തിരുവനന്തപുരം: കൊല്ലം മുതൽ ചവറെ വരെയുള്ള പാർട്ടിയായിരുന്നു ആർഎസ്‌പി എന്നായിരുന്നു വിമർശനങ്ങൾ. ഈ ആർ എസ് പിയിൽ നിന്ന് ഭിന്നിച്ചാണ് കോവൂർ കുഞ്ഞുമോൻ ആർ എസ് പി(എൽ) രൂപീകരിച്ചത്. അത് കുന്നത്തൂർ നിയോജകമണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നതുമാണ്. എൻകെ പ്രേമചന്ദ്രനും കൂട്ടരും വലതുപക്ഷത്തേക്ക് പോയതിന്റെ പരിഭവവുമായെത്തിയ കുഞ്ഞുമോനെ സിപിഐ(എം) കുന്നത്തുരിൽ മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു. എന്നാൽ കുന്നത്തൂരിൽ മാത്രം ഒതുങ്ങാൻ കുഞ്ഞുമോൻ തയ്യാറല്ല.

കോവൂർ കുഞ്ഞുമോന്റെ പാർട്ടിയായ ആർ.എസ്‌പി(എൽ) ന് ലോക മലയാളികൾക്കിടയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഗ്ലോബൽ കമ്മിറ്റി രൂപീകരിക്കുകയാണ്. കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ അദ്ധ്യക്ഷനായ യോഗത്തിൽ കമ്മിറ്റിയുടെ പ്രസിഡന്റായി ബിജു പാറപ്പുറം(യു.എ.ഇ)സെക്രട്ടറിയായി സജു തങ്കച്ചൻ(ഖത്തർ)നെയും 25 പേരടങ്ങുന്ന കമ്മിറ്റിയെയും തീരുമാനിച്ചു. സൗദി അറേബ്യയിലേക്കുള്ള മന്ത്രി കെ.ടി ജലീലിന്റെ യാത്രാനുമതി കേന്ദ്രം നിഷേധിച്ചതിൽ യോഗം പ്രതിഷേധിച്ചു. തിരക്കേറിയ സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്ങനെ പ്രവാസികളുടെ പാർട്ടിയായി കുഞ്ഞുമോന്റെ പ്രസ്ഥാനം വളരുകയാണ്.

കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആർഎസ്‌പി എൽ പിറവിയെടുത്ത് ആറുമാസത്തിനിടെ പിളർന്നെന്ന വാർത്തകൾ തള്ളിയാണ് ഗ്ലോബൽ കമ്മറ്റിയെ ഇടപെടലിനായി നിയോഗിക്കുന്നത്. തോടെ അണികൾ ആശയക്കുഴപ്പത്തിലായി. ജില്ലാ സെക്രട്ടറിയെ പുറത്താക്കിയതായി കാണിച്ച് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരൻനായരുടെ പ്രസ്താവനയെ തള്ളി കോവൂർ കുഞ്ഞുമോൻ രംഗത്ത് വന്നതോടെയാണ് പിളർപ്പ് പുറത്തായത്. തെരഞ്ഞെടുപ്പ് ലാഭത്തിനായി ആർഎസ്‌പിയെ പിളർത്തിയെങ്കിലും കുഞ്ഞുമോന്റെ പാർട്ടിയെയും ഇല്ലാതാക്കി കോവൂർ കുഞ്ഞുമോനെ സിപിഎമ്മിൽ എത്തിക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നും പ്രവർത്തകർ സംശയിക്കുന്നു.

മാതൃസംഘടനയിൽ നിന്നും രാജിവച്ച് കുഞ്ഞുമോനോടൊപ്പം എത്തിയ കുന്നത്തൂരിലെ പ്രവർത്തകർ ഇതോടെ ആശങ്കയിലായി. കുഞ്ഞുമോൻ സിപിഎമ്മിലെക്ക് പോയാൽ തങ്ങൾ ഒപ്പമുണ്ടാകില്ലെന്ന് പ്രവർത്തകർ അറിയിച്ചതായാണ് സൂചന. അതിനിടെയാണ് ഗ്ലോബൽ കമ്മറ്റിയുടെ രൂപീകരണം. ഇതിലൂടെ താൻ സിപിഎമ്മിലേക്ക് പോകില്ലെന്ന സന്ദേശം നൽകി ഗ്ലോബൽ കമ്മറ്റിയുമായി കുഞ്ഞുമോൻ എത്തുന്നത്.

സംവരണ മണ്ഡലമായ കുന്നത്തൂരിൽ ഇത്തവണ നടന്നത് അഭിമാനപ്പോരാട്ടമായിരുന്നു. എന്നാൽ കോവൂർ കുഞ്ഞുമോൻ ആർഎസ്‌പി വിടുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തതോടെ കുന്നത്തൂരിന്റെ രാഷ്ട്രീയം വീണ്ടും ചർച്ചയായി. ആർഎസ്‌പി ബന്ധം ഉപേക്ഷിച്ച് ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടിയുണ്ടാക്കിയാണ് നാലാം തവണ കോവൂർ കുഞ്ഞുമോൻ മത്സരത്തിനിറങ്ങിയത്. ഇത്തവണയും ജയിച്ചു.