ളുപ്പില്ലാത്തവന് ആസനത്തിൽ ആൽ മുളച്ചാൽ അതും ഒരു തണൽ എന്ന പഴഞ്ചൊല്ലിന്റെ യഥാർത്ഥരൂപം അറിയണമെങ്കിൽ ഇപ്പോൾ കോഴിക്കോട്ട് നടക്കുന്ന കേരള സ്‌കൂൾ കലോൽസവത്തിലേക്ക് ഒന്നുവരണം. അപ്പീലും, തല്ലും പാതിരാവരെ നീളുന്ന മൽസരങ്ങളുമായി കുളമായിട്ടും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ മേള ചരിത്ര വിജയത്തിലേക്കാണെന്ന് വീമ്പടിക്കുന്നു! സത്യത്തിൽ കഴിഞ്ഞ പത്തുപതിഞ്ച് വർഷത്തിനിടയിൽ ഏറ്റവും മോശമായി സംഘടിപ്പിക്കപ്പെട്ട മേളയാണിത്. പത്രങ്ങളും ചാനലുകളും കാണിക്കുന്ന അതിശയോക്തി പ്രയോഗങ്ങുടെയും പൈങ്കിളി കഥകളുടെയും നിറം പിടിച്ച സുഖത്തിൽ എല്ലാവരും അത് മറുക്കുന്നു. ഒരുകാര്യത്തെക്കുറിച്ചും വ്യക്തതയില്ലാത്ത കുറെ ഉദ്യോഗസ്ഥർ, പ്രാഞ്ചിയേട്ടന്മാരെ അനുസ്മരിപ്പിച്ച് തലങ്ങും വിലങ്ങും കുറെ ലീഗ് കുട്ടിനേതാക്കൾ. ഒരുരാത്രി മുഴുവൻ നീളുന്ന നൃത്തങ്ങൾ, ഒന്നര ദിവസം നീളുന്ന നാടകം, പ്രധാനവേദികളിൽ കസേര കൊണ്ടിടാൻ പോലും ആളില്ല. രണ്ട് തകര ഷെഡുകൾ കൂട്ടിയിട്ടാൽ മുഖ്യവേദിയിലെ ബാത്ത്‌റൂമായി. ബാക്കിയുള്ളിടത്തെല്ലാം നാറ്റത്തിന്റെ കളിതന്നെ. മൽസരത്തിനിടെ കറണ്ട് പോവുന്നു, വരുന്നു. റിസൾട്ട് ടാബുലേറ്റ് ചെയ്യാൻ എടുക്കുന്നത് മണിക്കൂറുകളാണ്. ഒരു സംശയംപോലും ചോദിച്ചാൽ പരിഹരിക്കാൻ നാഥനില്ല. ഒന്നിനുമാത്രം കുറവില്ല. അഴിമതിക്ക്. പന്തലുതൊട്ട് , പപ്പടം കാച്ചൽ വരെ അഴിമതിയാണ്. അവർ കോമൺവെൽത്ത് ഗെയിംസിൽ നിന്നും, ദേശീയഗെയിംസിൽ നിന്നും കൈയിട്ടുവാരിയപ്പോൾ നമുക്കിതാ ഒരു വെള്ളാന!

കുടത്ത ബാലപീഡനം

സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ മറുപുറമറിയേണ്ടവർ, ഒപ്പനയും, സംഘനൃത്തവും, മാർഗം കളിയുമൊക്കെ കഴിഞ്ഞ് ഒന്ന് വേദിയുടെ പിന്നാമ്പുറത്തേക്കൊന്ന് പോയിനോക്കണം. തലകറങ്ങി വീഴുന്നവർ, എണീക്കാൻപോലും പറ്റാത്തവർ, ഛർദിക്കുന്നവർ, വായിൽനിന്ന് നുരയും പതയും വരുന്നവർ...ബി.പി താഴാതിരക്കാനായി നെഞ്ചമർത്തുന്നു, വീശുന്നു, ഗ്‌ളൂക്കോസ് കുടിപ്പിക്കുന്നു. എന്തോ വാഹനാപകടം കഴിഞ്ഞുള്ള രക്ഷാപ്രവർത്തനമാണിതെന്ന് തോന്നിപ്പോകും.

അതായത് 14പേർ മൽസരിക്കേണ്ടിടത്ത് കൂട്ട അപ്പീൽകാരണം നാൽപ്പത്തിയഞ്ചും അമ്പതും പേർ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും. മേക്കപ്പിട്ട് പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ഇരുന്ന കുട്ടികളുടെ അവസ്ഥയെന്താവും. അതുകൊണ്ടുതന്നെയാണ് ഇവർ കുഴഞ്ഞ് വീഴുന്നതും. ഇത്തരം വലിയൊരു പീഡാനുഭവത്തിലൂടെ കടന്നുപോയൽ പിന്നെ ഈ കുട്ടികൾ ഭാവിയിൽ കലയെ വെറുക്കുമെന്ന് ഉറപ്പല്ലേ.

അപ്പീൽ പ്രവാഹം, അഴിമതി

ജില്ലാ സ്‌കൂൾ കലോൽസവത്തിലെ മൽസരഫലം ചോദ്യംചെയ്തുകൊണ്ട് സംസ്ഥാനതലത്തിലേക്ക് അയിരത്തി മുന്നൂറിലധികം കുട്ടികൾ അപ്പീലുമായി എത്തിയതാണ് മേളയെ ഫലത്തിൽ താളംതെറ്റിച്ചത്. ഈ അപ്പീലുകൾ അനുവദിക്കുന്നതിൽ അഴിമതിയാണെന്ന് ആർക്കാണ് അറിയാത്തത്. ഡി.ഡി.ഇ മാർ കാശുവാങ്ങിയാണ് കാര്യങ്ങൾ തീർപ്പാക്കുന്നതെന്ന് പ്രശസ്ത നൃത്താധ്യാപിക റിഗാറ്റ ഗിരിജാ ചന്ദ്രനൊക്കെ പരസ്യമായി ആരോപിച്ചിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കൂടുതൽ അപ്പീലുകൾ അനുവദിച്ച് പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഡി.ഡി.ഇ മാർക്കെതിരെ പൊതുവിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഇത് കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്ന് വ്യക്തമാണ്. മുൻകാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം നടന്നിട്ട് എന്ത് ഫലമാണ് ഉണ്ടായത്. മാത്രമല്ല ഭരണകക്ഷി രാഷ്ട്രീയക്കാരാണ് ഡി.ഡി.ഇ മാർക്ക് ഒത്താശചെയ്യുന്നതും. കുറെ അപ്പീലുകളൊക്കെ ലീഗുകാർ എടുത്തുകൊണ്ടുപോയി പാർട്ടി ഓഫീസിൽവച്ച് തീർപ്പാക്കിയെന്ന ഉപകഥയും ഇതോടൊപ്പമുണ്ട്.[BLURB#1-H] 

ഇപ്പോഴിതാ കോടതി മാത്രമല്ല, ഒംബുഡ്‌സ്മാനും, ലോകായുക്തയും, ഉപലോകായുക്തയും, ബാലാവകാശ കമ്മീഷനുമൊക്കെ അപ്പീൽ അനുവദിച്ച് കുട്ടികളെ മേളക്ക് വിടുകയാണ്. വെള്ളക്കടലാസിൽ എഴുതിക്കൊടുക്കുന്നവർക്കൊക്കെ അത് വായിച്ചുപോലും നോക്കാതെ അപ്പീൽ അനുവദിച്ച് ബാലാവകാശ കമ്മിഷൻ ചരിത്രം സൃഷ്ടിച്ചു. ഒന്നും രണ്ടുമല്ല, നൂറിലധികം അപ്പീലുകളാണ് കമ്മിഷൻ അനുവദിച്ചത്. ഇതോടെ മേള താളംതെറ്റി ബാലാവകാശങ്ങൾമൊത്തമായി ലംഘിക്കപ്പെടുകയാണെന്ന് കമ്മിഷൻ അറിയുന്നില്ല. ഓഡിറ്റ്‌ചെയ്യാത്ത പണം പലപ്പോഴും അനുവദിക്കപ്പെടുന്നതിനാൽ കാശുപുട്ടടിക്കാനുള്ളവർക്ക് നല്ല ചാൻസാണ് ഈ മേള. അഡ്വക്കേറ്റ് ഡി.ബി. ബിനു വിവരാവകാശ പ്രകാരം എടുത്ത രേഖകളിൽ കടുത്ത അഴിമതിയാണ് ജില്ലാ കലോൽസവങ്ങളിൽ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിക്കാണ് പന്തൽപ്പണിവരെ തീർക്കുക. ഭക്ഷണം വാങ്ങിയതുതൊട്ട് സകലതിലുമുണ്ട് മലബാറുകാർ പറയുന്ന 'ഇസ്‌ക്കൽ'. കേരളം ഒരു വെള്ളരിക്കാപ്പട്ടണമായതുകൊണ്ട് ആര് ചോദിക്കാൻ ആരു പറയാൻ. അദ്ധ്യാപകർക്കും നല്ല കുശാലാണ് ഈ മേള. കലോൽവസ ഡ്യൂട്ടിയിലാണെന്ന് ഫോം പൂരിപ്പിച്ചുകൊടുത്ത് ഒരു പണിയുമെടുക്കാതെ മുങ്ങിനടക്കാം. കഴിഞ്ഞതവണ ഡി.പി.ഐ ബിജുപ്രഭാകർ നടത്തിയ അന്വേഷണത്തിൽ കുറെ മുങ്ങൽ വിദഗ്ധരായ അദ്ധ്യാപകരെ പിടികൂടി താക്കീത് ചെയ്തിരുന്നു.

മാദ്ധ്യമങ്ങളുടെ മേള; ലീഗുകാരുടെയും

രുകാലത്ത നമ്മുടെ അഭിമാനമായിരുന്ന കേരളസ്‌കൂൾ കലോൽസവം ഈ രീതിയിൽ പിടുത്തം വിടാനുള്ള അടിസ്ഥാന കാരണമെന്താണ്. ഏറ്റവും പ്രധാനം മന്ത്രി അബ്ദുറബ്ബിന്റെ ദുരഭിമാനവും, ഉദ്യോഗസ്ഥരോടുള്ള സമീപനവും തന്നെയാണ്. കഴിഞ്ഞ തവണ പൊതുവിദ്യാഭ്യാസ ഡയറക്‌റായിരുന്ന ബിജു പ്രഭാകർ കലോത്സവങ്ങളെ നവീകരിക്കാനുള്ള പദ്ധതികളുമായി ഒരുപാട് മുന്നോട്ട് പോയതായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തെ മാറ്റി. കാരണം എല്ലാവർക്കും അറിയാം. മന്ത്രിയുടെയും ലീഗീകാരുകെയും ചൊൽപ്പടിക്ക് നിൽക്കാൻ ബിജുവിനെ കിട്ടില്ല. മുൻ ഡി.പി.ഐ മുഹമ്മദ് ഹനീഷും കലോത്സവ പരിഷ്‌ക്കരണത്തിന് ഒരുപാട് ആശയങ്ങൾ ഉള്ളവരായിരുന്നു. പക്ഷേ അദ്ദേഹത്തെയും പൊാടുന്നനെ സ്ഥലംമാറ്റി. പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറാകട്ടെ ദീർഘകാല അവധി കഴിഞ്ഞ് തിരച്ചത്തെിയതേയുള്ളൂ. മന്ത്രിയുമായി നല്ല സുഖത്തിലല്ലാത്ത ഇദ്ദേഹവും മേളക്കാര്യത്തിലടക്കം നിസ്സഹകരണ മനോഭാവം തുടരുകയാണ്.[BLURB#2-VL]

ഇപ്പോൾ ഗത്യന്തരമില്ലാതെ അപ്പീലുകൾ കുറക്കുമെന്നും കലോൽസവ മാന്വൽ പരിഷ്‌ക്കരിക്കുമെന്നൊക്കെ മന്ത്രി തട്ടിവിടുകയാണ്. അപ്പോൾ കഴിഞ്ഞ കൊല്ലത്തെ കമ്മറ്റികളൊക്കെ എന്തായി എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല, മനോരമക്കും മന്ത്രിക്കും ഈ മേളയിൽ ഒരു രഹസ്യ അജണ്ടയുണ്ടെന്നും ആരോപണമുണ്ട്. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്‌കൂളുകളെക്കൂടി ഉൾപ്പെടുത്തി മേള വികസിപ്പിക്കണമെന്നാണ് മനോരമയുടെ ബുദ്ധി. അതോടെ മന്ത്രിയുടെ അഭിപ്രായവും അതുതന്നെയായി. എന്നാൽ സർക്കാർ ചെയ്യേണ്ടത് പൊതു വിദ്യാഭ്യാസ സംരക്ഷണമാണെന്നും സി.ബി.എസ്.ഇക്കാരെ ഉൾപ്പെടുത്തിയാൽ ഇപ്പോൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് കിട്ടുന്ന മേൽക്കൈ നഷ്ടമാവുമെന്ന് ലീഗ് അദ്ധ്യാപക സംഘടനവരെ അറിയിച്ചതോടെയാണ് മന്ത്രി മുന്നോട്ടുവച്ചകാൽ താൽക്കാലികമായി പിൻവലിച്ചത്.

ഇത് ലീഗ് മേളയാക്കുന്നതിൽ പ്രതിഷേധിച്ചെന്നോണം കോൺഗ്രസ് നേതാക്കൾവരെ പരോക്ഷമായി നിസ്സഹകരണത്തിലാണ്. പ്രതിപക്ഷത്തെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇടതു അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 'വിശപ്പാണ് ഏറ്റവും വലിയ വിപ്ലവാചാര്യൻ എന്ന് ബേർഡ് വച്ചുകൊണ്ട്' പഴയിടത്തിന്റെ ബോറൻ ഭക്ഷണം വിളമ്പുന്നു. (റേഷനരിപോലത്തെ ചോറിൽ, നേർപ്പിച്ച സാമ്പാറും ചില ഏക്രൂട്ടി കറികളുമായി സദ്യയൊരുക്കുന്ന പഴയിടത്തെയും 'നളൻ' എന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കാറ്) നല്ല സംഘാടകനും ഇടതു എംഎ‍ൽഎയുമായ എ.പ്രദീപ്കുമാർ എല്ലാറ്റിൽ നിന്നും മാറിനിൽക്കയാണ്. അത്തും പുത്തിയുമായ മേയർ എ.കെ പ്രേമജമും ഉള്ളതും ഇല്ലാത്തതും കണക്കാണ്. ഒരു സർക്കാർ എൽ.ഡി ക്‌ളർക്കിന്റെ കാര്യപ്രാപ്തി പോലുമില്ലാത്ത ജില്ലാ കലക്ടർ ലതയും, ഷൈൻചെയ്യണമെന്നല്ലാതെ മറ്റ് അജണ്ടകളൊന്നുമില്ലാത്ത മന്ത്രി എം.കെ മുനീറുമാണ് മേളയുടെ മറ്റ് സംഘാടകർ. ഇത് ഇങ്ങനെ നാഥനില്ലാക്കളരിയായെന്നതിൽ പിന്നെ അത്ഭുതമുണ്ടോ.[BLURB#3-H]

മേളകൊണ്ട് ഗുണമുണ്ടാവുന്ന ഒരു കൂട്ടർ മാദ്ധ്യമങ്ങളാണ്. അവർ നടത്തുന്ന സമാന്തര ഉൽസവമായി സത്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള മാറുകയാണ്. ആട്ടവും പാട്ടും സെലിബ്രിറ്റികളും തീറ്റ മൽസരങ്ങളുമായി അവരാണ് മേള ഓളമാക്കുന്നത്. മേളയിലെ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിലല്ല, ഇപ്പോൾ പിതാവ് മരിച്ച കുട്ടികളുടെയും, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെയും കദന കഥ കണ്ടെത്തുന്ന തിരക്കിലാണ് നമ്മുടെ മീഡിയ. അതിനിടയിൽ ഈ മേളയിൽകാണുന്ന പിടിപ്പുകേടുകളും കുട്ടികളുടെ കഷ്ടപ്പാടും ആരും അറിയുന്നില്ലെന്ന് മാത്രം.

വാൽക്കഷ്ണം: മേളയലെ മുഖ്യവേദിയിലെ പന്തലിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ സ്ഥാപിച്ചുകൊണ്ട് ഇത് തങ്ങളൂടെ മാത്രം മേളയാണെന്ന് ലീഗുകാർ ഉറപ്പിച്ചിരുന്നു. സാധാരണ മൺമറഞ്ഞ പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഒക്കെ പടങ്ങളാണ് ഇവിടെ വെക്കാറ്. എത്ര വിമർശനം വന്നിട്ടും ലീഗുകാർ ഇത് മാറ്റിയില്ല. അല്ലെങ്കിലും ലീഗിന്റെ പ്രധാനമന്ത്രി തന്നെയല്ലേ ശിഹാബ് തങ്ങൾ.