കോഴിക്കോട് : അഴിമതി തടയാൻ ഫയലുകൾ ഓൺലൈനാക്കിയാൽ അതും അട്ടിമറിച്ച് ചെയ്യാനുള്ളത് ചെയ്യും എന്നതിന് തെളിവാണ് അഴിമതിക്ക് പേരു കേട്ട തദ്ദേശസ്വയംഭരണ വകുപ്പിൽ ഏറ്റവും ഒടുവിൽ ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടുന്നത്. കോഴിക്കോട് കോർപറേഷനിൽ പൊളിക്കാൻ തീരുമാച്ച കെട്ടിടങ്ങൾക്ക് കൂട്ടത്തോടെ ടിസി നൽകിയ സംഭവത്തിൽ ഏഴുപേരാണ് ഇന്നലെ അറസ്റ്റിലായത്.

തൊഴിൽ വിഭാഗം ക്ലാർക്ക് അനിൽകുമാർ (52), കെട്ടിട്ട നികുതി വിഭാഗം ക്ലാർക്ക് എൻ.പി.സുരേഷ് (56), റിട്ട.അസി. എൻജിനിയർ പി.സി.കെ.രാജൻ (61), ഇടനിലക്കാരായ പി.കെ.ഫൈസൽ അഹമ്മദ് (51), ഇ.കെ.മുഹമ്മദ് ജിഫ്രി (50), എം.യാഷിർ അലി (45), കെട്ടിട ഉടമ പി.കെ. അബൂബക്കർ സിദ്ദിഖ് (54) എന്നിവരാണ് പിടിയിലായത്. പാവപ്പെട്ടവൻ മൂന്നു സെന്റിലിലും അതിൽ താഴെയും കെട്ടിടം പണിത് രേഖരകളുമായി കയറി ഇറങ്ങിയാലും ടിസി കിട്ടാത്ത നാട്ടിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നിരിക്കുന്നത്.

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തദ്ദേശവകുപ്പിലുള്ളവർ തന്നെ സമ്മതിക്കുന്നു. കാലത്തിന് അനുസരിച്ചുള്ള ഉദ്യോഗസ്ഥ അഴിമതിയുടെ രൂപമാണിത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമാനമായ വെട്ടിപ്പ് നടത്തുന്നുണ്ട്. ആ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ ഉരുകിയത്. തദ്ദേശവകുപ്പിന്റെ അകത്തളങ്ങൾ ഉദ്യോഗസ്ഥരും ഇടനിലക്കാരും മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനാൽ മലീമസമാണ്. അത്് ഇല്ലാതാക്കാൻ മന്ത്രി എം വിഗോവിന്ദൻ മാസ്റ്റർ വിചാരിച്ചാൽ മാത്രം കഴിയില്ല. ഈ തട്ടിപ്പിന് പിന്നിലുള്ള ഭൂരിഗം ഉദ്യോഗസ്ഥരും ഇടതുപക്ഷ യൂണിയനുമായി സഹകരിക്കുന്നവരാണ്. അതാണ് അവരുടെ ധൈര്യവും.

തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നമ്പർ അനുവദിക്കുന്നത് സഞ്ചയ സോഫ്റ്റുവെയറിലൂടെയാണ് ഈ സോഫ്റ്റ് വെയറിലേക്ക് പ്രവേശിക്കാൻ റവന്യു വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന യൂസർ നൈമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് അനധികൃത ഫയലുകളെ തിരികി കയറ്റി കെട്ടിനമ്പർ അനുവദിച്ചത്. ഇത് സോഫ്റ്റെവെയറിന്റെ പാളിച്ചയല്ലെന്നും ഉദ്യോഗസ്ഥർ ബോധപൂർവം പണം വാങ്ങികൊണ്ട് നടത്തിയ ക്രമക്കേടാണെന്നും തദ്ദേശസ്വയംഭരണവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

എൻജിയറിങ് വിഭാഗത്തിൽ നിന്നും ഒക്യുപെൻസി ലഭിക്കുന്ന ഫയലുകളാണ് റവന്യു വിഭാഗത്തിൽ കെട്ടിട നമ്പരിനായി കൈമാറുന്നത്. റവന്യു ഇൻസ്‌പെക്ടർ റിപ്പോർട്ട് തയ്യാറാക്കി,സൂപ്രണ്ടിനും റവന്യു ഓഫീസറിനും കൈമാറി നമ്പർ അനുവദിക്കും. ബഹുനിലകെട്ടിടങ്ങൾക്ക് മാത്രമാണ് സെക്രട്ടറിയുടെ അനുമതി വേണ്ടത്. എന്നാൽ കോഴിക്കോട് തട്ടിപ്പിനിരയായ ഫയലുകൾക്ക് എൻജിനിയറിങ് വിഭാഗം ഒക്യുപെൻസി നൽകിയിട്ടില്ല. റവന്യു ഇൻസ്പെക്ടറുടെ അക്കൗണ്ടിലൂടെ വ്യാജമായി മറ്റൊരു ഒക്യുപെൻസി നമ്പർ രേഖപ്പെടുത്തിയാണ് ടിസി നൽകിയത്. പണം വാങ്ങി ഇത് ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുണ്ട്.

എന്നാൽ പണം വാങ്ങിയ ശേഷം പണിയടുക്കാനുള്ള മടികാരണം സ്വന്തം യൂസർനൈമും പാസ് വേർഡും ഇടനിലക്കാർക്ക് സ്ഥിരമായി നൽകിയിരിക്കുന്നവരുമുണ്ട്. രാത്രി കാലങ്ങളിൽ ഇക്കൂട്ടർ ലോഗിൻ ചെയ്ത് ആവശ്യാനുസരണം ഫയലുകൾ സജ്ജമാക്കി ടിസി നൽകും. കോഴിക്കോട് ഓഫീസിന്റെ പ്രവർത്തി സമയത്തിന് മുമ്പും ശേഷവുമാണ് അനധികൃത കെട്ടിട നമ്പറുകൾ നൽകിയത്. സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ വിവരങ്ങളിൽ ഈ കാര്യം വ്യക്തമാണ്. റവന്യൂ ഇൻസ്പെക്ടറുടെ ഇചദ എന്ന ലോഗിൻ വഴി മെയ് 31-ന് വൈകീട്ട് 5.30, രാത്രി 11.20 , ജൂൺ ഒന്നിന് വൈകീട്ട് 4.40, 4.50 എന്നിങ്ങനെ ഓഫീസിന്റെ പ്രവർത്തന സമയത്തിൽ ഉൾപ്പെടാത്ത സമയത്താണ് ഫയലുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

ബേപ്പൂരിലെ സോണൽ ഓഫീസിലെ ലോഗിനിൽ നിന്ന് ഓഫീസ് സമയത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ആർക്കും എവിടെ നിന്നും ലോഗിൻ ചെയ്യാവുന്ന സംവിധാനമായതിനാൽ മറ്റേതെങ്കിലും സ്ഥലത്ത് വച്ച് ക്രമക്കേട് നടത്തിയതാവാം എന്നാണ് സംശയം. ഓപ്പറേറ്റർ , വെരിഫൈയർ, അപ്രൂവർ, ഡിജിറ്റൽ സിഗ്നേച്ചർ എന്നീ ലോഗിനുകളാണ് സഞ്ചയ സോഫ്റ്റുവെയറിലുള്ളത്. ഇതിൽ അപ്രൂവർമാരും യൂസർമാരുമായ ഉദ്യോഗസ്ഥർക്ക് നൽകിയ ലോഗിനിൽ കയറിയാൽ കോർപ്പറേഷൻ മെയിൻ ഓഫീസ്, മൂന്ന് സോണൽ ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ഡാറ്റയും കാണാൻ കഴിയും. മുഴുവൻ ഓഫീസുകളിലേയും നടപടിക്രമങ്ങൾ ഏത് ഓഫീസിലെ ഉദ്യോഗസ്ഥന് വേണമെങ്കിലും അംഗീകാരം നൽകാവുന്ന രീതിയിലാണ് ഈ സോഫ്‌റ്റ്‌വെയറിലെ സംവിധാനം.

വെരിഫൈയർ, അപ്രൂവർ ലോഗിനുകൾ ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കാൻ ഒരാൾ നൽകിയ വിവരങ്ങളിൽ ഫയൽ നമ്പർ, അപേക്ഷകന്റെ പേര് എന്നിവയൊഴികെ ഏത് വിവരവും എഡിറ്റ് ചെയ്ത് മാറ്റാം എന്നതും അങ്ങനെ മാറ്റുന്ന സിസ്റ്റത്തിന്റെ ഐപി അഡ്രസ് കണ്ടെത്താൻ കഴിയില്ല എന്നതും തട്ടിപ്പുകാർക്ക് സഹായകമാണ്.