- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൻ സ്‌കോഡ സ്വന്തമാക്കിയ ശേഷം കൂട്ടുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന്; ആഘോഷത്തിനിടെ കൂട്ടുകാരായ യുവതികൾക്കൊപ്പം ആദർശ് വണ്ടിയോടിച്ചത് മരണത്തിലേക്ക്; മത്സരയോട്ടത്തിന്റെ പേരിൽ ഡിവൈഎഫ്‌ഐ മുമ്പ് അടിച്ചുതകർത്ത കോഫി കഫേ ഡെയ്ക്കു മുന്നിലുണ്ടായത് കാർ റെയ്സ് അല്ലെന്ന മട്ടിൽ പൊലീസ്; അതീവ സുരക്ഷാ മേഖലയായ രാജ്ഭവൻ റോഡിൽ ക്യാമറകളില്ലെന്ന് പൊലീസ് കണ്ണടയ്ക്കുമ്പോൾ ബെൻസിൽ ചീറിപ്പാഞ്ഞത് ആരെന്ന ചോദ്യം ബാക്കി
തിരുവനന്തപുരം: തലസ്ഥാനത്ത് കവടിയാറിലൂടെയുള്ള രാജവീഥിയിൽ കാറുകളുടെയും ബൈക്കുകളുടേയും മത്സരയോട്ടം പുതുമയുള്ള സംഭവമല്ല. തലസ്ഥാനത്തെ വമ്പന്മാരായ വ്യവസായികളുടേയും രാഷ്ട്രീയ സ്വാധീനമുള്ളവരുടേയും മക്കളാണ് പലപ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കുന്നത് എന്നതിനാൽ തന്നെ പൊലീസും എല്ലായ്‌പ്പോഴും കണ്ണടയ്ക്കുകയാണ് ഇത്തരം മത്സരയോട്ടങ്ങൾക്ക് നേരെ. നഗരത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയിലാണ് വെള്ളയമ്പലം മുതൽ കവടിയാർ വരെ നീളുന്ന രാജ് ഭവൻ റോഡ്. ഇപ്പോൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പി ആദർശ് ഓടിച്ച ആഡംബരകാറാണ് അപകടത്തിൽപട്ടത്. കൊച്ചിയിൽ രജിസ്‌ട്രേഷൻ കഴിഞ്ഞ് കഴിഞ്ഞദിവസം പുറത്തിറക്കിയ സ്‌കോഡ കാർ അപകടത്തിൽപെട്ട് ആദർശ് മരിക്കുകയും കാറിലുണ്ടായിരുന്ന മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടക്കുന്നതിനിടെ ആണ് ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. അപകടം ഉണ്ടായ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആദ്യം ഓടിയെ
തിരുവനന്തപുരം: തലസ്ഥാനത്ത് കവടിയാറിലൂടെയുള്ള രാജവീഥിയിൽ കാറുകളുടെയും ബൈക്കുകളുടേയും മത്സരയോട്ടം പുതുമയുള്ള സംഭവമല്ല. തലസ്ഥാനത്തെ വമ്പന്മാരായ വ്യവസായികളുടേയും രാഷ്ട്രീയ സ്വാധീനമുള്ളവരുടേയും മക്കളാണ് പലപ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കുന്നത് എന്നതിനാൽ തന്നെ പൊലീസും എല്ലായ്‌പ്പോഴും കണ്ണടയ്ക്കുകയാണ് ഇത്തരം മത്സരയോട്ടങ്ങൾക്ക് നേരെ. നഗരത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയിലാണ് വെള്ളയമ്പലം മുതൽ കവടിയാർ വരെ നീളുന്ന രാജ് ഭവൻ റോഡ്.
ഇപ്പോൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പി ആദർശ് ഓടിച്ച ആഡംബരകാറാണ് അപകടത്തിൽപട്ടത്. കൊച്ചിയിൽ രജിസ്‌ട്രേഷൻ കഴിഞ്ഞ് കഴിഞ്ഞദിവസം പുറത്തിറക്കിയ സ്‌കോഡ കാർ അപകടത്തിൽപെട്ട് ആദർശ് മരിക്കുകയും കാറിലുണ്ടായിരുന്ന മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടക്കുന്നതിനിടെ ആണ് ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. അപകടം ഉണ്ടായ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആദ്യം ഓടിയെത്തിയത് മുൻ ആഭ്യന്തരമന്ത്രി കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണ്.
ബിനീഷ് എത്തിയതിന് ശേഷം അപകടത്തിന്റെ ചിത്രം എടുക്കുന്നതു പോലും പൊലീസ് വിലക്കി എന്നതുതന്നെ സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. മത്സരയോട്ടത്തിൽ പങ്കെടുത്ത ബെൻസ് കാർ ആരുടേതെന്ന് കണ്ടെത്താനും പൊലീസ് ശ്രമമൊന്നും നടത്തിയിട്ടില്ല. മറ്റ് ഏതോ ഉന്നതന്റെയാകാം കാറെന്ന അഭ്യൂഹം ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന രാജ്ഭവൻ മേഖലയിൽ റോഡിലെ സുരക്ഷാ ക്യാമറകളിൽ നിന്ന് വിവരമൊന്നും ലഭിച്ചില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
എന്നാൽ വെള്ളയമ്പലം-കവടിയാർ ജംഗ്ഷന് ഇടയിൽ ഉള്ള റോഡിൽ നിരവധി ക്യാമറകളാണ് ജംഗ്ഷനുകളിൽ ഉൾപ്പെടെ പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരേസമയം പ്രവർത്തന രഹിതമായി എന്നുപറയുന്നതും അവിശ്വസനീയമാണ്. ഇതോടെ പൊലീസ് ആരെയോ രക്ഷിക്കാനായി ഇടപെടുന്നുവെന്ന ആക്ഷേപവും ഉയരുന്നു.
രാത്രി പതിനൊന്നുമണിയോടെ പലരും കണ്ടുനിൽക്കെ അപകടം
രാത്രി പതിനൊന്നുമണിക്കു ശേഷമാണ് വെള്ളയമ്പലം-കവടിയാർ റോഡിൽ മന്മോഹൻ ബംഗ്‌ളാവിന് സമീപം അപകടം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് കാറിനകത്ത് കുടുങ്ങിപ്പോയി. കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ കാറിന് പുറത്തെടുത്തത്. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നും മത്സരയോട്ടമല്ല കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച ശേഷം രണ്ട് പോസ്റ്റുകളും തകർത്താണ് കാർ മേൽകീഴായി മറിഞ്ഞത്. തൊട്ടടുത്താണ് കഫേ കോഫി ഡെ എന്ന തലസ്ഥാനത്തെ പ്രശസ്ത സ്ഥാപനം. ഇവിടെ പ്രമുഖരുൾപ്പെടെ നിരവധിപേർ രാത്രി എത്താറുമുണ്ട്. സ്ഥാപനത്തിന് പുറത്തും പലരും ഈ അപകടം ഉണ്ടായ സമയത്ത്് നിന്നിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചില്ലായിരുന്നു എങ്കിൽ ഇവരുടെ നേരെ കാർ പാഞ്ഞുകയറിയേനെയെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
ആദർശിന്റെ സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ്പ (23), ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രമുഖ വ്യവസായികളുടെ മക്കളാണ് കാറിലുണ്ടായിരുന്ന നാലുപേരും. വിവരമറിഞ്ഞ് ബിനീഷ് കോടിയേരി രക്ഷാപ്രവർത്തനത്തിന് എത്തി. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ട്. മൂന്ന് യുവതികളെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതും ബിനീഷന്റെ നേതൃത്വത്തിലായിരുന്നു.
അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്‌കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്. ന്യൂ തിയേറ്റർ ഉടമയായ മുരുകൻ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ വിളിച്ചത് ബിനീഷിനെയായിരുന്നു. അങ്ങനെയാണ് ബിനീഷ് ഓടിയെത്തിയത്. അതിന് മുമ്പ് സംഭവത്തിന്റെ ഫോട്ടോകൾ വ്യാപകമായി എടുക്കാൻ പൊലീസ് ഏവരേയും അനുവദിച്ചു. എന്നാൽ ബിനീഷ് എത്തിയ ശേഷം എല്ലാത്തിനും നിയന്ത്രണം വന്നു. അതിവേഗം അപകടത്തിൽപ്പെട്ട കാർ പോലും മാറ്റി.
ഇതോടെയാണ് മത്സരയോട്ടമാണ് അപകട കാരണമെന്നത് മറയ്ക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നത്. അപകടമുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള അത്യാധുനിക സംവിധാനമുള്ള കാറിലായിരുന്നു ആദർശിന്റെ യാത്ര. പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന.
അതാണ് ആദർശിന്റെ പരിക്ക് ഗുരുതരമാക്കിയത്. കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. പിന്നിലിരുന്ന പെൺകുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. ഗ്‌ളാസും മറ്റും തകർത്താണ് മറ്റുള്ളവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
മത്സരയോട്ടവും അപകടങ്ങളും തുടർക്കഥയായ രാജവീഥി
വർഷങ്ങളായി നഗരത്തിലെ വൻതോക്കുകളുടെ മക്കൾ ബൈക്കുകളിലും കാറുകളിലും മത്സരയോട്ടം നടത്തുന്ന റോഡാണ് രാജ്ഭവൻ റോഡ്. മുമ്പ് നിരവധി തവണ ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ തവണ അപകടം ഉണ്ടാവുമ്പോഴും അതിനെതിരെ പൊലീസ് കാര്യമായി നടപടിയെടുക്കാതെ കേസ് ഒതുക്കിത്തീർക്കാറാണ് പതിവ്. ആദർശ് സുഹൃത്തുക്കൾക്ക് തൈക്കാടുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന് നൽകിയിരുന്നു.
ഇതിന് ശേഷം കൂട്ടുകാരായ യുവതികളെ താമസസ്ഥലത്ത് എത്തിക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാറിൽ ഒരു മത്സരയോട്ടമാണോ നടന്നതെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുമില്ല. അമിതവേഗത്തിൽ അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും മികച്ചതും പോഷ് ഏരിയയെന്ന് പറയാവുന്നതുമായ കവഡിയാറിൽ മത്സരയോട്ടം തുടർക്കഥയാണ്. വർഷങ്ങളായി മത്സരയോട്ടക്കാരുടെ ഇഷ്ടപാതയാണ് ഇത്. നിയമംലംഘിച്ച് നടത്തുന്ന ഇത്തരം മത്സരങ്ങൾക്ക് പൊലീസ് കുടപിടിക്കാറുമുണ്ട്. സിസിടിവി ക്യാമറകൾ ഇല്ലെന്നും പലതും പ്രവർത്തിക്കുന്നില്ലെന്നും പറയുന്ന പൊലീസ് ഓരോ അപകടം ഉണ്ടാകുമ്പോഴും ഇതിന് നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. റോഡിൽ ഇടയ്ക്കിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് സ്പീഡ് നിയന്ത്രിക്കാൻ സംവിധാനമൊരുക്കും എന്നാണ് ഇന്നലെയുണ്ടായ അപകടത്തിന് ശേഷം പൊലീസ് വിശദീകരിക്കുന്നത്.
ഈ റോഡിൽ മത്സരയോട്ടം തുടർക്കഥയായപ്പോൾ ഏഴുവർഷം മുമ്പ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ തന്നെ ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്നിരുന്നു. കഫേ കോഫി ഡെ കേന്ദ്രീകരിച്ചാണ് മത്സരയോട്ടം നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. സമ്പന്നന്മാരാണ് ഇവിടെയെത്തുന്ന ഉപഭോക്താക്കൾ ഏറെയും എന്നതിനാൽ തന്നെ ഇക്കാര്യം വലിയ ചർച്ചയുമായി. അന്ന് സ്ഥാപനം ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു. പിന്നീട് കുറച്ചുനാൾ മത്സരയോട്ടം നിന്നു.
എന്നാൽ പിന്നീട് പലപ്പോഴും ആഡംബര കാറുകളുടേയും ബൈക്കുകളുടേയും മത്സരത്തിന് നിരവധി തവണ ഈ റോഡ് സാക്ഷ്യംവഹിച്ചു. ഇതെല്ലാം മുകളിൽ നിന്ന് നിർദ്ദേശം ഉള്ളതിനാൽ തന്നെ പൊലീസ് കണ്ടുനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇപ്പോഴും അപകടം ഉണ്ടായത് കോഫി കഫേഡെ എന്ന സ്ഥാപനത്തിന് മുന്നിലാണ്. മത്സരയോട്ടമാണെന്ന ആരോപണം ഉയരുമ്പോഴും ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് വെറും അമിത വേഗംമൂലം ഉണ്ടായ അപകടം മാത്രമാണെന്ന വാദമാണ് പൊലീസ് ഉയർത്തുന്നത്. ഇതും ചർച്ചയായിട്ടുണ്ട്.