- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ ടി ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടു; കേരള പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലാണ് ജലീൽ ഇഡിയെ സമീപിച്ചത്; കേന്ദ്ര സർക്കാറിന്റെ ഏജൻസിയുടെ അന്വേഷണത്തെ ഒരു കാലത്തും സിപിഎം സ്വാഗതം ചെയ്തിട്ടില്ല; ജലീലിനെ പരിഹസിച്ചു കെപിഎ മജീദ്
മലപ്പുറം: കെ.ടി. ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടെന്ന് മുസ് ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എംഎൽഎ. കെ.ടി. ജലീലിന്റെ നിലപാടല്ല മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളതെന്നും മജീദ് വ്യക്തമാക്കി. കേരള പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലാണ് ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) സമീപിച്ചത്. കേന്ദ്ര സർക്കാറിന്റെ ഏജൻസിയുടെ അന്വേഷണത്തെ ഒരു കാലത്തും സിപിഎം സ്വാഗതം ചെയ്തിട്ടില്ലെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ.ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മജീദ് വിമർശനം ഉന്നയിച്ചത്. ഇ.ഡി അന്വേഷിക്കണമെന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. ശരിയായ കാര്യവുമല്ല. കേരളത്തിൽ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കെ.ടി. ജലീൽ ഇ.ഡി ചോദ്യം ചെയ്തയാളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട മേഖലയല്ല. സംസ്ഥാന സർക്കാർ ആവശ്യമായ നടപടിയെടുത്തു കൊണ്ടിരിക്കുന്നതാണ്. ജലീൽ പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. നിലവിൽ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാൻ കഴിയാതിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആർ നഗർ ബാങ്ക് ഇടപാട് അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ജലീൽ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ടെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീൽ പറഞ്ഞു. ഏ ആർ നഗർ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ഇഡിയല്ല ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്മാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.
മറുനാടന് മലയാളി ബ്യൂറോ