കോഴിക്കോട്: വിശപ്പുരഹിത നഗരം പദ്ധതിയിൽ പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരുന്ന ഭക്ഷണ വിതരണം മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. പദ്ധതിയിലൂടെ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പദ്ധതിയുടെ അടുക്കള പൂട്ടിയതോടെയാണ് പദ്ധതി മുടങ്ങിയത്. ഇപ്പോൾ താൽകാലികമായി കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് ചപ്പാത്തിയും കറികളും കൊണ്ട് വന്നാണ് വിതരണം നടത്തുന്നത്. എന്നാൽ ചപ്പാത്തിയായതിനാൽ രോഗികളും കൂട്ടിരിപ്പുകാർക്കും ഇത് വേണ്ടത്ര ഉപയോഗപ്രദമാകുന്നില്ലെന്നാണ് പരാതി.

പകരം ചോറും കറിയും തന്നെ വേണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം. രോഗികളുടെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ചോറും കറിയും തയ്യാറാക്കി നൽകാൻ സാമൂഹിക സുരക്ഷാ മിഷൻ പുതിയ കരാർ നൽകിയെങ്കിലും അടുക്കള ഉപയോഗ യോഗ്യമല്ലാത്തതിനാൽ പദ്ധതി നടപ്പിലായില്ല. അതേ സമയം അടുക്കളയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനായി ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ അഞ്ചരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കനും തീരുമാനമായിട്ടുണ്ട്. ഇതിന് വേണ്ട തുക പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിത്തിൽ നിന്നെടുക്കാനും ഇലക്ട്രിക്കൽ സെക്ഷൻ നൽകിയ രണ്ടര ലക്ഷം രൂപയുടെ എസ്റ്റേമേറ്റ് സാമൂഹിക സുരക്ഷാ മിഷൻ നൽകാനും തീരുമാനമായി. ജൂലെ മാസം പകുതിയോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് യോഗത്തിൽ നടപടിയായിട്ടുള്ളത്. അടുക്കളയിൽ വിറകിന് പകരം പാചകവാതകം ഉപയോഗിക്കണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്ന് വന്നു.

പഴയത് പോലെ വിറക് ഉപയോഗിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ വീണ്ടും ഇത്തരത്തിൽ എലിയുടെയോ മറ്റ് ജന്തുക്കളുടെയോ അവശിഷ്ടങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണിത്. നേരത്തെ ഭക്ഷണത്തിൽ എലിയുടെ അവശിഷ്ടം കണ്ടെത്തിയത് ഇത്തരത്തിൽ കത്തിക്കാനുള്ള വിറക് അടുക്കളയിൽ കൂട്ടിയിട്ടത് കാരണമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ആ വിറക് കെട്ടുകൾക്കിടയിൽ നിരവധി ജന്തുക്കളുണ്ടായിരുന്നതിനാൽ ഇനിയും ഇത്തരത്തിൽ വിറകിനെ ആശ്രയിക്കേണ്ട എന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.

തീരെ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളയുടെ നവീകരണത്തിന് ശേഷം ജൂലൈ പകുതിയോടെ തന്നെ പഴയ പോലെ ചോറും കറിയും കോഴിക്കോട മെഡിക്കൽ കോളേജിൽ വിതരണം ചെയ്യാനാകുമെന്നാണ് സാമൂഹിക സുരക്ഷാ മിഷൻ കണക്കുകൂട്ടുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജിത് കുമാറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിആർ രാജേന്ദ്രൻ, ആർഎംഒ ഡോ. കെ ശ്രീജിത്, ലേബർ സെക്രട്ടറി കെ. സതീഷ് കുമാർ, സാമൂഹിക സുരക്ഷാ മിഷൻ പ്രോഗ്രാം കോർഡിനേറ്റർ കെകെ ഫൈസൽ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.