കോഴിക്കൊട്: നരേന്ദ്ര മോദിക്കെതിരെ പോരാടാൻ ശക്തനായ നേതാവ് കോൺഗ്രസിൽ ഇല്ലന്നെ് ചൂണ്ടിക്കാട്ടി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വിവാദ പ്രമേയത്തെച്ചൊല്ലി കോഴിക്കോട് ഡിസിസിയിൽ തമ്മിലടി രൂക്ഷം. പ്രശ്‌നം വലിയ വിവാദമാകാതെ അവസാനിപ്പിക്കാൻ ഡിസിസി പ്രസിഡന്റ്് കെ സി അബു പെടാപ്പാട് പെട്ടപ്പോൾ ഈ നീക്കം പൊളിച്ചുകൊണ്ടാണ് കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. പ്രമേയം അവതരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സുബ്രഹ്മണ്യന്റെ ആവശ്യം.

ഡിസിസി പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ സംസ്ഥാനത്ത് നടക്കുകയും കെ സി അബുവിന് ശേഷം ആര് എന്ന ചോദ്യം ഉയരുകയും ചെയ്യന്ന സമയത്താണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ പോര് ആരംഭിച്ചിട്ടുള്ളത്. പ്രസിഡന്റ് സ്ഥാനത്തിനായി കരുക്കൾ നീക്കുന്ന നേതാവു കൂടിയാണ് സുബ്രഹ്മണ്യൻ.

എ ഗ്രൂപ്പിന് ആധിപത്യമുള്ള കുന്ദമംഗലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് എന്നതുകൊണ്ട് സംഭവം വലിയ ഒച്ചപ്പാടില്ലാതെ അവസാനിപ്പിക്കാനായിരുന്നു അബുവിന്റെ നീക്കം. എന്നാൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരസ്യമായി അപമാനിക്കുന്നതാണ് പ്രമേയമെന്ന് ചൂണ്ടിക്കാട്ടി എൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വരികയായിരുന്നു. കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ സുബ്രഹ്മണ്യൻ സംഭവം അവതരിപ്പിക്കുകയും പ്രമേയം പാസ്സാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെടുകയുമായിരുന്നു. സംഭവം വലിയ തർക്കമായതോടെ പ്രശ്‌നം കെ പി സി സി പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തി നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന് അബു വ്യക്തമാക്കുകയായിരുന്നു.

ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും അബു പ്രശ്‌നത്തെ നിസ്സാരവത്ക്കരിച്ചു. യൂത്ത് കോൺഗ്രസ്, കെ എസ് യു പോലുള്ള യുവജനവിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പരിപാടികളിൽ പല ചർച്ചകളും ഉണ്ടാവും. പോസിറ്റീവല്ലാത്ത ചർച്ചകൾ നടന്നു എന്ന അഭിപ്രായം ഉണ്ടായപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി തീരുമാനിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഇക്കാര്യത്തിൽ ചർച്ചകൾ വേണ്ട ആവശ്യമില്ലന്നൊയിരുന്നു അബുവിന്റെ ഇക്കാര്യത്തിലുള്ള മറുപടി.

സംഘാടകർക്ക് എന്തോ അക്ഷരത്തെറ്റ് സംഭവിച്ചു പോയതാണ്. കുറേയാളുകൾ പങ്കടെുക്കുന്ന പരിപാടിയായാലും ഒന്നോ രണ്ടോ പേരാണ് പ്രമേയം തയ്യറാക്കുന്നത്. അവർക്ക് പറ്റിയ കൈപ്പിഴ മാത്രമാണ് അത്.ഇത്തരത്തിൽ പല സംഭവങ്ങളും ഉണ്ടാവാറുണ്ടെന്നും അബു പറഞ്ഞപ്പോൾ വാർത്താ സമ്മേളനത്തിൽ പങ്കടെുത്ത എൻ സുബ്രഹ്മണ്യൻ അബുവിനെ തിരുത്തിക്കോണ്ട് രംഗത്ത് വരുകയായിരുന്നു. രാഹുൽ ഗാന്ധിയെയാണ് ഇവർ വിമർശിച്ചത്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കാത്ത ആരും പാർട്ടിയിൽ വേണ്ട. ഇത്തരം നിലപാടുള്ളവർക്ക് പാർട്ടിക്ക് പുറത്താണ് സ്ഥാനം. ശക്തമായ നടപടി തന്നെ ഇക്കാര്യത്തിലുണ്ടാവുമെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. എൻ സുബ്രഹ്മണ്യന്റെ നാട്ടിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിലേക്ക് അദ്ദേഹത്തെ വിളിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ എ ഗ്രൂപ്പിന് ആധിപത്യമുള്ള പരിപാടിക്ക് പോവാൻ അദ്ദേഹം തയ്യറായില്ല.

എന്നാൽ വലിയ തോതിൽ യുവജന പങ്കാളിത്തത്തോടെ പരിപാടി നടന്നപ്പോൾ അതിലുള്ള അമർഷം കാരണം നിസ്സാരമായ പ്രശ്‌നം അദ്ദഹേം കുത്തിപ്പൊക്കുകയാണെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്. ഇതിലും മോശമായ രീതിയിൽ രാഹുൽ ഗാന്ധിയെ അപമാനിക്കാൻ കൂട്ടു നിന്ന ആളാണ് സുബ്രഹ്മണ്യനെന്നും ഇവർ പറയുന്നു. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ സംബന്ധിച്ച് വിവാദം കത്തി നിൽക്കുന്ന സമയത്തായിരുന്നു രാഹുൽ ബാങ്കോക്കിൽ പോയത് വ്യഭിചരിക്കാനാണ് എന്ന തരത്തിൽ ലേഖനം വന്നത്. ഇതിന് പിന്നിൽ സുബ്രഹ്മണ്യനായിരുന്നു. ലോകത്ത് സെക്‌സ് ടൂറിസം വലിയ തോതിൽ വളർന്ന നഗരമാണ് ബാങ്കോക്ക്. രാഹുൽ ബാങ്കോക്കിൽ തന്നെയായിരുന്നോ താമസം. അല്ലെങ്കിൽ എവിടെയൊക്കെ കറങ്ങി. എന്തായിരുന്നു പരിപാടി. കൂടെ ആരൊക്കെയുണ്ടായിരുന്നു എന്നൊക്കെയായിരുന്നു ലേഖനത്തിൽ ചോദ്യങ്ങൾ ഉയർത്തിയത്. ഇക്കാര്യങ്ങൾക്കുള്ള ഉത്തരം രാഹുൽ പറഞ്ഞില്ലങ്കെിൽ സോണിയ പറയിപ്പിക്കണം. പാർട്ടിയോടെ ജനങ്ങളോടെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന രാഹുലിനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തി കോൺഗ്രസിന് എത്ര ദൂരം മുന്നോട്ട് പോകാനാവുമെന്നും സുബ്രഹ്മണ്യത്തിന്റെ അറിവോടെ വന്ന ലേഖനത്തിൽ ചോദിച്ചിരുന്നു.

ഇത്രയും മോശമായി രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അപമാനിക്കാൻ കൂട്ടു നിന്ന എൻ സുബ്രഹ്മണ്യൻ ചെറിയൊരു സംഭവം കുത്തിപ്പൊക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് തന്നെയാണ് എതിർവിഭാഗം വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയ്‌ക്കെതിരെ പോരാടാൻ ശക്തനായ നേതാവ് കോൺഗ്രസിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് അവതരിപ്പിച്ചത്. കുന്ദമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ഇത്തരമൊരു പ്രമേയം അവരിപ്പിച്ചത്. ദേശീയ തലത്തിൽ കോൺഗ്രസിന് ശക്തമായ നേതൃത്വത്തിന്റെ അഭാവമുണ്ട്. ഇത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയാണ്. മോദിയോട് മത്സരിക്കാൻ കരുത്തുള്ള ശക്തമായ നേതൃത്വം കോൺഗ്രസിന് ഉണ്ടാവേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന പ്രമേയത്തിൽ ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കെ സി അബുവിനെതിരെ എതിർഗ്രൂപ്പുകൾ രൂക്ഷമായ സാഹചര്യത്തിൽ അദ്ദേഹത്തെ അനുകൂലിച്ചുള്ള പരാമർശവും പ്രമേയത്തിലുണ്ടായിരുന്നു. മുതിർന്നവർ സ്ഥാനമാനങ്ങളിൽ നിന്ന് മാറി നിന്നാലെ യുവാക്കൾക്ക് അവസരം ലഭിക്കുകയുള്ളുവെന്ന് പരസ്യമായി വിഴുപ്പലക്കുന്ന നേതൃത്വത്തോട് ഞങ്ങൾക്ക് പറയുവാനുള്ളത് നിങ്ങൾ പ്രവർത്തിച്ച് മറ്റുള്ളവർക്ക് മാർഗദർശികളായി വിമർശനത്തിന് തുനിയണമെന്നാണെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.