- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നസീർ കശ്മീരിൽ പോയത് കമ്പിളിപ്പുതപ്പ് വിൽക്കാനോ! ബംഗ്ലാദേശ് അതിർത്തിയിൽ ടൂർ പോയതാണോ? നാലുവർഷം തുമ്പ് കിട്ടാത്ത അപൂർവ കേസ്; കുറ്റസമ്മത മൊഴിയുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടു; തീവ്രവാദത്തിന്റെ വേരുകൾ സുശക്തമോ; സ്ഫോടനത്തിൽ കോഴിക്കോട് നടുങ്ങിയ ആ വെള്ളിയാഴ്ചയുടെ ഓർമ്മകളിലുടെ...
കോഴിക്കോട്: 'മലപ്പുറം കത്തി, അമ്പും വില്ലും ഒലക്കേടേ മൂട്'! ഒടുവിൽ പവനാഴി ശവമായി എന്ന് നാടോടിക്കാറ്റ് സിനിമയിൽ പറഞ്ഞതുപോലെയായി കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിന്റെ അപ്പീലിലുള്ള വിധി. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി സത്യത്തിൽ പൊലീസിലും നിയമവൃത്തങ്ങളിലും വലിയ അങ്കലാപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം തടിയന്റവിട നസീറിനെ എൻഐഎയും കേരളാ പൊലീസും പ്ലേസ് ചെയ്തിരിക്കുന്നത്, കേരളത്തിലെ ഏറ്റവും വലിയ ഭീകരൻ ആയിട്ടാണ്. നായനാർ വധശ്രമക്കേസ് തൊട്ട് ബംഗളുരു സ്ഫോടന പരമ്പര കേസുവരെയുള്ള ഒരു ഡസനോളം കേസുകളാണ് നസീറിന്റെ പേരിലുള്ളത്. അതുകൊണ്ടുതന്നെ ഈ കേസിൽ കുറ്റ വിമുക്തനായാലും ഉടനെയൊന്നും നസീറിന് പുറത്തിറങ്ങാൻ കഴിയില്ല.
താൻ ഈ കുറ്റങ്ങൾ ചെയ്തുവെന്ന് നസീറും കൂട്ടാളിയും പറയുന്നതിന്റെ കൃത്യമായ കുറ്റസമ്മത മൊഴിയും വീഡിയോയും എൻഐഎയുടെ കൈയിലുണ്ട്്. അത് കോടതിയിൽ ഹാജരാക്കിയതുമാണ്. എന്നാൽ കുറ്റസമ്മത മൊഴികൾക്ക് അപ്പുറം നിഷ്പക്ഷമായ തെളിവ് കണ്ടത്താൻ എൻഐഎ ശ്രമിച്ചില്ല എന്നും കോടതി വിമർശിച്ചു. മാപ്പു സാക്ഷിയുടെ മൊഴികൾ കേസ് തെളിയിക്കുന്നതിൽ പൂർണ്ണ പരാജയമായി. കുറ്റസമ്മതമൊഴികൾക്ക് തെളിവ് നിയമത്തിൽ സാധുതയില്ലാതിരുന്നിട്ടും അത് മാത്രം വെച്ച് കേസ് ചിട്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു.
പക്ഷേ വിധി വന്നതോടെ എൻഐഎ ഉദ്യോഗസ്ഥരെപ്പോലെ പൊലീസും നിരാശയിലാണ്. തീവ്രവാദക്കേസുകളിൽ പലതിലും തെളിവുകൾ പോലും കിട്ടാത്തവിധം സുശക്തമാണ് ഭീകരതയുടെ നെറ്റ്‌വർക്ക് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പ്രതികരിക്കുന്നു. 'കോഴിക്കോട് ഇരട്ട സ്ഫോടനത്തിൽ ആദ്യത്തെ നാലുവർഷം ഒരു തുമ്പും കിട്ടിയിരുന്നില്ല. പിന്നെയാണ് യാദൃശ്ചികമായി തെളിവ് വരുന്നത്. ഗുണ്ടാ ആക്രമണം പോലെയോ അതിർത്തി തർക്കം പോലെയോ അല്ല തീവ്രവാദക്കേസുകൾ. അവിടെ സാക്ഷിമൊഴിയെന്നും ഉണ്ടാവില്ല. സാഹചര്യത്തെളിവുകളും കുറ്റസമ്മതമൊഴിക്കുമൊക്കെ കൂടുതൽ വിലയുണ്ട്. പക്ഷേ ഇവിടെ നിരാശാജനകമായ വിധിയാണ് ഉണ്ടായത്. കോഴിക്കോട്ടെ ഇരട്ട സ്ഫോടനം പിന്നെ തനിയെ ഉണ്ടായതാണോ. വെറുതെ ഒരു നിരപരാധിയെ പിടിച്ച് പ്രതിയാക്കാൻ കഴിയില്ല. നസീർ കശ്മീരിൽ പോയത് കമ്പിളിപ്പുതപ്പ് വിൽക്കാനെന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല നാം. ബംഗ്ലാദേശ് അതിർത്തിയിൽ പോയത് ടൂറിനാണെന്നും വിശ്വസിക്കാം. പ്രതികളെ ജാമ്യത്തിലെടുക്കാനും, മികച്ച അഭിഭാഷകരെ വെച്ച് വാദിക്കാനും ഒക്കെ കോടികൾ ചെലവിടാൻ പുറത്ത് ആളുകൾ ഉണ്ട്. കേരളത്തിന്റെ തീവ്രവാദ നെറ്റ്‌വർക്ക് അതീവ സുസംഘടിതമാണ് എന്നാണ് തെളിയിക്കുന്നത്.''
പി.ഡി.പി പ്രവർത്തകനിൽ നിന്ന് ലഷ്‌കറിലേക്ക്
പൊലീസും എൻഐഎയും തടിയന്റവിട നസീറിന് ഒരു കൊടും ഭീകരന്റെ ചിത്രമാണ് നൽകിയത്. നസീറിന്റെ കുറ്റസമ്മത മൊഴിയിലും അയാളുടെ ജീവിത കഥ ആവർത്തിക്കുന്നുണ്ട്. കണ്ണൂർ സ്വദേശിയാണ് തടിയന്റവിട നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിടെ നസീർ. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് അതിൽ ഒന്നുമാത്രം. അന്വേഷണോദ്യോഗസ്ഥരുടെ അഭിപ്രായ പ്രകാരം നസീർ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത് അബ്ദുൾ നാസർ മ്ദനി 1989ൽ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ഐ.എസ്.എസ്.) ആണ്. പിന്നീട് ഐഎസ്എസ് പിരിച്ചുവിട്ട് മ്ദനി പുതിയതായി തുടങ്ങിയ പിഡി.പിയുടെ പ്രവർത്തകനായി. കോയമ്പത്തൂർ സ്ഫോടന പരമ്പരയെത്തുടർന്ന് മഅ്ദനി അറസ്റ്റിലായതോടെ നസീർ സ്വന്തം നിലയ്ക്ക് പ്രവർത്തനമാരംഭിച്ചുവെന്നും എൻഐഎ പറയുന്നു.
എൻഐഎ ആരോപിക്കുന്ന നസീറിന്റെ തുടർ ജീവിതം ഇങ്ങനെയാണ്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടർന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കാൻ 2002 ജൂൺ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജൂവലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടരക്കിലോ സ്വർണം മോഷ്ടിച്ചിരുന്നു. ഇക്കാര്യത്തിൽ നസീർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
തടവിലായിരുന്ന മ്ദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സർക്കാരിനെ ഭീഷണിപ്പെടുത്തുവാനെന്ന് കരുതപ്പെടുന്ന, തമിഴ്‌നാട് സർക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബർ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയിൽ വെച്ച് തീവെച്ച് നശിപ്പിച്ച കേസിൽ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്. ആ കേസിൽ മ്ദനിയുടെ ഭാര്യ സൂഫിയ മ്അദനിയും കൂട്ടുപ്രതിയാണ്.
പിന്നീട് കൂടുതൽ ഗൗരവകരവും ഇന്ത്യാവിരുദ്ധവുമായ കുറ്റങ്ങൾ ചെയ്തതായി ആരോപണമുണ്ട്. കുടകിലെ തീവ്രവാദ ക്യാമ്പ്, കാശ്മീർ റിക്രൂട്ട്മെന്റ് കേസ് തുടങ്ങിയവയൊക്കെ ഈ കാലത്തെ കേസുകളാണ്. 2008 ഒക്ടോബറിൽ കാശ്മീരിൽ നാല് മലയാളി യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കേസിൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി അവരെ എടുത്ത കേസിൽ ഒളിവിൽ കഴിയവെ പിടിയിലായി. കാശ്മീർ റിക്രൂട്ട്മെന്റ് കേസിലും നസീർ കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. വിധി പ്രകാരം കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ശിക്ഷ പൂർത്തിയായ ശേഷമാണ് ഈ ശിക്ഷ പ്രാബല്യത്തിൽ വരിക. 2008ൽ തന്നെ ബംഗളുരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലും പ്രതിയാണ്.
റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യിൽ വിനോദ് വധം തുടങ്ങിയ കേസുകൾ, കള്ളനോട്ട് കേസുകൾ, പൊലീസുകാരെ ആക്രമിച്ച കേസുകൾ, വിവിധ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തുകയും തെളിവു നശിപ്പിക്കാൻ അവ കത്തിക്കുകയും ചെയ്ത കേസുകൾ, കാർ മോഷണക്കേസുകൾ തുടങ്ങി മറ്റു നിരവധി കേസുകളിലും പ്രതിയാണ്. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകനേതാവായ യാസീൻ ഭട്കൽ, തടിയന്റവിട നസീറുമായി ചേർന്ന് കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
പത്രമോഫീസിലേക്ക് വിളിച്ചു പറഞ്ഞ് സ്ഫോടനം
2006 മാർച്ച് മൂന്നാം തീയതിയാണ്് കോഴിക്കോട് നഗരത്തെ നടുക്കിയ ഇരട്ടസ്‌ഫോടനം നടന്നത്. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. മാവൂർ റോഡിലെ രണ്ട് ബസ് സ്റ്റാൻഡുകളിൽ 20 മിനിറ്റിന്റെ ഇടവേളയിലായിരുന്നു സ്‌ഫോടനങ്ങൾ. രണ്ടുപേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് കളക്ടറേറ്റിലേക്കും ഒരു സായാഹ്ന പത്രത്തിന്റെ ഓഫീസിലേക്കും അജ്ഞാത ഫോൺകോൾ വന്നിരുന്നു. 'കളിയല്ല, കാര്യമായിട്ടാണ്. അരമണിക്കൂറിനകം ബോംബ് സ്‌ഫോടനം ഉണ്ടാകും. മാറാട് സംഭവത്തിന്റെ ബാക്കിയാണിത്'- എന്നായിരുന്നു ഫോൺസന്ദേശം. കളക്ടറേറ്റിൽ വിളിച്ചയാൾ കളക്ടറെ കിട്ടാത്തതിനാൽ എ.ഡി.എമ്മിനോടാണ് സംസാരിച്ചത്.
അജ്ഞാത ഫോൺകോളിന് പിന്നാലെ പറഞ്ഞസമയത്തുതന്നെ ആദ്യ ബോംബ് സ്‌ഫോടനമുണ്ടായി. ഉച്ചയ്ക്ക് 12.45ഓടെ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു ആദ്യ സ്‌ഫോടനം. കെ.എസ്.ആർ.ടി.സി. വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് പിന്നിൽ മാലിന്യം കൂട്ടിയിട്ട സ്ഥലത്തായിരുന്നു ബോംബ് പൊട്ടിയത്. തൊട്ടടുത്തുള്ള ഹോട്ടലിന്റെ ജനൽച്ചില്ല് സ്‌ഫോടനത്തിൽ തകർന്നു. പരസ്യബോർഡിൽ തുളകൾ വീണു. സ്‌ഫോടനശബ്ദം കേട്ടതോടെ കൈരളി തീയേറ്ററിൽനിന്ന് ജനങ്ങൾ ഇറങ്ങിയോടി. വിവരമറിഞ്ഞ് പൊലീസും മറ്റും സ്ഥലത്തേക്ക് ഓടിയെത്തി.
എന്നാൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ പൊലീസ് പരിശോധന നടക്കുന്നതിനിടെ 1.05ന് തൊട്ടടുത്ത മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും അടുത്ത ബോംബ് പൊട്ടി. ഇവിടെയാണ് ചുമട്ട് തൊഴിലാളിക്കും പൊലീസ് ഉദ്യോഗസ്ഥനും നിസാര പരിക്കേറ്റത്. രണ്ടിടത്ത് മിനിറ്റുകളുടെ ഇടവേളകളിൽ ബോംബ് സ്‌ഫോടനമുണ്ടായതോടെ നഗരം പരിഭ്രാന്തിയിലായി. ജനങ്ങൾ പരക്കംപാഞ്ഞതോടെ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടായത് പൊലീസിനെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. തിരക്കേറിയ ബസ് സ്റ്റാൻഡുകളാണെങ്കിലും രണ്ടിടത്തും ആളൊഴിഞ്ഞ സ്ഥലമാണ് അക്രമികൾ സ്‌ഫോടനം നടത്താനായി തിരഞ്ഞെടുത്തത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'അൽഖാനുൻ കേരള' എന്ന സംഘടനയുടെ പേരിൽ എഴുതിത്ത്ത്തയ്യാറാക്കിയ കുറിപ്പും അന്നേദിവസം പത്രം ഓഫീസുകളിൽ ലഭിച്ചിരുന്നു.
നടക്കാവ് പൊലീസും കസബ പൊലീസുമാണ് സംഭവത്തിൽ ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പ്രതികളെക്കുറിച്ച് ചില സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നെങ്കിലും കൊച്ചി കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ അബ്ദുൾ ഹാലിം പിടിയിലായതോടെയാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലും വഴിത്തിരിവുണ്ടായത്. തുടർന്ന് തടിയന്റവിട നസീറിലേക്കും അന്വേഷണമെത്തി. പ്രതികളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും ക്രൈംബ്രാഞ്ചിന് ഏകദേശ വിവരങ്ങൾ ലഭിച്ച വേളയിലാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തത്. 2009 ഡിസംബർ നാലിനാണ് കേസ് എൻ.ഐ.എ.യെ ഏൽപിക്കാൻ തീരുമാനമായത്. തുടർന്ന് എൻ.ഐ.എ. കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
തടിയന്റവിട നസീർ, ഷഫാസ്, അബ്ദുൾ ഹാലിം, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് കേസിന്റെ ആദ്യവിചാരണ നേരിട്ടത്. കേസിലെ പ്രതികളായിരുന്ന രണ്ടുപേർ അന്ന് വിദേശത്ത് ഒളിവിലായിരുന്നു. മുഹമ്മദ് അസർ, പി.പി.യൂസഫ് എന്നിവരായിരുന്നു ഇവർ. ഇരുവരെയും 2019ൽ ഡൽഹി വിമാനത്താവളത്തിൽനിന്ന് പിന്നീട് പിടികൂടി. കേസിന്റെ വിചാരണയ്ക്കിടെ ഒരു പ്രതി മരിച്ചു. മറ്റൊരു പ്രതിയായ ഷമ്മി ഫിറോസിനെ കേസിൽ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.
പ്രതികൾ പിടിയിലായത് യാദൃശ്ചികമായി
പ്രതികളെക്കുറിച്ച് ഒരു സൂചനയും ആദ്യ നാലുവർഷം ലഭിച്ചില്ല. ഇതും അപുർവങ്ങളിൽ അപൂർവമാണ്. തീവ്രാവാദ നെറ്റ്‌വർക്കിന്റെ ശക്തിയാണ് ഇവിടെയും പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 2009 നവംബറിൽ മേഘാലയ-ബംഗ്ലാദേശ് അതിർത്തിയിൽവെച്ച് നസീർ ബംഗ്ലാദേശി പൊലീസിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ബംഗ്ലാദേശിലെ ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും എംബസ്സികൾ ആക്രമിക്കാനായിട്ട് എത്തിയതായിരുന്നു എന്ന് പറയപ്പെടുന്നു. ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് ഇരട്ട് സ്ഫോടനത്തിലെ പങ്കാളിത്തം തെളിഞ്ഞത്.
അതുപോലെ സ്പിരിച്വൽ മൂവ്‌മെന്റ് നേതാവ് റഹീം പൂക്കുടശ്ശേരിയെ ആക്രമിച്ച കേസ് അടക്കം പലകേസുകളിലും വിവരങ്ങളും ഇങ്ങനെയാണ് കിട്ടിയത്. 2008 ജനുവരി പത്തിനാണു സ്പിരിച്വൽ മൂവ്‌മെന്റ് നേതാവ് റഹീം പൂക്കടശ്ശേരിക്കു നേരേ കാക്കനാട് ഇടച്ചിറയിൽ ഇൻഫോപാർക്കിന് സമീപം വെച്ച് വധശ്രമമുണ്ടായത്. പട്ടാപ്പകൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കഴുത്തിൽ കോടാലി കൊണ്ടു വെട്ടുകയായിരുന്നു. റഹിം മരിച്ചെന്നു കരുതിയാണ് അക്രമികൾ രക്ഷപ്പെട്ടത്. എന്നാൽ പിന്നീട് കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബ്ദുർറഹീമിന്റെ ഫോട്ടോ പത്രങ്ങളിൽ വന്നതോടെയാണ് അക്രമികളെക്കുറിച്ച് വിവരം കിട്ടിയത്. അബ്ദുർറഹീമടക്കം കേസിലെ മൂന്ന് പ്രതികൾ കാശ്മീർ അതിർത്തിയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കൂട്ടാളികളെ തേടിയുള്ള അന്വേഷണത്തിലാണ് ഈ കശ്മീർ റിക്രൂട്ട്മെന്റ് നടത്തിയത് തടിയന്റവിട നസീർ ആണെന്ന് തെളിഞ്ഞത്.
ഇരട്ട സ്‌ഫോടന കേസിൽ തടിയന്റവിട നസീറിനെ ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻഐഎ വിചാരണകോടതി ശിക്ഷിച്ചത്. പ്രത്യേക എൻഐഎ. ജഡ്ജി എസ്.വിജയകുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. മറ്റുപ്രതികളായ അബ്ദുൾ ഹാലിമിനെയും ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെവിടുകയും ചെയ്തു. കോഴിക്കോട് ഇരട്ട സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. രണ്ടാം മാറാട് കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടാത്തതിനാലാണ് പ്രതികൾ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും സർക്കാരിനെതിരായ പ്രതിഷേധം കൂടെയായിരുന്നു സ്‌ഫോടനമെന്നും കോടതി വിലയിരുത്തി. കുറച്ചുകൂടിയ വലിയ സ്‌ഫോടനമാണ് പ്രതികൾ ഉദ്ദേശിച്ചതെന്നും തെളിവുകൾ വിലയിരുത്തിയ ശേഷം കോടതി പറഞ്ഞിരുന്നു.
രവീന്ദ്രനായിരുന്നു അന്നത്തെ എൻ.ഐ.എ. പ്രോസിക്യൂട്ടർ. ശിക്ഷാവിധി കഴിഞ്ഞ് അല്പനേരം കഴിഞ്ഞപ്പോൾ തടിയന്റവിട നസീർ ഒരു ഖുർആൻ പ്രോസിക്യൂട്ടർക്ക് നൽകിയതും വാർത്തയായിരുന്നു. വിശുദ്ധ ഖുർആന്റെ ഇംഗ്ലീഷിലുള്ള ചെറിയ പതിപ്പാണ് നസീർ പ്രോസിക്യൂട്ടർക്ക് നൽകിയിരുന്നത്. ഇതിലെ പല പേജുകളിലും ചുവന്നമഷി കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച ആദ്യ തീവ്രവാദ കേസിലെ വിധിയായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിന്റേത്. അതിനാൽതന്നെ പ്രതികളെ വെറുതെവിട്ടതിനെതിരേ എൻ.ഐ.എ. ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. ഇതിനിടെ, ശിക്ഷാവിധിക്കെതിരേ നസീറും ഷഫാസും ഹൈക്കോടതിയെ സമീപിച്ചു. ഈ രണ്ട് അപ്പീലുകളിലുമാണ് ഇപ്പോൾ വിധി പറഞ്ഞത്.
കോഴിക്കോട് ഇരട്ട സ്‌ഫോടനം രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാത്തതിലുള്ള പ്രതികാരം എന്ന നിലയ്ക്കാണ് നടത്തിയതെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.സ്‌ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെ 2002 ൽ എറണാകുളത്ത് നിന്നും ജലാറ്റിൻ സ്റ്റിക്ക് സംഘടിപ്പിക്കുകയും പിന്നീട് ആസൂത്രണം ചെയ്ത് സ്‌ഫോടനം നടത്തിയെന്നുമായിരുന്നു എൻഐഎ വാദം. എന്നാൽ രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങൾ നടക്കുന്നത് 2003 ലാണ്. അങ്ങനെയെങ്കിൽ എങ്ങനെയാണ് 2002 ൽ ജലാറ്റിൻസ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഢാലോചന നടത്തിയെന്ന വാദം ശരിയാകും എന്നായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ ചോദിച്ചത്. പ്രതികളുടെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പക്ഷേ തീവ്രാദ സംഘടകൾ ദീർഘകാലത്തേക്ക് സ്ഫോടകവസ്തുക്കൾ വാങ്ങി സൂക്ഷിക്കൂമെന്ന എൻഐഎയുടെ വാദം കോടതി കേട്ടില്ല.
വാൽക്കഷ്ണം: ഇപ്പോൾ രണ്ട് മുഖ്യപ്രതികളെകൂടി കുറ്റവിമുക്തർ ആക്കിയതോടെ ഫലത്തിൽ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് ആവിയായിരിക്കയാണ്. അപ്പോൾ പിന്നെ ആരാണ്, എന്തിനാണ് കോഴിക്കോട് സ്ഫോടനം നടത്തിയത് എന്ന ചോദ്യം ബാക്കിയാവുന്നു. രണ്ടു ബസ് സ്റ്റാൻഡുകളിൽ വെയിലിന്റെ ചൂടുകൊണ്ട് താനേ സ്ഫോടനം ഉണ്ടാവില്ലല്ലോ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ