കോഴിക്കോട്: സ്വയം നശിച്ച് സ്വകാര്യ വിമാനക്കമ്പനികൾക്ക് വളമായി മാറുക എന്ന ശൈലി എയർഇന്ത്യ തുടങ്ങിയിട്ട് കാലം കുറേയായി. നിരക്കുകൾ ഇടയ്ക്കിടെ വർദ്ധിപ്പിച്ചും ഓഫ് സീസണിൽ പോലും നിരക്ക് താഴ്‌ത്താതെയും ലാഭകരമായ റൂട്ടുകളിൽ പോലും കെടുകാര്യസ്ഥത വരുത്തിയും പ്രവാസികൾ അടക്കമുള്ള യാത്രക്കാരെ വെറുപ്പിക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈൻസ്. ഗൾഫിലേക്ക് ഏറ്റവും അധികം പേർ യാത്ര ചെയ്യുന്ന മലയാളികളാണ് പലപ്പോഴും ഇക്കാരണങ്ങൾ കൊണ്ട് യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നത്. കുവൈത്തിലേക്ക് യാത്ര ചെയ്യാൻ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നടക്കം നിരവധി പേർ ഉണ്ടെങ്കിലും നിരക്ക് കുറയ്ക്കാൻ തയ്യാറാകാതെ പ്രവാസികളെ പിഴിയുകയാണ് എയർഇന്ത്യാ അധികൃതർ ചെയ്യുന്നത്. ഇതിൽ കുവൈത്ത് മലയാളികൾ കടുത്ത പ്രതിഷേധത്തിലാണ്.

കുവൈത്ത് യാത്രാനിരക്ക് കുറയ്ക്കാൻ തയ്യാറാകാത്ത എയർഇന്ത്യാ നടപടിക്കെതിരെ കെഎംസിസി കുവൈത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഇട്ട ഒരു ചിത്രവും കുറിപ്പും അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് തന്നെ പ്രവാസികളുടെ പ്രതിഷേധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്നും കരിപ്പൂരിലേയ്ക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരുടെ എണ്ണം നന്നേ കുറവായിരുന്നു. 50 ശതമാനത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും യാത്രാനിരക്ക് കുറക്കാൻ അധികൃതർ തയ്യാറാവാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

നാട്ടിലേയ്ക്കും തിരിച്ചുമായി ഏകദേശം നാൽപ്പതിനായിരത്തോളം രൂപ നൽകിയാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നത്. ഓഫ് സീസണിൽ യാത്രക്കാരെ പിടിക്കാൻ വേണ്ടി മറ്റ് വിമാനകമ്പനികൾ യാത്രാനിരക്ക് പകുതിയാക്കിയും സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെയാണ് എയർ ഇന്ത്യ കടുംപിടുത്തം തുടരുന്നത്. എന്നാൽ, നേരിട്ട് സർവീസ് ഇല്ലാത്തതും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും മൂലം കുവൈറ്റ് മലയാളികൾ അവസാനം എയർ ഇന്ത്യ എക്സ്‌പ്രസിനെ ആശ്രയിക്കുന്ന അവസ്ഥയാണ്.

ഇങ്ങനെ കാലിസീറ്റുകളുമായി കുവൈത്തിലേക്ക് എയർഇന്ത്യ പറന്നുയരുന്നത് സ്വകാര് വിമാനക്കമ്പനികളുമായുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. നിരയ്ക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രവാസികൾക്കിടയിൽ ശക്തമായിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതരുടെ നടപടിയ്‌ക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ഇ.അഹമ്മദിന് രേഖാമൂലം പരാതി നൽകിയതായും വരുന്ന നോർക്ക മീറ്റിങ്ങിൽ വിഷയം ഉന്നയിക്കുമെന്നും നോർക്ക വെൽഫെയർ ബോർഡ് ഡയറക്റ്റർ കൂടിയായ ഷറഫുദ്ദീൻ കണ്ണേത്ത് വ്യക്തമാക്കി.

വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കുവൈത്തിലെ പ്രവാസി സംഘടനകളുടെ തീരുമാനം. ദ്വീർഘകാലമായുള്ള കുവൈത്ത് മാലയാളികളുടെ ആവശ്യത്തിന് ഒടുവിലാണ് കോഴിക്കോട് - കുവൈത്ത് സിറ്റി സർവീസ് തുടങ്ങാൻ എയർഇന്ത്യ തീരുമാനിച്ചത്. ഏറെ പ്രതീക്ഷയോടെ ലഭിച്ച വിമാന സർവീസിന്റെ പേരിൽ യാത്രക്കാരെ പിഴിയുന്ന സമീപനമാണ് എയർഇന്ത്യ സ്വീകരിച്ചതും.