പത്തനംതിട്ട: അടൂർ കടമ്പനാട്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒതുക്കാൻ ചൈൽഡ് വെൽഫയർ കമ്മറ്റി ഇടപെട്ടെന്ന് സംശയം. ദുരൂഹതയുടെ കൂത്തരങ്ങായ കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് പീഡനക്കേസിലെ ഇരകളെ അയച്ച നടപടിയാണ് വിവാദമായിരിക്കുന്നത്.

ഇതിലൊരു പെൺകുട്ടി കൈയിലെ ഞരമ്പു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ മഹിളാമന്ദിരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെ എണ്ണം ആറാകുന്നു. പുറത്തുവരാത്ത ആത്മഹത്യാശ്രമത്തിന്റെ കണക്ക് ഇതിലേറെ വരും. പീഡനത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സർക്കാരിന്റെ നിർഭയ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് ചട്ടം. കോടതി ഉത്തരവിടുന്നത് ഇത്തരക്കാരെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ്. അത് മഹിളാമന്ദിരം ആയിരിക്കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

നിലവിൽ കൊല്ലം, പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മറ്റികൾക്കാണ് ഇവരുടെ സുരക്ഷാ ചുമതല. നിർഭയ കേന്ദ്രങ്ങൾ ഇരുജില്ലകളിലും ഇല്ലാത്ത സ്ഥിതിക്ക് സമീപ ജില്ലയായ തിരുവനന്തപുരത്തേക്കോ ഇടുക്കിയിലേക്കോ ആണ് ഇവരെ മാറ്റേണ്ടിയിരുന്നത്. മഹിളാമന്ദിരങ്ങൾ അനാഥരും നിരാലംബരുമായ സ്ത്രീകളെ പാർപ്പിക്കാനുള്ളതാണ്. പീഡനത്തിന് ഇരയായ കുട്ടികളെ അതീവസുരക്ഷയോടെ വേണം പാർപ്പിക്കാൻ. മാത്രവുമല്ല ഇവർക്ക് തുടർച്ചയായി കൗൺസിലിങ്ങും ആവശ്യമെങ്കിൽ മരുന്നും നൽകേണ്ടതുണ്ട്.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മറ്റികൾ തമ്മിൽ ശീതസമരത്തിലാണ്. ഒടുവിൽ പത്തനംതിട്ടയിലെ കമ്മറ്റിക്ക് പെൺകുട്ടികളുടെ സംരക്ഷണ ചുമതല കോടതി നൽകുകയായിരുന്നു. ഇവരാണ് കുട്ടികളെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയത്. ഇവിടെ ഈ കുട്ടികൾ തീർത്തും സുരക്ഷിതരായിരുന്നില്ല. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമം പോലും ഇവിടെ നടന്നിരുന്നുവെന്ന് വേണം കരുതാൻ. ഇതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച അഞ്ചു പെൺകുട്ടികൾ അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിന് അധികൃതർ നൽകിയ വിശദീകരണം പെൺകുട്ടികളെ കാമുകുന്മാർ വഞ്ചിച്ചതു കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നായിരുന്നു. മൂന്നുപേരെയാണ് കാമുകന്മാർ വഞ്ചിച്ചതത്രേ. മറ്റു രണ്ടുപേരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിനിടയിൽ പുറംലോകമറിയാത്ത നിരവധി ആത്മഹത്യാശ്രമങ്ങളും ഇവിടെ നടന്നിരുന്നു. ഇതിനൊക്കെ പിന്നിൽ അധികൃതരുടെ മാനസിക പീഡനമാണെന്നാണ് പറയപ്പെടുന്നത്.

ഇന്നലെ അവശനിലയിൽ കുളിമുറിയിൽ കണ്ടെത്തിയ പെൺകുട്ടി അപകടനില തരണം ചെയ്തത് ഭാഗ്യം കൊണ്ടു മാത്രം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആത്മഹത്യാശ്രമം പുറത്തായത്. മഹിളാ മന്ദിരത്തിലെ കുളിമുറിയിൽ മണിക്കൂറുകളോളം രക്തം വാർന്ന് അബോധാവസ്ഥയിലായിക്കിടന്ന പെൺകുട്ടിയെ മറ്റ് അന്തേവാസികളാണ് കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിൽസ നൽകി. മഹിളാമന്ദിരം നടത്തിപ്പുകാരുടെ മാനസിക പീഡനമാണ് കുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. പീഡനം മൂലം ഉണ്ടായ മാനഹാനിയും വീട്ടിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടത് മഹിളാമന്ദിരം ജീവനക്കാർ അനുവദിക്കാതിരുന്നതുമാണ് കാരണമായി പറയുന്നത്.

കടമ്പനാട് ഗവ: ഹൈസ്‌കൂളിലെ രണ്ടു പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരിൽ ഒരാളുടെ വീട് കൊല്ലം ജില്ലയിലും മറ്റൊരാളുടേത് പത്തനംതിട്ട ജില്ലയിലുമാണ്. ഏനാത്ത്, ശൂരനാട് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകളാണ് ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്തത്. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പീഡനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയാണ് പീഡനത്തിനിരയായ പെൺകുട്ടികളെ മഹിളാമന്ദിരത്തിലേക്കയച്ചത്. ഇതിൽ ഒരു കുട്ടി വീട്ടിൽ പോകണമെന്ന് മഹിളാമന്ദിരം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോടതി നിർദേശാനുസരണം വന്നതു കൊണ്ട് അനുവാദം നൽകാനാവില്ല എന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ ബാത്ത്‌റൂമിൽ പോയ പെൺകുട്ടിയെ പുറത്തു കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തം വാർന്ന് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇടതു കൈയുടെ ഞരമ്പാണ് മുറിച്ചിരുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് വൈകുന്നേരത്തോടെ ബോധം തെളിഞ്ഞു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ അന്തേവാസികളുടെ ആത്മഹത്യാശ്രമം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചു പെൺകുട്ടികളെ അമിത അളവിൽ പാരാസെറ്റാമോൾ ഗുളിക കഴിച്ച് അവശനിലയിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലാക്കിയിരുന്നു.