കൊച്ചി: മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത അന്തരിച്ചെന്ന വാർത്ത കേരളം അറിഞ്ഞത് ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ്. ഇതോടെ തൃപ്പൂണുത്തിറയിലെ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലേക്ക് മലയാള സിനിമാലോകം ഒഴുകിയെത്തി. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മലയാളത്തിന്റെ സൂപ്പർതാരങ്ങളും ലളിതചേച്ചിയെ കാണാനെത്തി. സ്‌കൈലൈൻ അപ്പാർട്ടമെന്റിൽ രാത്രി 11 മണിയോടെയാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഇവിടെ നിലവിളിക്ക് കത്തിച്ചു വെച്ചിരുന്നു. മഞ്ജു പിള്ള അടക്കമുള്ള നടിമാരും മറ്റ് നടന്മാരും അടക്കം സജീവമായി ഒരുക്കങ്ങളുമായി അവിടെ ഉണ്ടായിരുന്നു.

മിക്ക സിനിമാ പ്രവർത്തകരും രാത്രി ഒരു മണിയോടെ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് മടങ്ങി. മറ്റു ചിലർ തുടർന്നുള്ള പ്ലാനിംഗുകളുമായി മറ്റിടങ്ങളിലും നിന്നും. അന്ന് കാത്തിരുന്ന മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അധികം താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലളിതചേച്ചിയുടെ മൃതദേഹത്തിന് മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് അപ്പോൾ കെടാതെ കരിന്തിരി കത്താതെ എണ്ണ ഒഴിച്ചു കൊടുത്തത് മലയാളത്തിന്റെ ഒരു യുവനടി ആയിരുന്നു. നടി സരയു ആയിരുന്നു ആ രാത്രി മുഴുവൻ കെപിഎസി ലളിതയുടെ ഭൗതികദേഹത്തിന് കാവലിരുന്നത്.

രാത്രി 12 മണിയോടെയാണ് നടി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ കെപിഎസി ലളിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിടത്തേക്ക എത്തിയത്. മറ്റ് നടീ നടന്മാർ മടങ്ങിയപ്പോഴും വിളക്ക് കരിന്തിരി കത്താതെ അവർ കാവലിരുന്നു. പുലർച്ചെ എട്ട് മണിക്ക് മൃതദേഹം മാറ്റുന്നത് വരെയുള്ള സമയം സരയൂ അവിടെ വിളക്കിൽ എണ്ണയൊഴിച്ച് അവിടെ ഉണ്ടായിരുന്നു. സരയുവിന്റെ ചിത്രങ്ങളും ചില മാധ്യമ പ്രവർത്തകർ പകർത്തി സോഷ്യൽ മീഡിയയിലും പോസ്റ്റു ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ സരയുവിന്റെ നല്ലമനസ്സിന് നന്ദിയെന്ന് പറഞ്ഞ് സിനിമാ പ്രവർത്തകരും രംഗത്തുവരികയുണ്ടായിരുന്നു.

രാത്രി വൈകിയപ്പോൾ ഭൗതിക ശരീരം വെച്ച ഹാളിൽ ആളുകൾ കുറവായിരുന്നു. എന്നിട്ടും ഇവർ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ലളിത ചേച്ചിക്ക് കൂട്ടിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് എന്നാണ് മലയാളികൾ പറയുന്നത്. വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങൾ എന്നും ഇത് എപ്പോഴും ഇതുപോലെ കാത്തുസൂക്ഷിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന കമന്റുകൾ.

ഇന്നലെ രാവിലെ തൃപ്പൂണുത്തുറയിലെ ഫ്‌ളാറ്റിൽ നിന്നും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വെച്ചിരുന്നു. മകൻ സിദ്ധാർത്ഥിന്റെ പേട്ടയിലെ വീട്ടിലും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ഇന്നലെ രാവിലെ 8.15 മുതൽ 11വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനു ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം വിലപ യാത്രയായി കൊണ്ടുപോയത്. പ്രിയനടിയെ ഒരുനോക്ക് കാണാനെത്തിയവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ചിലർ വിതുമ്പിക്കരഞ്ഞു.

ഭാര്യയായും അമ്മയായും അമ്മായിഅമ്മയായും സഹോദരിയായും അയൽക്കാരിയായും തങ്ങൾക്കൊപ്പം അഭിനയിച്ച മഹാനടിയെ സഹപ്രവർത്തകർ നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ മുതൽ സ്‌കൂൾ കുട്ടികൾ വരെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രിക്കു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്കും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും പുഷ്പചക്രം അർപ്പിച്ചു. ചലച്ചിത്ര സംഘടനകളായ അമ്മ, മാക്ട, ഫെഫ്ക, ആത്മ തുടങ്ങിയവയുടെ ഭാരവാഹികളും ആദരമർപ്പിച്ചു.11നു മൃതദേഹം കെ.എസ്.ആർ.ടി.സി വോൾവോ ബസിൽ വടക്കാഞ്ചേരിക്ക് കൊണ്ടുപോയി. മകൻ സിദ്ധാർത്ഥും മകൾ ശ്രീക്കുട്ടിയും അമ്മ ഭാരവാഹികളും അനുഗമിച്ചു.

മമ്മൂട്ടിയും മോഹൻലാലും പേട്ടയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ജനാർദ്ദനൻ, കുഞ്ചൻ, ഇടവേള ബാബു, മനോജ് കെ. ജയൻ, പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, സുരേഷ് കൃഷ്ണ, ടിനി ടോം, സൗബിൻ, എം.ജി. ശ്രീകുമാർ, സിബി മലയിൽ, കമൽ, ലാൽ ജോസ്, ആന്റണി പെരുമ്പാവൂർ, ജയരാജ്, ബി. ഉണ്ണിക്കൃഷ്ണൻ, സുരേഷ് കുമാർ, രൺജി പണിക്കർ, ഷിബു ചക്രവർത്തി, മഞ്ജുപിള്ള, പൊന്നമ്മ ബാബു, നവ്യാനായർ, സരയു, നമിത, കുക്കു പരമേശ്വരൻ, ശ്വേതാമേനോൻ, രചന നാരായണൻകുട്ടി തുടങ്ങിയവരും ഹൈബി ഈഡൻ എംപി, മേയർ എം. അനിൽകുമാർ, പ്രൊഫ.കെ.വി. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തുടങ്ങിയവരും കൊച്ചിയിൽ ആദരാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടയാണ് ഭൗതികദേഹം വടക്കാഞ്ചേരിയിലെ വസതിയിൽ സംസ്‌ക്കരിച്ചത്.