- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നി വീണു; വനപാലകരെത്തി രക്ഷപ്പെടുത്തി
കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ രക്ഷപ്പെടുത്തി. പെരുമണ്ണ പയ്യടി മേത്തൽ കണ്ടഞ്ചേരി ജമാഅത്ത് ഖബർസ്ഥാനിനടുത്തുള്ള പി.സി.റസാഖിന്റെ കിണറിലാണ് കാട്ടുപന്നി വീണത്.
ശനിയാഴ്ച രാത്രി ഉപയോഗശൂന്യമായ കിണറിൽ എന്തോ വീണ ശബ്ദം കേട്ടതിനെ തുടർന്ന് അടുത്തുള്ള വീട്ടുകാരൻ നടത്തിയ തിരച്ചിലിലാണ് കാട്ടുപന്നി കിണറിൽ അകപ്പെട്ടത് ശ്രദ്ധയിൽ പെട്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ആർ.ആർ -ടി.അംഗം ഗിരീഷ് സ്ഥലത്തെത്തി ആൾമറയില്ലാത്ത കിണറിന് ചുറ്റും കമ്പ് തറച്ച് കയർ ഉപയോഗിച്ച് കെട്ടിയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ താമരശ്ശേരി റേഞ്ച് ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുമായെത്തിയാണ് പന്നിയെ കിണറിൽ നിന്നും കരയ്‌ക്കെത്തിച്ചത്.
കൂടിനുള്ളിലാക്കിയ പന്നിടെ താമരശ്ശേരിയിലേക്ക് കൊണ്ട് പോയി. റേഞ്ച് ഓഫീസറെ കൂടാതെ വാച്ചർമാരായ എ.വി.ഗിരീഷ്, ഷബീർ, കരീം, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വന്യജീവികൾ ഒന്നും അധിവസിക്കാത്ത പയ്യടി മേത്തൽ ഗ്രാമത്തിൽ കാട്ടുപന്നി കിണറ്റിൽ വീണതറിഞ്ഞ് നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയത്. രണ്ട് മാസങ്ങൾക്ക് മുമ്പ് പെരുമണ്ണയിലെ തന്നെ അരമ്പച്ചാൽ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപകമായതോതിൽ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.