മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തത്തെ ചൊല്ലി ലീഗിൽ തമ്മിലടി മുറുകുന്നു. താൻ മത്സരിക്കാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. സംഘടനാ ചുമതല വഹിക്കുന്നതിനാൽ മത്സരിക്കാനില്ലെന്നാണ് മജീദ് അറിയിച്ചത്. എന്നാൽ, സംഘടനയിലെ യുവനിരയുടെ കടുത്ത വിമർശനം ഉയർന്നതോടെയാണ് മജീദ് സ്ഥാനാർത്ഥിത്ത്വത്തിൽ നിന്നും പിന്മാറിയത്. മജീദ് പിന്മാറിയതോടെ പി കെ ഫിറോസ്, കെഎൻഎ ഖാദർ, സാദിഖലി എന്നിവരിൽ ഒരാൾ സ്ഥാനാർത്തിയാകാനാണ് സാധ്യത.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന കാര്യം മജീദ് കഴിഞ്ഞ ദിവസം തന്നെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എന്ന സംഘടനാ ചുമതലയിൽ തന്നെ തുടരാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് മജീദ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്ന് വൈകുന്നേരത്തോടെ പാണക്കാട് ശിഖാബ് തങ്ങളേയും മജീദ് അറിയിക്കുകയായിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ പി എ മജീദ് മത്സരിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് ശിഖാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുന്നതാകും ഉചിതമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു. മുസ്ലിം ലീഗിലെ പ്രബല വിഭാഗമാണ് മജീദിനെതിരെ രംഗത്തെത്തിയത്. മുജാഹിത് വിഭാഗത്തിൽപ്പെട്ട മജീദിന് സമസ്ഥ ഉൾപ്പെടെയുള്ളവരുടെ വോട്ട് ലഭിക്കില്ലെന്ന ഭയം ലീഗിനുണ്ട്. അതുകൊണ്ടു തന്നെയാണ് മജീദ് മത്സരിക്കേണ്ടതില്ല എന്ന തീരുമാനം അവർ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മത്സരിക്കാനില്ല എന്ന് വ്യക്തമാക്കി മജീദ് രംഗത്തെത്തിയത്.

അന്തിമ തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട്ടിരിക്കുകയാണ് നേതൃത്വം. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം കൂടി പരിഗണിച്ചായിരിക്കും ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിലൂടെ പരസ്യ വിമർശനം നടത്തിയ എംഎസ്എഫ് ഭാരവാഹിയെ സ്ഥാനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.

അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പി.പി.ബഷീറിനെ സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ ബഷീർ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി.