കണ്ണൂർ: സിപിഐയ്ക്കു പിന്നാലെ മുസ്ലിംലീഗും മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മോദിയാക്കി. ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ 'ജനജാഗരണം' പരിപാടി ഉദ്ഘാടനം ചെയ്ത ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദാണ് പിണറായിക്കെതിരേ കടുത്ത വിമർശം ചൊരിഞ്ഞത്. ഇടതുസർക്കാരും പൊലീസും ചേർന്ന് മുസ്ലിങ്ങളെ തകർക്കാൻ ഗൗരവനീക്കം നടത്തുകയാണെന്ന് മജീദ് ആരോപിച്ചു.

പ്രതിപക്ഷത്തിരിക്കുന്ന മുസ്‌ലിം ലീഗ് കൊടുങ്കാറ്റാണെന്ന് ഇടതു സർക്കാർ മനസിലാക്കുന്നതു നന്നായിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇടതു സർക്കാർ വന്ന ശേഷം എല്ലാ പള്ളികളിലും കയറി പണ്ഡിതരെ മുഴുവൻ ചോദ്യം ചെയ്യുകയാണ്. നിരപരാധികളെ യുഎപിഎ ചുമത്തി ജയിലിലടക്കുന്നു. മതപണ്ഡിതർ തെറ്റു ചെയ്താൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുത്തോട്ടെയെന്നും യുഎപിഎ ചുമത്തരുതെന്നും രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടായില്ല. വിവിധ സംസ്ഥാനങ്ങളിൽ ഭീകരവിരുദ്ധ നിയമങ്ങളുടെ പേരിൽ ഒട്ടേറെ പേർ പത്തും ഇരുപതും വർഷം ജയിലിൽ കിടന്നതിനു ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു മുസ്‌ലിം ലീഗും മറ്റു ചില മുസ്‌ലിം സംഘടനകളും ഈ ആവശ്യം ഉന്നയിച്ചത്. ഭീകരബന്ധം ആരോപിച്ച കേസുകളിൽ 90 ശതമാനത്തിലും പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.

കുറ്റവിമുക്തരാക്കപ്പെടുന്നവർക്കു യുഎസിലും ഓസ്‌ട്രേലിയയിലും വൻ തുക നഷ്ടപരിഹാരം നൽകാറുണ്ട്. ഒന്നും ചെയ്യേണ്ടെന്നാണ് ഇവിടത്തെ നിലപാട്. കറൻസി പിൻവലിക്കൽ അടക്കം കേന്ദ്രസർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരോടു പാക്കിസ്ഥാനിലേക്കു പോകാനാണു ചിലർ ആവശ്യപ്പെടുന്നത്. ശശികലയും എ.എൻ.രാധാകൃഷ്ണനും രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും യുഎപിഎ ചുമത്തില്ല. എന്നാൽ, മതപഠന ക്ലാസ് എടുക്കുന്നവർക്കെതിരെ യുഎപിഎ ചുമത്താൻ ഒരു മടിയുമില്ല.

കേരളത്തിൽ ഇടതു സർക്കാരും പൊലീസും ചേർന്നു മുസ്‌ലിംകളെ തകർക്കാൻ ഗൗരവത്തോടെയുള്ള നീക്കം നടത്തുന്നുണ്ട്. മതപ്രചാരണത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതിനു നേരെ കണ്ണടച്ചു നിൽക്കില്ല. മറ്റു മുസ്‌ലിം സംഘടനകളുമായും മത സംഘടനകളുമായി ചേർന്ന് ഇതിനെ ചെറുത്തില്ലെങ്കിൽ ഭരണഘടനാപരമായി മതവിശ്വാസം പുലർത്താനോ മതപ്രചാരണം നടത്താനോ പറ്റാത്ത സാഹചര്യമുണ്ടാകും. ഏതു യുഎപിഎ ചുമത്തിയാലും ഖുറാനിലും ഹദീസിലുമുള്ള പാഠങ്ങൾ പഠിപ്പിക്കാതിരിക്കാൻ മുസ്‌ലിംകൾക്കാവില്ലെന്നു പിണറായി സർക്കാർ മനസിലാക്കണം. എൻഐഎയുടെ പ്രവർത്തനം സുതാര്യമാണോയെന്നു പരിശോധിക്കണമെന്നും കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.

നേരത്തേ ഇടതുസഖ്യ കക്ഷിയായ സിപിഐയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ചത്. സിപിഐയുടെ വകുപ്പുകൾ അടക്കി ഭരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു, എല്ലാ വകുപ്പുകളിലും ഇടപെടുന്നു, ഏകപക്ഷീയമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വിമർശനം.