കൊച്ചി: വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നിന്നും നടി കെപിഎസി ലളിത പിന്മാറുന്നു. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലളിതയുടെ തീരുമാനം. എന്നാൽ സിനിമാ തിരക്കുകളും ആരോഗ്യ കാരണങ്ങളും കൊണ്ടാണ് മത്സരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നാണ് ലളിത നേതാക്കളെ അറിയിച്ചിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും പിന്മാറുന്നതിൽ ഇല്ലെന്ന് കെപിഎസി ലളിത വ്യക്തമാക്കി. കെപിഎസി ലളിതയെ വടക്കാഞ്ചേരിയിൽ മത്സരിപ്പിക്കുന്നതിൽ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. കെപിഎസി ലളിത മത്സരംഗത്തു നിന്നും പിന്മാറുന്നതോടെ വടക്കാഞ്ചേരിയിൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട അവസ്ഥയാണ് പാർട്ടിക്കുള്ളത്. ജില്ലാ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയുടെ പേരായിരിക്കും സമാന്തരമായി വടക്കാഞ്ചേരിയിൽ ഉയരാൻ പോകുന്നത്.

ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരംഗത്തുണ്ടാകണമെന്ന അഭ്യർത്ഥനയുമായി സിപിഐഎം ജില്ലാനേതാക്കൾ കെപിഎസി ലളിതയുടെ വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടിലെത്തിയിരുന്നു. സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധങ്ങളുയർന്ന പുതിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. കെപിഎസി ലളിത മത്സരംഗത്തുനിന്നും മാറുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് സിപിഐഎം നേതാക്കൾ കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. ജില്ലാ സെക്രട്ടറി എസി മൊയ്തീൻ ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. സ്ഥാനാർത്ഥിയാകണമെന്ന അഭ്യർത്ഥന ആവർത്തിച്ചിരുന്നു. പാർട്ടിയിൽ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു പ്രതിഷേധവുമില്ലെന്ന് എസി മൊയ്തീൻ പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.

കെപിഎസി ലളിത സ്ഥാനാർത്ഥിയാകുന്നത് ഇടതു മുന്നണി സ്ഥാനാർത്ഥി പട്ടികയ്ക്ക് മികവു നൽകുമെന്ന് പിണറായി വിജയൻ. ലളിത സമ്മതിച്ചാൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിക്ക് സന്തോഷമേ ഉള്ളു, സ്ഥാനാർത്ഥിത്വത്തിനെതിരായ പ്രതിഷേധങ്ങൾ പുതിയ കാലത്തിന്റേതാണെന്നും അത് അവസാനിക്കുമെന്നും പിണറായി വിജയന് പറഞ്ഞിരുന്നു.

ഇന്നലെയാണ് ലളിതയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. പ്രാദേശിയ തലത്തിൽ ഉയർന്ന എതിർപ്പ് വകവെക്കാതെയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ലളിതയ്ക്ക് പാർട്ടി ചിഹ്നം നൽകുമെന്ന വിധത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് ലളിത അറിയിച്ചതോടെ സിപിഐ(എം) ശരിക്കും വെട്ടിലായി. സിപിഐ(എം) ജില്ലാ നേതൃത്വവും ലളിതയുടെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ പ്രാദേശിക വികാരം അവർക്ക് എതിരായിരുന്നു.

പ്രതിഷേധം വർധിച്ചുവരവെ പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് നടി ആദ്യം പ്രതികരിച്ചിരുന്നത്. പ്രതിഷേധം കാര്യമാക്കുന്നില്ല. തനിക്കെതിരെ മാത്രമല്ല പ്രതിഷേധം മിക്ക സ്ഥാനാർത്ഥികൾക്കെതിരെയും പ്രതിഷേധമുണ്ടെന്ന് ലളിത പറഞ്ഞു. പോസ്റ്ററുകളിൽ തുടങ്ങിയ പ്രതിഷേധം തെരുവിൽ പ്രകടനമായി മാറിയതോടെയാണ് കെപിഎസി ലളിത വീണ്ടും പ്രതികരിച്ചത്. ഇന്നലെ വടക്കാഞ്ചേരിയിൽ അവർ എത്തുകയും ചെയ്തിരുന്നു.

തന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐ(എം) പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെയാണ് കാണുന്നതെന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. സിനിമകൾക്കെതിരെ സമ്മിശ്ര അഭിപ്രായ പ്രകടനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ല. പാർട്ടി വിചാരിച്ചാൽ ഇതെല്ലാം പരിഹരിക്കാനാകും. മത്സരിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കെപിഎസി ലളിത പറഞ്ഞു. താൻ എന്നും കമ്മ്യൂണിസ്റ്റുകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുസംഘം സിപിഐ(എം) പ്രവർത്തകർ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധപ്രകടനം നടത്തിയത്. ഇന്നലെ രാവിലെ അൻപതോളം വരുന്ന പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം ലളിതയ്ക്ക് എതിരായി ഉയരുന്ന പ്രതിഷേധങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സിപിഐ(എം) ശ്രമം തുടങ്ങിയിരുന്നു. കെപിഎസി ലളിതയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ ഒരു വിഭാഗം സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം കെപിഎസി ലളിത ആദ്യമായി മണ്ഡലത്തിൽ ഇന്ന് എത്താനിരിക്കെയാണു പ്രകടനം. പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി എ.സി മൊയ്തീൻ പറഞ്ഞിരുന്നു.

എന്നാൽ, സിപിഐ(എം) പ്രവർത്തകരല്ല പ്രകടനം നടത്തിയതെന്ന് പാർട്ടി പറയുന്നു. സിപിഐ(എം) പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ സ്ഥാനാർത്ഥിയായി കെപിഎസി ലളിതയെ തീരുമാനിക്കാനിരിക്കുന്ന സിപിഎമ്മിന് പ്രതിഷേധ പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേവലം കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽമാത്രം ലളിതയെ സ്ഥാനാർത്ഥിയാക്കുന്നതിനോട് പാർട്ടിക്കുള്ളിലും എതിർപ്പുണ്ടെന്ന റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ലളിതയെ സ്ഥാനാർത്ഥിയാക്കുന്നത്.