- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ തട്ടിപ്പിനും ലോഗിൻ നടന്നത് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സീറ്റിലുള്ള കംപ്യൂട്ടറിൽ നിന്ന്; മെയ് 31ന് അർധ രാത്രി 11.30നും ഓഫിസ് സമയത്തിനു ശേഷവും ചിലർ ജോലി ചെയ്തു; ആരാണ് ഓഫിസ് കംപ്യൂട്ടറിൽ നിന്ന് ലോഗിൻ ചെയ്തത് എന്നറിഞ്ഞാൽ എല്ലാത്തിനും വ്യക്തത വരും; അഴിമതിക്കാശിന് വേണ്ടി നാടിനെ ചിലർ ഒറ്റുമ്പോൾ
കോഴിക്കോട്: കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തത് ആരെന്ന് കണ്ടെത്താനാകാതെ അന്വേഷണം. എങ്ങനേയും കേസൊതുക്കാൻ നീക്കം സജീവമാണ്. സംഘടനാ രംഗത്തെ ചില പ്രമുഖരുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നതാണ് സൂചന. എന്നാൽ വമ്പന്മാരെ പിടിക്കാൻ പൊലീസിന് കഴിയില്ലെന്നതാണ് വസ്തുത. ഇതിന് വേണ്ടിയുള്ള രാഷ്ട്രീയ പ്രതിരോധം ഉയർത്താൻ നേതാക്കൾ തന്നെ രംഗത്തു വരും.
ജൂണിൽ നടത്തിയ തട്ടിപ്പ് പുറത്തു വരാൻ കാരണമായത് 6 കെട്ടിടങ്ങൾക്കു നമ്പർ നൽകിയതാണ്. ഇവയുടെ ഫയലുകൾ വെരിഫൈ ചെയ്തതയും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിലാണ്. ഒരു ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്യുന്ന ഫയൽ അടുത്ത ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്യുന്നതാണ് രീതി. മെയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായാണ് 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പറിട്ട കേസ് ഫറോക്ക് അസി.കമ്മിഷണർ എം.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. ബേപ്പൂർ ഇൻസ്‌പെക്ടർ വി സിജിത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഒരു ഫയൽ മെയ് 31നു രാത്രി 11.19.52 എന്ന സമയത്ത് കെ.കെ.സുരേഷ് എന്ന ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്ത ശേഷം ഒരൊറ്റ മിനിറ്റ് കൊണ്ട്, അതായത് രാത്രി 11.20.26 എന്ന സമയം കൊണ്ട് പി.വി.ശ്രീനിവാസൻ എന്ന ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്തു. ഈ ലോഗിൻ നടന്നിരിക്കുന്നത് കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറിൽ നിന്നാണ്. മറ്റൊന്ന് ജൂൺ 1നു വൈകിട്ട് 4.39.34 എന്ന സമയത്ത് വെരിഫൈ ചെയ്ത ഫയൽ ഒരൊറ്റ മിനിറ്റ് കൊണ്ട് 4.40.56 എന്ന സമയം കൊണ്ട് അപ്രൂവ് ചെയ്തു വിട്ടു. ഇത്തരത്തിൽ വൈകിട്ട് 5.01ന് വെരിഫൈ ചെയ്തത് 5.02നും 4.50ന് വെരിഫൈ ചെയ്തത് 4.51നും അപ്രൂവ് ചെയ്തു വിട്ടിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ റിപ്പോർട്ട് പ്രകാരം ഇതെല്ലാം കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സീറ്റിലുള്ള കംപ്യൂട്ടറിൽ നിന്നാണ്. മെയ് 31ന് അർധ രാത്രി 11.30നും ഓഫിസ് സമയത്തിനു ശേഷവും ആരാണ് ഓഫിസ് കംപ്യൂട്ടറിൽ നിന്ന് ലോഗിൻ ചെയ്തത് എന്നാണു വ്യക്തമാകേണ്ടത്.
തിരുവനന്തപുരത്തെ ആർ ഡി ഒ കോടതിയിൽ നിന്നും തൊണ്ടി മുതൽ കടത്തുന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇപ്പോൾ കോഴിക്കോട്ടെ ഉദ്യോഗസ്ഥ അഴിമതിയും ചർച്ചയാകുന്നു. ഇതിലും അന്വേഷണം ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് ഒതുക്കാനാണ് നീക്കം. ഈ മാഫിയയുടെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥർ പലരും രക്ഷപ്പെടും. അതിനുള്ള നീക്കം അണിയറയിൽ സജീവമാണ്.
കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോർപറേഷന്റെ ബേപ്പൂർ മേഖലാ ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ അന്വേഷണം ഫറോക്ക് അസി.കമ്മിഷണർക്കു കൈമാറി. വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾക്കു പുറമേ പാസ്വേഡ് ദുരുപയോഗം ചെയ്തതിനു ഐടി ആക്ടിലെ 66 (സി,ഡി) വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാസങ്ങൾക്കു മുൻപു സോഫ്റ്റ്‌വെയറിലെ പിഴവുകൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസൻ കോർപറേഷൻ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ഈ കത്തിൽ ചെറുവണ്ണൂർ-നല്ലളം സോണൽ കാര്യാലയങ്ങളുടെ ചുമതലയുള്ള ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മറ്റു വാർഡുകളിലെ 236 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയെന്നു പറയുന്നു. ഈ പരാതിയിൽ ഗൗരവപരമായ ഒരു നടപടിയുമെടുക്കാതെ കോർപറേഷൻ അധികൃതർ ഒത്തു കളിച്ചു. ഇതാണ് തട്ടിപ്പുകാർക്ക് കരുത്തായത്. ആരെ സംരക്ഷിക്കാനാണ് പരാതി പൂഴ്‌ത്തിയതെന്നത് ഇനിയും വ്യക്തമല്ല.
ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ പറഞ്ഞ പിഴവുകൾ പരിഹരിച്ചു എന്നാണ് സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിലും സമാന വീഴ്ചയുണ്ടായി. ഒടുവിൽ ജൂണിൽ നടന്ന തട്ടിപ്പ് പുറത്തായതോടെയാണ് 4 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ