കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂർ ആനപ്പാറ കരിങ്കൽ ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കി പരിസരവാസികൾ. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. ക്വാറിക്കെതിരെ പ്രദേശവാസികൾ കഴിഞ്ഞ കുറേ നാളുകളായി പ്രക്ഷോഭത്തിലാണ്.

ക്വാറിയിൽ സ്ഫോടനം നടത്തുന്നതു തങ്ങളുടെ വീടിനു കേടുപാടുകൾ സംഭവിക്കുന്നതിനു കാരണമാകുന്നതായി ജനങ്ങൾ പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സമര രംഗത്താണ്. അതിനിടെ ക്വാറി പ്രവർത്തിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നു കാട്ടി,സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു ചെയ്തു നീക്കാൻ കൊയിലാണ്ടി പൊലീസ് ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു. ഇത് സമരം ചെയ്യുന്നവരും പൊലീസും തമ്മിലുള്ള തർക്കത്തിനു ഇടയാക്കി.

ആനപ്പാറ ക്വാറിയുടെ അമ്പതു മീറ്ററിനുള്ളിൽ നിരവധി വീടുകളും അങ്കണവാടിയുമുണ്ട്. ക്വാറിക്ക് സമീപത്തു കൂടി റോഡിലൂടെ ഭാരം കയറ്റിയുള്ള വാഹന ഗതാഗതം പാടില്ലെന്ന് കീഴരിയൂർ പഞ്ചായത്ത് അധികൃതർ ഉത്തവ് ഇറക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ക്വാറിക്ക് സമീപമുള്ള പഞ്ചായത്ത് റോഡിലൂടെ ഭാരം കയറ്റി പോകുന്ന വാഹനങ്ങളുടെ യാത്രക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

എന്നാൽ ഹൈക്കോടതി ഉത്തരവുള്ളതിനാൽ ക്വാറിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് കൊയിലാണ്ടി എസ്‌ഐ രാജേഷ് പറഞ്ഞു. മനുഷ്യ ജീവനു ഭീഷണിയായ ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ലോഡ് കണക്കിന് കരിങ്കല്ലാണ് കൊണ്ടു പോകുന്നത്.

അശാസ്ത്രിയമായ കരിങ്കൽ ഖനനം മലയുടെ മുകളിൽ വലിയ കുഴികൾ രൂപപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത് ഉരുൾപൊട്ടലിന് ഇടയാക്കും. കീഴരിയൂർ ഭാഗത്തെ കുന്നുകളെല്ലാം തുരന്ന് നാശത്തിലായി. പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ഇവ വരുത്തി വെക്കുന്നത്. മീറോട് മലയിൽ ചെങ്കൽ ഖനനവും,തങ്കമലയിലും ആനപ്പാറയിലും കരിങ്കൽ ഖനനവും നടക്കുന്നു. ആനപ്പാറയും തങ്കമല ക്വാറിയും രണ്ടര കിലോമീറ്റർ അകലത്തിലാണ്.