണ് അദ്ദേഹം. മഹൽ ഹോട്ടലിൽ വിരുന്നൊരുക്കിയതിന് ശേഷം കൊട്ടാരം കൈമാറ്റക്കെസിൽ ഇനി നിയമയുദ്ധം സർക്കാർ നടത്തേണ്ടന്ന് തീരുമാനം ആയിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

കോവളം കൊട്ടാരം ഡീലിന് തടസ്സം നിന്നതാണ് വിൻസന്റ് എംഎൽഎയെ ജയിലിലടക്കാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതിനിടെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചും വിഷയം ചർച്ചയാക്കാൻ ഒരുങ്ങുകയാണ് വിൻസന്റ് പക്ഷത്തെ പ്രമുഖർ. കോവളം കൊട്ടാരം രവിപിള്ളയ്ക്ക് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം പുറത്തുവന്നതോടെ ജയിലിനുള്ളിൽ വിൻസന്റ് നിരാഹാരവും തുടങ്ങി.

ഇതോടെ വിൻസന്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കോവളം കൊട്ടാരം ഏറ്റെടുക്കലിനെതിരെയുള്ളതായകുന്നു. ഇതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും ഇതിനെതിരെ രംഗത്ത് വരേണ്ടി വരും. ഏതായാലും കോവളം കൊട്ടാരം വിഷയം കത്തിക്കാൻ തന്നെയാണ് ജയിലിനുള്ളിലുള്ള എംഎൽഎയുടെ തീരുമാനം. കോവളം കൊട്ടാരം പതിച്ചു നൽകാനായി തന്നെ ജയിലിലടയ്ക്കുകയായിരുന്നുവെന്നാണ് വിൻസന്റ് പറയുന്നത്. അതിനിടെ കൊട്ടാരം കൈമാറിയതിൽ പ്രതിഷേധവുമായി വി എസ് അച്യുതാനന്ദനും രംഗത്ത് വന്നു. ഇതോടെ കൊട്ടാര കൈമാറ്റത്തിൽ എതിർപ്പുയരുമെന്ന് വ്യക്തമായി. കോവളം കോട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സർക്കാർ തീരുമാനം നിർഭാഗ്യകരമെന്നു അച്യുതാനന്ദൻ പറഞ്ഞു ഇതിനെതിരെ സിവിൽ കേസ് ഫയൽ ചെയ്യണം. ഭാവിയിൽ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കൈയിൽ അകപ്പെട്ടേക്കാമെന്നും വി എസ്. പറഞ്ഞു.

കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാനാണ് സർക്കാർ തീരുമാനം. ഇന്നു നടന്ന മന്ത്രിസഭായോഗത്തിലാണ് കോവളം കൊട്ടാരം കൈമാറാൻ തീരുമാനിച്ചത്. കൊട്ടാരവും അനുബന്ധ 64.5 ഏക്കർ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം. ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടാണ് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ യോഗത്തിൽ ടൂറിസം വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിർത്തു. തുടർന്നാണ് ഉടമസ്ഥാവകാശം നിലനിർത്തി കൊട്ടാരം കൈമാറാൻ തീരുമാനമായത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം കൂടുതൽ വിവാദത്തിന് തിരികൊളുത്തുന്നത്.

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന നിർദ്ദേശം ടൂറിസം വകുപ്പ് ദീർഘകാലമായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചിരുന്നു. റവന്യു വകുപ്പിന്റെയും സിപിഐയുടെയും എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം നടക്കാതെപോയത്. കോവളം കൊട്ടാരം അടക്കമുള്ള ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയിരുന്നു. എന്നാൽ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ് സ്യൂട്ട് ഫയൽ ചെയ്യാനുള്ള അധികാരവും കൈവശാവകാശവും നിലനിർത്തിക്കൊണ്ടു വേണം ഭൂമി കൈമാറാൻ എന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു തർക്കം നീണ്ടുപോയത്.

ഇന്ത്യാ ടൂറിസം വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002-ൽ കേന്ദ്രസർക്കാർ വിൽപ്പനയ്ക്കുവെച്ചപ്പോൾ ഗൾഫാർ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കി. പിന്നീട് ലീലാ ഗ്രൂപ്പും തുടർന്ന് രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി. ഗ്രൂപ്പും സ്വന്തമാക്കി. 2004-ൽ സംസ്ഥാന സർക്കാർ പൈതൃക സ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാൻ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമ പരിരക്ഷ നൽകാൻ 2005-ൽ കോവളം കൊട്ടാരം ഏറ്റെടുക്കൽ നിയമവും കൊണ്ടുവന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. 64.5 ഏക്കർ ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്.

കേരള ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം ആർ.പി. ഗ്രൂപ്പിന് കൈമാറാൻ തീരുമാനിച്ചുവെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അധികാരപ്പെട്ട കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് കൈവശാവകാശം വിട്ടുകൊടുക്കാൻ തീരുമാനിച്ചതെന്നും പറയുന്നു. തിരുവിതാംകൂർ രാജ്യകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962-ലാണ് സർക്കാർ ഏറ്റെടുത്തത്. 1970-ൽ കൊട്ടാരവും ഭൂമിയും ഇന്ത്യാ ഗവൺമെന്റിന്റെ വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഐ.ടി.ഡി.സിയുടെ അശോക ബീച്ച് റിസോർട്ട് 2002 വരെ ഇവിടെ പ്രവർത്തിച്ചു.

എന്നാൽ സ്വകാര്യവൽകരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002-ൽ കേന്ദ്ര സർക്കാർ ലീല വെൻച്വർ ലിമിറ്റഡിന് വിറ്റു. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജ്യകുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് 2004-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉത്തരവിട്ടു. അതിനു മുമ്പ് ലീല ഗ്രൂപ്പ് ഈ വസ്തു എം.ഫാർ ഹോട്ടലിനു വിറ്റിരുന്നു. എം.ഫാർ ഗ്രൂപ്പിന്റെ ഹരജി പരിഗണിച്ച് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവുകൾ 2005-ൽ ഹൈക്കോടതി റദ്ദാക്കി. ഇതിനെ തുടർന്ന് കൊട്ടാരം ഏറ്റെടുക്കാൻ 2005 ആഗസ്റ്റിൽ സർക്കാർ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2011-ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹരജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതിയിൽ സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷൻ 2016-ൽ നിരസിക്കപ്പെട്ടു. എംഫാർ ഗ്രൂപ്പിൽനിന്നാണ് കൊട്ടാരവും അനുബന്ധ സ്ഥലവും ആർപി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഹൈക്കോടതിവിധി അനുസരിച്ച് വസ്തു കൈമാറാത്തതിനെതിരെ ആർപി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നിയമവകുപ്പിന്റെ ഉപദേശം തേടുകയുണ്ടായി. സൂപ്രീകോടതി സ്‌പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ വീണ്ടും അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമ വകുപ്പും അഡ്വക്കേറ്റ് ജനറലും അഭിപ്രായപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പിന്നീട് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അവകാശം നിലനിർത്തികൊണ്ട് കൊട്ടാരവും അനുബന്ധ ഭൂമിയും ആർപി ഗ്രൂപ്പിന് കൈമാറാൻ തീരുമാനിച്ചതെന്ന് സർക്കാർ പറയുന്നു.