- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗണിന്റെ മറവിൽ ജനവാസ കേന്ദ്രത്തിൽ അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണം; പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോൾ സമരത്തിറങ്ങി താമരശേരി പുതുപ്പാടിക്കാർ; ഒടുവിൽ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമോ
കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജനവാസ കേന്ദ്രത്തിൽ തുടങ്ങാനിരുന്ന അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തടഞ്ഞു. താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറത്ത് നിർമ്മാണത്തിലിരുന്ന അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയുടെ നിർമ്മാണം തടഞ്ഞു കൊണ്ട് പുതുപ്പാടി പഞ്ചായത്ത് സിക്രട്ടറിയാണ് ഉടമക്ക് നോട്ടീസ് നൽകിയത്.
ജനവാസ കേന്ദ്രത്തിനരികിൽ അറവുമാംസ സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പുതുപ്പാടി മേഖലാ കമ്മിറ്റിയും, നാട്ടുകാരും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി.മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കും വരെ എല്ലാത്തരം പ്രവർത്തിയും നിർത്തിവെക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഓർഗാനിക് ഫെർട്ടിലൈസർ ആൻഡ് പ്രോട്ടിൻ പൗഡർ നിർമ്മാണ കമ്പനി എന്ന പേരിലായിരുന്നു പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണ അനുമതി വാങ്ങിയത്. ലോക്ഡൗണിന്റ മറവിൽ എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കം അധികൃതർ ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളോ, ഭാവിയിൽ പരിസര വാസികൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളെ കുറിച്ചോ ഒരു പഠനവും നടത്താതെ ഇത്തരത്തിലുള്ള സ്ഥാപനത്തിന് കെട്ടിടം നിർമ്മിക്കാനുള്ള അനുമതി കൊടുത്ത പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
അഞ്ഞൂറിലേറെ ആളുകൾ ഒപ്പിട്ട് ഫാക്ടറിക്കെതിരെ പരാതി കൊടുത്തിട്ടും കഴിഞ്ഞ ദിവസം വരെ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്