കോഴിക്കോട്: ചിത്രത്തിൽ കണ്ട പാർക്ക് നേരിട്ട് കാണാൻ യൂറോപ്പ് വരെയൊന്നും പോകേണ്ട. കോഴിക്കോട് കാരക്കാട് വരെ യാത്ര ചെയ്താൽ മതി. ജിംനേഷ്യവും കുട്ടികൾക്കുള്ള പാർക്കും ബാഡ്മിന്റൺ കോർട്ടുകളും, ഭിന്നശേഷിക്കാർക്കുവേണ്ടി പ്രത്യേക പാതകളും ശുചിമുറികളുമൊക്കെയായി മൊഞ്ചുള്ള ഒരു പാർക്ക്. കാരക്കാടുണ്ടായിരുന്ന വാഗ്ഭടാനന്ദ പാർക്കിനാണ് അടിമുടി മാറ്റം വന്നിരിക്കുന്നത്.

യൂറോപ്യൻ മാതൃകയിൽ നവീകരിച്ച വാഗ്ഭടാനന്ദ പാർക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പാർക്കിന്റെ ചിത്രങ്ങൾ വൈറലാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവിലാണു പാർക്ക് നിർമ്മിച്ചത്. പാർക്ക് നവീകരണത്തിനു മുൻപും പിൻപുമുള്ള ചിത്രങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

ആധുനിക ഡിസൈനുകൾ തന്നെയാണ് ഹൈലറ്റ്. മനോഹരമായ പ്രതിമകളും കലാപരിപാടികൾ സംഘടിപ്പിക്കാനായി തുറന്ന വേദിയും ഒഴിവുസമയങ്ങൾ ചെലവിടാൻ ബാഡ്മിന്റൺ കോർട്ടുകളുമുണ്ട്. പാർക്കിലെത്തുന്ന ഭിന്നശേഷിക്കാർക്കുവേണ്ടിയും പ്രത്യേക പാതകളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. വീൽചെയറുകളിൽ വരുന്ന സന്ദർശകർക്കു സുഗമമായി പോകാൻ പ്രത്യേക വഴി. കാഴ്ചാ പരിമിതിയുള്ളവർക്കു പരസഹായം കൂടാതെ നടക്കാൻ ടാക്ടൈൽ ടൈലുകൾ പതിച്ച പാതകൾ.

A small village in Kerala named Karakkad. pic.twitter.com/aZAWzzdu98

- The Saudade Guy (@arunrajpaul) January 6, 2021

പ്രാദേശികവാസികളുടെ കൂട്ടായ്മയും സഹകരണവും കൊണ്ടാണു പാർക്കിനു പുതിയ മുഖം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകൻ വാഗ്ഭടാനന്ദ ഗുരുവിനോടുള്ള ആദരസൂചകമായാണു പാർക്ക് നിർമ്മിച്ചത്. വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിയായിരുന്നു നിർമ്മാണം. നവീകരിച്ച പാർക്ക് കാണാനുള്ള കൊതി വിദേശികളടക്കം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.