പത്തനംതിട്ട: കോവുർ കുഞ്ഞുമോന്റെ ആർഎസ്‌പി (ലെനിനിസ്റ്റ്)യും പ്രഫ എവി താമരാക്ഷന്റെ ആർഎസ്‌പി (ബോൾഷെവിക്)യും മാർച്ച് 19 ന് ഒന്നിക്കും. കൊല്ലത്തു നടക്കുന്ന ലയനസമ്മേളനത്തോടെ ഔദ്യോഗികപക്ഷത്തു നിന്ന് നേതാക്കളുടെ കുത്തൊഴുക്കു തന്നെ ആർഎസ്‌പി-ബിയിലേക്ക് ഉണ്ടാകും. ഇതിനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

ആർഎസ്‌പി, യുഡിഎഫിന്റെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയും പിന്നീട് പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയുമായിരുന്നു കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അസീസ്, പ്രേമചന്ദ്രൻ എന്നിവർ അടക്കമുള്ളവർ ഉൾപ്പെട്ട ആർഎസ്‌പി യുഡിഎഫ് പക്ഷത്തുണ്ടായിരുന്ന ആർഎസ്‌പി (ബേബി ജോൺ)യിൽ ലയിക്കുകയായിരുന്നു.

സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തിലും കൊല്ലം ലോക്‌സഭാ സീറ്റ് എറ്റെടുക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് അന്ന് അസീസും സംഘവും പാർട്ടി വിട്ടത്. എന്നാൽ തുടക്കം മുതൽ ഇടതുപക്ഷത്ത് മാത്രമായി നിലയുറപ്പിച്ചിരുന്ന കോവൂർ കുഞ്ഞുമോനെപ്പോലെയുള്ളവർക്ക് ഈ നടപടി ദഹിച്ചില്ല. കുഞ്ഞുമോൻ യുഡിഎഫിലേക്ക് പോയെങ്കിലും ഏറെ നാൾ അവിടെ നിന്നില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അതിന് ശേഷം കുഞ്ഞുമോന്റെ നേതൃത്വത്തിൽ അസംതൃപ്തർ ചേർന്ന് ആർഎസ്‌പി (ലെനിനിസ്റ്റ്) എന്ന പുതിയ പാർട്ടിയും രൂപീകരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കുഞ്ഞുമോൻ വീണ്ടും കുന്നത്തൂരിൽ മത്സരിച്ചു വിജയിച്ചു. അതിന് ശേഷം ആർഎസ്‌പി (എൽ) രജിസ്‌ട്രേഷന് ശ്രമിച്ചപ്പോൾ പ്രശ്‌നങ്ങൾ ഉടലെടുത്തു. അമ്പലത്തറ ശ്രീധരൻ നായർ സെക്രട്ടറിയും കോവൂർ കുഞ്ഞുമോൻ ആക്ടിങ് സെക്രട്ടറിയുമായിട്ടാണ് രജിസ്‌ട്രേഷന് അപേക്ഷിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ചുമതലപ്പെടുത്തിയിരുന്നത് അഡ്വ. ബലദേവിനെയും. രജിസ്‌ട്രേഷന് സമർപ്പിച്ചിരുന്ന അപേക്ഷയിൽ അഡ്വ. ബലദേവ് സെക്രട്ടറി, കോവൂർ കുഞ്ഞുമോൻ അസി. സെക്രട്ടറി എന്നിങ്ങനെയായിരുന്നു കാണിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ അമ്പലത്തറ വിഭാഗം യോഗത്തിന്റെ മിനുട്‌സും തീരുമാനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു കൊടുത്തു. ഇതോടെ രജിസ്‌ട്രേഷൻ സാധ്യമാകാതെ വന്നു.

ഇതു കൂടാതെ പാർട്ടിയെ നയിക്കലും എംഎൽഎ സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകാനും കുഞ്ഞുമോൻ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് താമരാക്ഷൻ നേതൃത്വം നൽകുന്ന ആർഎസ്‌പി(ബി)യിൽ ലയിക്കാനുള്ള നീക്കം ഉടലെടുത്തത്. നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ല ആർഎസ്‌പി(ബി). 99 ലാണ് ആർഎസ്‌പി (ബി) രൂപീകൃതമായത്. ബേബി ജോൺ അബോധാവസ്ഥയിൽ കിടക്കുമ്പോഴായിരുന്നു രൂപീകരണം. ആർഎസ്‌പി (ബേബി ജോൺ) എന്നായിരുന്നു ആദ്യം നൽകിയ പേര്. ജീവിച്ചിരിക്കുന്ന നേതാവിന്റെ പേരിൽ പാർട്ടി വേണ്ട എന്നു പറഞ്ഞാണ് ബോൾഷെവിക് എന്നു മാറ്റിയത്. ഷിബു ബേബി ജോൺ ആദ്യം അംഗത്വം എടുത്ത പാർട്ടിയാണ് ഇത്. പിന്നീട് ഇവരിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഷിബു ആർഎസ്‌പി (ബേബി ജോൺ) രൂപീകരിച്ചതും മന്ത്രിയായതുമൊക്കെ ചരിത്രം. ആർഎസ്‌പി(ബോൾഷെവിക്)യുടെ ആദ്യ മന്ത്രിയായിരുന്ന ബാബു ദിവാകരൻ ഇപ്പോൾ ബിജെപി പാളയത്തിലാണ്.

കോവൂർ കുഞ്ഞുമോൻ താമരാക്ഷനുമായി യോജിക്കുന്നതോടെ ഒപ്പം ചേരാൻ നിരവധി നേതാക്കൾ മുന്നോട്ടു വന്നിട്ടുണ്ട്. അസീസും പ്രേമചന്ദ്രനും യുഡിഎഫ് പക്ഷത്തേക്ക് വന്നപ്പോൾ മുതൽ അവഗണന സഹിച്ച് കഴിയുന്നവരാണ് ഇവർ. പ്രേമചന്ദ്രനെയും അസീസിനെയുമൊഴികെ ആരെയും സ്വീകരിക്കാമെന്നതാണ് കുഞ്ഞുമോന്റെയും താമരാക്ഷന്റെയും നിലപാട്. പ്രേമചന്ദ്രൻ വരുന്നതിനെ സിപിഐ(എം) എതിക്കുമെന്നതു കൊണ്ടു തന്നെയാണ് ഇത്.