ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർലമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രിയുടേയും ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രമുഖ ബിജെപി നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

ലോക്സഭാ സെക്രട്ടറി അനൂപ് മിശ്ര മുൻപാകെ നാല് സെറ്റ് നാമനിർദ്ദേശ പത്രികയാണ് കോവിന്ദ് സമർപ്പിച്ചത്. നാമനിർദ്ദേശ പത്രികകളിൽ എൻഡിഎ നേതാക്കൾ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തരമന്ത്രി രാജ്നാഥ്സിങും ആദ്യസെറ്റ് പത്രികയിൽ ഒപ്പുവച്ചു. ഒരോ നാമനിർദ്ദേശ പത്രികയിലും 50 ഇലക്ടറൽ കോളേജ് അംഗങ്ങൾ കോവിന്ദിന്റെ പേര് നിർദ്ദേശിക്കുകയും 50 പേർ പിന്താങ്ങുകയും ചെയ്തിട്ടുണ്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി, അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ.അധ്വാനി, മുരളീ മനോഹർ ജോഷി എന്നിവരെ കൂടാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി, ഒഡീഷ മുഖ്യമന്ത്രി ബിജു പട്നായിക് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഗഡ്കരി തുടങ്ങിയ എൻഡിഎ നേതാക്കൾ കോവിന്ദിനൊപ്പം പാർലമെന്റ ഹൗസിലെത്തി.