- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് മർദ്ദനത്തെ മഹത്വവൽകരിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ആക്ഷൻ ഹീറോ ബിജു ന്യായീകരണ പോസ്റ്റ്; 'ആരൊക്കെ എതിർത്താലും ഇടി തുടരും എന്നാണോ ഏമാന്മാർ ഉദ്ദേശിച്ചത്': കമന്റുകളുടെ പെരുമഴ
തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരനെ നെഞ്ചിൽ ചവിട്ടിയ സംഭവത്തെ പരോക്ഷമായി ന്യായീകരിച്ച് കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ന്യായീകരണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ വിമർശനങ്ങൾക്ക് ഇടയാക്കിയ ഭാഗത്തിന്റെ ചിത്രം നൽകിയാണ് പൊലീസിന്റെ ന്യായീകരിക്കൽ. പൊലീസ് മർദ്ദനങ്ങളെ മഹത്വവൽക്കരിക്കുന്ന ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ചിത്രമാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.
ആദ്യ മീം സൈലന്റ്. രണ്ടാമത്തേത് : ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം പൂർണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും. NB : ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട,' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
ആക്ഷൻ ഹീറോ സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയോട് അപമര്യാദയായി ഞങ്ങൾ മർദ്ദനം തുടരുമെന്ന് നായകൻ നിവിൻ പോളി പറയുന്ന രംഗത്തിന്റെ ചിത്രമാണിത്. കേരള പൊലീസിനെതിരെ നിലവിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെയുള്ള മറപടിയാണോയെന്നാണ് പലരും ചോദിക്കുന്നത്. ഇത്രയൊക്കെ ഗുണ്ടായിസം കാണിച്ചിട്ടും ഇങ്ങനെ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ ആരാണ് കേരള പൊലീസിന് ധൈര്യം കൊടുത്തതെന്ന തരത്തിലുള്ള കമന്റുകളും ഉയരുന്നുണ്ട്. ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ഈ സ്വഭാവം തുടരാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ ക്ഷമ നശിക്കുമെന്നും ചിലർ കമന്റ് ചെയ്തു.
സംസ്ഥാനത്ത് വ്യാപകമായി പൊലീസുകാരുടെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനരോഷം ശക്തമാണ്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ നിരവധി പേർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ