കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ പൊലീസ് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് മരിക്കാൻ ശ്രമിച്ച പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒളിച്ചോടിയ ആറ് പെൺകുട്ടികളെയും തിരികെ ചിൽഡ്രൻസ് ഹോമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ കൈമുറിച്ചത്. അതേ സമയം ആത്മഹത്യാ ശ്രമമായി കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

26നു വൈകിട്ട് ഒളിച്ചോടിയ പെൺകുട്ടികളെ കർണാടകയിൽനിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്. ഇതിനിടെ, മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകി. 26നു വൈകിട്ട് 5 മണിയോടെയാണു 15നും 17നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായത്.

പിറ്റേന്നു വൈകിട്ട് ബെംഗളൂരു മഡിവാളയിലെ സർവീസ് അപ്പാർട്‌മെന്റിൽ മുറിയെടുക്കാൻ എത്തിയപ്പോൾ പെൺകുട്ടികളെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും ഹോട്ടൽ അധികൃതർ തടഞ്ഞുവച്ചു പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടെങ്കിലും ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവരെയും പിന്നീട് പിടികൂടി. പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം ബാലികസദനത്തിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സാഹചര്യം ചർച്ച ചെയ്യാൻ ശിശുക്ഷേമസമിതി യോഗം ചേർന്നു. ബാലിക മന്ദിരത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ് കുട്ടികളുടെ നിലപാട്. ഇതിനിടെയാണ് മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. ഇക്കാര്യത്തിൽ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾ ഇന്നലെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ സ്പെഷ്യൽ ബ്രാഞ്ച് എസിപി ഇന്ന് റിപ്പോർട്ട് നൽകും.

ബാലികാ മന്ദിരത്തിരത്തിൽ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് പരിഹരിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ആറ് പെണ്കുട്ടികൾ ഇവിടെ നിന്ന് കടന്നത്. ചിൽഡ്രൻസ് ഹോമിലെ സുരക്ഷാ വീഴ്ചകൾ ഉൾപ്പെടെ ചർച്ച ചെയ്യാനാണ് അടിയന്തര സിറ്റിങ്. കുട്ടികൾക്ക് പറയാനുള്ളതും സിഡബ്ല്യുസി കേൾക്കും.

ചേവായൂർ സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളുടെ ചുമതലയുള്ള രണ്ടു പൊലിസുകാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.