- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കള്ളക്കടത്തുകാർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തിയത് കുന്ദമംഗലത്ത്; അഷ്റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകൾ; അഷ്റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നെന്ന് സൂചന; തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സംഘം
കോഴിക്കോട്: സ്വർണ്ണക്കടത്തു സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ യുവാവിനെ കുന്ദമംഗലത്തു നിന്നും കണ്ടെത്തി. പ്രവാസിയായ അഷ്റഫിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്, ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇയാളെ മാവൂരിലെ തടി മില്ലിലാണ് പാർപ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമായി.
പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം ഇയാളെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അഷ്റഫ് ഉള്ളത്. ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്.
കോഴിക്കോട് റൂറൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകൽ.
അതിരാവിലെയായതിനാൽ അയൽക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്റെ വീട്ടിൽ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്റഫിനെതിരെ കൊച്ചി വഴി സ്വർണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദിൽ നിന്ന് മെയ് അവസാനമാണ് ഇയാൾ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാൾ സ്വർണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വർണം തന്റെ പക്കൽ നിന്നും ക്വട്ടേഷൻ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവർത്തിച്ചിരുന്നത്. കോഴിക്കോട് റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.
തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണിത്. രാമനാട്ടുകര സംഭവത്തിന് ശേഷവും കോഴിക്കോട് മേഖലയിൽ സ്വർണ്ണക്കടത്ത് സംഘം സജ്ജീവമാണെന്ന സൂചനയാണ് കൊയിലാണ്ടിയിലെ തട്ടിക്കൊണ്ടുപോകൽ വ്യക്തമാക്കുന്നത്.
മെയ് 26-നാണ് അഷ്റഫ് സൗദിയിൽനിന്ന് നാട്ടിലെത്തിയത്. റിയാദിൽ ഡ്രൈവറാണ്. 10 വർഷത്തിലേറെയായി ഇയാൾ ഗൾഫിലാണ്. സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ശത്രുതയും മത്സരവുമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏതാനുംപേരെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. റൂറൽ എസ്പി. ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ വടകര ഡിവൈ.എസ്പി. കെ.കെ. അബ്ദുൾ ഷെരീഫ്, കൊയിലാണ്ടി എസ്.എച്ച്.ഒ. എൻ. സുനിൽകുമാർ, എസ്ഐ. ബാബു, എഎസ്ഐ. പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ