തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരനെ ചവിട്ടിക്കൂട്ടിയ സംഭവത്തെ ന്യായീകരിച്ച് ഫേസ്‌ബുക്ക് പേജിൽ നൽകിയ പോസ്റ്റ് പൊലീസ് മുക്കി. കടുത്ത വിമർശനം ഉയർന്നതിനു പിന്നാലെയാണ് പൊലീസിന്റെ ഔദ്യോഗിക പേജിൽ നൽകിയ പോസ്റ്റ് പിൻവലിച്ചത്.

നിരവധി പേരാണ് പൊലീസിന്റെ ന്യായീകരിക്കൽ പോസ്റ്റിനെതിരെ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലും മിനിറ്റുകൾക്കിടയിൽ ഇത് ചൂടൻ ചർച്ചയായിരുന്നു. പോസ്റ്റ് പിൻവലിക്കുന്നതു സംബന്ധിച്ച് വിശദീകരണമൊന്നുമില്ലാതെയാണ് മുക്കിയിലരിക്കുന്നത്.

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ വിമർശനങ്ങൾക്ക് ഇടയാക്കിയ ഭാഗത്തിന്റെ ചിത്രം നൽകിയാണ് പൊലീസ് ട്രെയിൻ സംഭവത്തെ ന്യായീകരിച്ചത്. 'അല്ലയോ മഹാനുഭാവ. താങ്കൾ എന്തിനാണ് ഇത്തരം കുത്സിത പ്രവർത്തികളിൽ ഏർപ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും'- എന്ന് നിവിൻ പോളിയുടെ കഥാപാത്രമായ എസ്‌ഐ ബിജു ചോദിക്കുന്ന സീനാണ് പൊലീസ് പങ്കുവച്ചത്. ചിത്രത്തിന്റെ തുടർ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കേണ്ട എന്ന ഉപദേശവും ഷെയർ ചെയ്ത മീമിനൊപ്പം പൊലീസ് നൽകിയിരുന്നു.

ആദ്യം സൈലന്റ്, രണ്ടാമത്തേത്: ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം പൂർണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. കേസിൽ പെട്ട ആളാണെങ്കിൽ പൊലീസിന് എന്തും ചെയ്യാമെന്നുള്ള തരത്തിലെ സന്ദേശമാണ് എമാന്മാർ സമൂഹത്തിന് നൽകുന്നതെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകളിലെ പ്രതികരണം.