കോഴിക്കോട്:വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ഫെബിൻ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഒരാൾ രക്ഷപ്പെട്ടത്.

ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനിൽ തന്നെയുണ്ട്. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിർമ്മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിൻ റാഫിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായിട്ടില്ല. ഒരു സംഘം പൊലീസുകാർ സ്റ്റേഷനു സമീപം തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധനക്ക് നിർദേശമുണ്ട്.

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പമാണ് ഇവർ പിടിയിലായത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ബുധനാഴ്ചയാണ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായത്. പിന്നീട് ഇവരെ ആറു പേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തി. ബെംഗളൂരുവിൽനിന്നു കണ്ടെത്തിയ യുവാക്കളെ ഇന്നു പുലർച്ചെയാണ് കോഴിക്കോട് എത്തിച്ചത്.

അതേസമയം പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിൽ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.

ഒളിച്ചോടിയ പെൺകുട്ടികളിൽ ഒരാളെ മഡിവാളയിലെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ മൊഴി നൽകി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി എന്നിവരെയാണു ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികൾക്ക് ബംഗളൂരുവിലേക്ക് പോകാൻ പണം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ യുവാവാണ് പണം നൽകിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

26നു വൈകിട്ട് ഗേൾസ് ഹോമിൽനിന്നു പുറത്തുകടന്ന ആറ് പെൺകുട്ടികൾ പാലക്കാടുനിന്നും ട്രെയിൻ മാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിൽ എത്തുകയായിരുന്നു. അവിടെവച്ചാണു ടോം തോമസിനെയും ഫെബിൻ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞു. 'ഫ്രഷ് ആകാമെന്ന്' പറഞ്ഞ് മഡിവാളയിലെ ഫ്‌ളാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിച്ചു. കുട്ടികൾ സമ്മതിച്ചതോടെ അവരെ ബസിൽ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിൻ റാഫിയും ബൈക്കിൽ പുറകേ പോയി.

പെൺകുട്ടികളെ ഫ്‌ളാറ്റിൽ എത്തിച്ചശേഷം ഇരുവരും പുറത്തേക്ക് പോയി. പിന്നീട് ടോമും ഫെബിനും മദ്യവും ഭക്ഷണവുമായി തിരിച്ചെത്തി. പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നു പൊലീസ് പറയുന്നു. യുവാക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോൾ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റു പെൺകുട്ടികൾ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെ നാട്ടുകാർ വിവരം അറിഞ്ഞു.

പൊലീസ് എത്തുമ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടിരുന്നു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബസ് മാർഗം നിലമ്പൂർ എടക്കരയിൽ എത്തിയപ്പോഴാണ് നാല് പെൺകുട്ടികളെ പിടികൂടിയത്. ഒരു പെൺകുട്ടിയെ പിന്നീട് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ മാണ്ഡ്യയിൽ വച്ചു കണ്ടെത്തി.

എടക്കരയിൽ പിടിയിലായ നാല് പെൺകുട്ടികളെ ഇന്നലെ വൈകിട്ടും കർണാടകയിൽ പിടിയിലായ പെൺകുട്ടികളെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും ഇന്നു പുലർച്ചെയുമാണ് കോഴിക്കോട്ടെത്തിച്ചത്. വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു.