- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പരിശോധനാ ഫലം വരും മുമ്പ് മൃതദേഹം സംസ്കരിച്ചു; ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം ജില്ലാ ഭരണകൂടത്തേയോ ഡിഎംഓയേയോ അറിയിച്ചില്ല; കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ടിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച; മന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ സൂപ്രണ്ടിനെ രക്ഷിക്കാൻ ഡിഎംഒയുടെ ശ്രമം: വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിച്ചപ്പോൾ ഡിഎംഒയും സൂപ്രണ്ടും പ്രതിക്കൂട്ടിൽ
പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ടിനെ രക്ഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസ് ശ്രമിച്ചുവെന്ന് ആരോപണവുമായി വിവരാവകാശ പ്രവർത്തകൻ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയെയും ജില്ലാ കലക്ടറെയും ഡിഎംഓയും സംഘവും തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ഉയർത്തുന്നത്.
ജൂലൈ എട്ടിന് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് പരിശോധനാ ഫലം കൂടാതെ വിട്ടു നൽകുകയും അത് 11 ന് സംസ്കരിക്കുകയുമായിരുന്നു. പിന്നാലെ കോവിഡ് പോസിറ്റീവെന്ന് ഫലം വന്നു. ആ വിവരം യഥാസമയം ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിക്കാതെ ഇരിക്കുകയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ചെയ്തത്.
നാറാണംമൂഴി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ മറിയാമ്മ ചാക്കോ (80)യ്ക്കാണ് മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ എട്ടിന് ഇവരുടെ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയും സ്രവം കോവിഡ് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഫലം വരുന്നതിനു മുൻപ് 11 ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് മൃതദേഹം സംസ്കരിച്ചത് എന്നറിഞ്ഞിട്ടും അഞ്ചു ദിവസത്തോളം അക്കാര്യം ഡിഎംഓയെയോ ജില്ലാ കലക്ടറെയോ ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ല.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വീണാ ജോർജ് എംഎൽഎ 17 ന് ജില്ലാ കലക്ടർക്ക് പരാതി നൽകി. കലക്ടർ ഡിഎംഓയോടു വിശദീകരണം തേടി. സംഭവം സത്യമാണെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് രേഖാമൂലം സമ്മതിച്ചിട്ടുണ്ടെന്നും മാപ്പാക്കണമെന്ന് അപേക്ഷിച്ചുവെന്നും ഡിഎംഓ മറുപടി നൽകി. ഇനി ആവർത്തിക്കരുതെന്നു താക്കീതു നൽകിയിട്ടുണ്ടെന്നും അറിയിച്ചു. തുടർന്നു നാറാണംമൂഴിയിൽ 73 പേരെ ആന്റിജൻ പരിശോധന നടത്തിയിരുന്നു.
എല്ലാവരും നെഗറ്റീവ് ആയതായും ആശുപത്രി സൂപ്രണ്ടിനെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്നും കാണിച്ചു ഡിഎംഒ. കലക്ടർക്ക് മറുപടി നൽകി. കലക്ടർ ഇത് അംഗീകരിച്ചില്ല. ഈ വിവരം ഡിഎംഒ, ആരോഗ്യമന്ത്രിയെ പോലും അറിയിക്കാതെയും സൂപ്രണ്ടിനെതിരെ നടപടി എടുക്കാതെയും ഒതുക്കുകയായിരുന്നുവെന്ന് റഷീദിന് ലഭിച്ച വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.
ഈ വിവരം ഇതുവരെ ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്ന് റഷീദ് ആനപ്പാറയുടെ ചോദ്യത്തിനു മറുപടി ലഭിച്ചു. മരിച്ചയാളുടെ പേരും മേൽവിലാസവും ഡിഎംഓഫീസിലും കലക്ടറേറ്റിലും നിന്ന് നൽകിയിട്ടും ജില്ലാ ആശുപത്രിയിൽ നിന്നും നൽകാൻ വിവരാവകാശ ഉദ്യോഗസ്ഥൻ തയാറായില്ല. മരണമടഞ്ഞവരുടേത് വ്യക്തി വിവരങ്ങളാണെന്നു പറഞ്ഞാണ് വിവരാവകാശ ഉദ്യോഗസ്ഥൻ അപേക്ഷ നിരസിച്ചത്.
ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ സമ്മർദത്തെ തുടർന്നാണ് തന്റെ അപേക്ഷ അകാരണമായി നിരസിച്ചതെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചിട്ടും ആ വിവരം ദിവസങ്ങളോളം മറച്ചു വച്ച സൂപ്രണ്ട് രോഗം പടർത്താനാണ് ശ്രമിച്ചതെന്നും അവർക്കും സഹായികൾക്കുമെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്