കോഴിക്കോട്: സംസ്ഥാന കോൺഗ്രസ് കമ്മറ്റിയെ നയിക്കാൻ കെ സുധാകരൻ എത്തിയതിന് പിന്നാലെ ജില്ല കോൺഗ്രസ് കമ്മറ്റികളും പുനർസംഘടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വിവിധ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യനാവുക മുതൽ എങ്ങനെയെങ്കിലും ഡിസിസിയിൽ കയറിക്കൂടുക തുടങ്ങിയ ആഗ്രഹങ്ങളോടെ നേതാക്കൾ ഇപ്പോൾ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് പോരാട്ടം തുടങ്ങിയിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇപ്പോൾ തന്നെ പിടിവലി തുടങ്ങിയിട്ടുണ്ട്. യു രാജീവൻ മാസ്റ്ററെ മാറ്റുകയാണെങ്കിൽ മാത്രമെ കോഴിക്കോട് ജില്ലയിൽ പുതിയ പ്രസഡിണ്ടിനെ തീരുമാനിക്കേണ്ടതൊള്ളൂ. രാജീവൻ മാസ്റ്റർ ഡിസിസി പ്രസിഡണ്ടായിട്ട് ഒരു വർഷം പോലും തികയാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റാൻ സാധ്യതയും കുറവാണ്. എങ്കിലും വിവിധ നേതാക്കളെ ഡിസിസി പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളുടെ അനുയായികൾ പ്രചരണം ശക്തമാക്കി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന മോഡലിൽ ഞങ്ങളുടെ നേതാവിനെ വിളിക്കൂ കോഴിക്കോട് ജില്ലയിലെ കോൺഗ്രസിനെ വിളിക്കൂ എന്ന ശൈലിയാണ് പ്രചരണം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ പ്രചാരണം നടക്കുന്നത്. കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ എം ധനീഷ് ലാലാണ് ഈ പ്രചരണത്തിന് തുടക്കമിട്ടിരിക്കുന്നത്. താനുമായി ഏറ്റവും അടുപ്പമുള്ള കോഴിക്കോട് ജില്ലയിലെ ഐ ഗ്രൂപ്പിന്റെ നേതാവുമായ എൻ സുബ്രഹ്മണ്യനെ ഡിസിസി പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എം ധനീഷ് ലാൽ ഇന്നലെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ പോലും പാർട്ടി വളർത്താൻ കഴിയാത്ത ആളെ കോഴിക്കോട് ജില്ലയയുടെ ചുമതല ഏൽപിച്ചാൽ കോൺഗ്രസ് മുക്ത കോഴിക്കോടാകും സംഭവിക്കുക എന്നാണ് പ്രവർത്തകരുടെ കമന്റുകൾ.

കോഴിക്കോട് ജില്ലയിൽ സിപിഐഎം ഭരിച്ചിരുന്ന ബാങ്ക് പിടിച്ചെടുത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രൂപീകരിക്കുകയും ആ ബാങ്കിന് പുതിയ ശാഖകളുണ്ടാക്കി പാർട്ടി പ്രവർത്തകർക്ക് ജോലി നൽകുകയും ചെയ്ത ആളാണ് എൻ സുബ്രഹ്മണ്യനെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കമന്റുകൾ. രണ്ട് തവണ നിയമസഭയലേക്ക് മത്സരിക്കാൻ അവസരം നൽകിയിട്ടും വിജയിക്കാൻ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം. ഇത്തവണ കൊയിലാണ്ടി സീറ്റ് ഗ്രൂപ്പിന്റെ പേരിൽ തല്ലുണ്ടാക്കി നേടിയെടുത്തതാണ്. സുബ്രഹ്മണ്യന് പകരം അനിൽകുമാറായിരുന്നു കൊയിലാണ്ടിയിൽ മത്സരിച്ചിരുന്നതെങ്കിൽ ജയിക്കുമായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്.

വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അനിൽകുമാറിനെ ഗ്രൂപ്പിന്റെ പേരിൽ മാറ്റി നിർത്തിയാണ് എൻ സുബ്രഹ്മണ്യനെ കൊയിലാണ്ടിയിൽ മത്സരിപ്പിച്ചത്. എന്നാൽ കൊയിലാണ്ടിയിൽ പതിനായിരത്തിൽ അധികം വോട്ട് അധികം നേടാനായത് എൻ സുബ്രഹ്മണ്യന്റെ മികവാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മാത്രമല്ല ജനശ്രീയുടെയും പ്രവാസികളുടെ കാര്യത്തിൽ അദ്ദേഹം കാര്യക്ഷമമായി ഇടപെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നു. നിയമസഭയിൽ വിഡിഎസ്, കെപിസിസിക്ക് കെഎസ്, കോഴിക്കോട് എൻഎസും വരട്ടെയെന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള പ്രചരണത്തിന്റെ മുദ്രാവാക്യം.

നിജേഷ് അരവിന്ദിനെ ഡിസിസി പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. എൻ സുബ്രഹ്മണ്യൻ കഴിവുള്ള നേതാവാണെന്നും എന്നാൽ പുതിയ തലമുറക്ക് വഴി മാറിക്കൊടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഡിസിസി ഓഫീസിൽ ഗ്രൂപ്പ് യോഗം ചേരാനല്ല പാർട്ടിയെ വളർത്താനായിരിക്കണം മുൻഗണന എന്നാണ് നിജേഷിനെ അനുകൂലിക്കുന്നവർ പറയുന്നത്. എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നിജേഷിനെ ഗ്രൂപ്പില്ല നേതാവായി അവരോധിക്കാനാണ് ശ്രമം. എന്നാൽ ബാലുശ്ശേരിയിൽ ധർമ്മജനെ തോൽപ്പിക്കാൻ പണിയെടുക്കുകയും എലത്തൂരിൽ മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കും വിധം വിമത സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്ത നിജേഷിനെ വഴിയിൽ കണ്ടാൽ ചൂലെടുത്ത് അടിക്കുമെന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള പ്രചണരങ്ങൾക്ക് താഴെ കണ്ട ഒരു കമന്റ്.

ഇവർക്ക് പുറമെ കെപിസിസി സെക്രട്ടറി പ്രവീൺ കുമാർ, കെഎസ്‌യു നേതാവ് കെഎം അഭിജിത് തുടങ്ങി നിരവധി പേർക്ക് വേണ്ടിയും സോഷ്യൽ മീഡിയയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് പോരാട്ടം ആരംഭിച്ചു. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കെഎസ് യുവിന്റെയുമെല്ലാം ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ ഇരിക്കുന്നവർ പോലും ഇത്തരത്തിൽ ചേരിതിരിഞ്ഞ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഇത്തരത്തിൽ പ്രചരണം നടത്തുന്നത് നല്ലതല്ല എന്നാണ് ഭൂരിപക്ഷം പ്രവർത്തകരുടെയും കമന്റുകൾ. അതേ സമയം പ്രസിഡണ്ടായില്ലെങ്കിലും എങ്ങനെയെങ്കിലും ഡിസിസിയിൽ കയറിപ്പറ്റാനം ചില നേതാക്കൾ ശ്രമം തുടങ്ങി. നിരവിൽ നൂറോളം പേരാണ് ഡിസിസിയിൽ ഉള്ളത്. എന്നാൽ അത്തരം ജംബോ കമ്മറ്റികൾ പിരിച്ചുവിടുമെന്നാണ് കെ സുധാരകൻ പറഞ്ഞിട്ടുള്ളത്.

നിർവാഹക സമിതി അംഗങ്ങൾ അടക്കം പരമാവധി 51 പേർ മതിയെന്നാണ് പുതിയ കെപിസിസി പ്രസിഡണ്ടിന്റെ തീരുമാനം. ഈ തീരുമാനം ചില നേതാക്കളെ ആശങ്കയിലാക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ രാജീവൻ മാസ്റ്ററെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച തീരുമാനം പോലും ആയിട്ടില്ലെങ്കിലും പകരം ആളിന് വേണ്ടിയുള്ള ഗ്രൂപ്പ് തിരിഞ്ഞുള്ള പോർവിളികൾ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്.