- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയ നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്; നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി കെടിഡിഎഫ്‌സി; സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ല; ബസ് സ്റ്റാന്റ് മാറ്റേണ്ടത് ചിലരുടെ താൽപര്യമെന്ന് ആർകിടെക്ട് ആർ.കെ. രമേശ്
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണത്തിൽ പാളിച്ചകളുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടുകൾക്ക് മറുപടിയുമായി കെട്ടിടം രൂപകൽപ്പന ചെയ്ത ആർകിടെക്ട് ആർ.കെ. രമേശ്.
കെ.എസ്.ആർ.ടി.സി സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് രമേശിന്റെ വാദം.ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവരട്ടേയെന്നും റിപ്പോർട്ട് പുറത്തുവന്നാൽ ആർക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയതെന്ന് മനസ്സിലാകുമെന്നും രമേശ് പറഞ്ഞു.
ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്ന കുറേ കാര്യങ്ങൾ തെറ്റാണെന്നും രമേശ് പറഞ്ഞു. രൂപകൽപ്പനയിൽ പിഴവില്ലെന്നും മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിചാരിച്ച പോലുള്ള ഒരു പ്രശ്നവും കെട്ടിടത്തിനില്ല എന്നും കെട്ടിടത്തിൽ ബസ് സ്റ്റാന്റും ഷോപ്പിങ് സെന്ററും പ്രവർത്തിപ്പിക്കാമെന്നും ചില ആളുകൾക്ക് ബസ് സ്റ്റാന്റ് അവിടെ നിന്ന് പോയാൽ അവരുടെ കാര്യങ്ങൾ ഭംഗിയായി നടത്താൻ പറ്റുമെന്നും രമേശ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണത്തിൽ അപാകതയുണ്ടെന്നാണ് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സമുച്ചയം പൂർത്തിയായതിനു പിന്നാലെ നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്.
തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ചേർക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ബസ് സ്റ്റാന്റ് താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സമുച്ചയ നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്ട്രക്ടച്ചറൽ ഡിസൈൻ പാളിയെന്നും രണ്ട് നിലകൾക്ക് ബലക്കുറവും ചോർച്ചയുമുണ്ടെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ട്. ഡിസൈനറെ പ്രതി ചേർത്ത് കേസെടുക്കാൻ ശുപാർശ ചെയ്യും. റിപ്പോർട്ട് ഈ മാസം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
അതേ സമയം കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തികൾ ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് കെടിഡിഎഫ്‌സി ഉറപ്പ് നൽകിയതായാണ് കെട്ടിടത്തിന്റെ ചുമതലയുള്ള അലിഫ് ബിൽഡേഴ്‌സ് പറയുന്നത്. കെട്ടിടം ഏറ്റെടുക്കുമ്പോൾ തകരാറിനെക്കുറിച്ചോ ചെന്നൈ ഐഐടി നടത്തുന്ന പരിശോധനയെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നാണ് അലിഫ് ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ മൊയ്തീൻ കോയ പറയുന്നത്.
കെട്ടിടത്തിന്റെ ഇരുഭാഗങ്ങളിലും വെള്ളം ഇറങ്ങുന്ന പ്രശ്‌നം കെടിഡിഎഫ്‌സിയെ അറിയിച്ചിരുന്നുവെന്നും ഇവർ പറയുന്നു. 30 വർഷത്തെ നടത്തിപ്പിനായി 26 കോടി രൂപ അലിഫ് ബിൽഡേഴ്‌സ് കെടിഡിഎഫ്‌സിയിലേക്ക് അടച്ചിട്ടുണ്ട്. കെട്ടിടം ബലപ്പെടുന്ന പ്രവൃത്തി പൂർത്തിയാക്കാനാവശ്യമായ സമയം കരാറിൽ നീട്ടി നൽകുമെന്ന് കെടിഡിഎഫ്‌സി അറിയിച്ചതായും അലിഫ് ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ മൊയ്തീൻ കോയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെഎസ്ആർടിസി സമുച്ചയത്തിന്റെ രൂപകൽപനയിൽ പിഴവ് വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങുകയാണ് കെടിഡിഎഫ്‌സി. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ കെട്ടിടത്തിന്റെ ഡിസൈൻ കെടിഡിഎഫ്‌സി അംഗീകരിച്ച ശേഷമാണ് നിർമ്മാണം തുടങ്ങിയതെന്നാണ് കെട്ടിടം രൂപകൽപന ചെയ്തവരുടെ വാദം. കെടിഡിഎഫ്‌സിയും വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പ് കരാർ ഏറ്റെടുത്ത കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇവർ ആരോപിച്ചു.
പാലാരിവട്ടം മോഡൽ പാളിച്ചകൊണ്ട് കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയം സജീവ ചർച്ചയാകുമ്പോൾ ഉത്തരവാദികൾ ആരെന്നതിലാണ് തർക്കം. ചെന്നൈ ഐഐടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പ്രകാരം കെട്ടിടത്തിന്റെ രൂപകൽപനയിലാണ് പ്രധാന പിഴവ്. തൂണുകളിൽ വേണ്ടത്ര സ്റ്റീൽ ഉപയോഗിച്ചിട്ടില്ല. സ്ട്രക്ച്ചറൽ എൻജിനീയറുടെ വൈധഗ്ധ്യം നിർമ്മാണത്തിൽ കാണാനുമില്ല. ഇത്തരത്തിൽ രൂപകൽപനയുമായി ബന്ധപ്പെട്ട പിഴവുകൾ അക്കമിട്ടുനിരത്തിയുള്ള റിപ്പോർട്ടിനെത്തുടർന്നാണ് കെഎസ്ആർടിസി സമുച്ചയം യുദ്ധകാല അടിസ്ഥാനത്തിൽ ബലപ്പെടുത്താനും അതുവരെ കെഎസ്ആർടിസി സ്റ്റാന്റ് മറ്റൊരിടത്തേക്ക് മാറ്റാനും കെടിഡിഎഫ്‌സി തീരുമാനിച്ചത്.
കെട്ടിടം ബലപ്പെടുത്താൻ 10 മുതൽ 15 കോടി രൂപ വരെ ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലാകും ബലപ്പെടുത്തൽ നടത്തുക. ഇതിനിടെയാണ് രൂപകൽപനയിൽ പിഴവ് വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കെടിഡിഎഫ്‌സി നീക്കം. പിഴവ് സ്ട്രക്ച്ചറൽ ഡിസൈനിലെന്ന് ചെന്നൈ ഐഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മറുപടി പറയേണ്ടത് രൂപകൽപന നടത്തിയവർ തന്നെയെന്ന് കെടിഡിഎഫ്‌സി എംഡി ഡോ ബി അശോക് പറഞ്ഞു.
എന്നാൽ സമുച്ചയത്തിന്റെ ആർക്കിടെക്ചറൽ ഡിസൈനും സ്ട്രക്ച്ചറൽ ഡിസൈനും നടത്തിയവർ ഈ വാദം തള്ളുകയാണ്. ഡിസൈൻ കെടിഡിഎഫ്‌സി അംഗീകരിച്ച ശേഷമാണ് നിർമ്മാണം തുടങ്ങിയത്. മാത്രമല്ല ചെന്നൈ ഐഐടി റിപ്പോർട്ടിനെ കെടിഡിഎഫ്‌സി പെരുപ്പിച്ച് കാട്ടുകയാണെന്നും ഇവർ പറയുന്നു.
കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല 30 വർഷത്തേക്ക് എടുത്തിരിക്കുന്നത് കോഴിക്കോട്ടെ അലിഫ് ബിൽഡേഴ്‌സാണ്. ഇവർ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായാണ് ബസ് സ്റ്റാന്റ് അനാവശ്യമായി അടച്ചിടാൻ ഒരുങ്ങുന്നതെന്നും കെട്ടിടം ഡിസൈൻ ചെയ്തവർ ആരോപിച്ചു. ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഉടൻ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
2015ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ