തിരുവനന്തപുരം; ഡബ്യുസിസിക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ സിദ്ദിഖിനൊപ്പം നിന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ: 'നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുത്. രാജിവെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെ. മലയാള സിനിമയിലെ പ്രശ്നങ്ങൾ ഉള്ളി തൊലിച്ചത് പോലേയുള്ളൂ. ഉന്നയിക്കുന്ന ആരോപണം അനാവശ്യമാണ്', എന്നൊക്കെയാണ്. തനിക്ക് നേരിട്ടത് മാത്രമാണ്. ഒരു കുടുംബ പ്രശ്നം എന്തിനാണ് പുറത്തു പോയി പറയുന്നത്. അതിക്രമമെന്നും മറ്റുള്ളവർക്ക് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഒരു മേശയുടെ ചുറ്റുമിരുന്ന് ചർച്ച ചെയ്ത് തീർക്കാവുന്ന പ്രശ്നം മാത്രമാണെന്നുമുള്ള സംഗീത നാടക അക്കാദമി ചെയർപേഴ്സന്റെ നിലപാടുകൾക്കെതിരെ വൻ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.

ലോകമൊട്ടുക്കുമുള്ള സ്ത്രീകൾ തൊഴിലിടത്ത് നിന്ന് തങ്ങൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളെ  കുറിച്ച്  തുറന്നു പറയുന്നതിന് വർഷങ്ങൾക്ക് മുന്നേ മലയാള സിനിമയിൽ തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ ആളാണ് കെപിഎസി ലളിത. മാത്രമല്ല അന്ന് അടൂർഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തിൽ പരാതികൊടുത്ത ലളിത ഇന്ന് പരാതി കൊടുത്തവർക്കെതിരെ അമ്മയോടൊപ്പം നിൽക്കുന്നു.

വർഷങ്ങൾക്ക് ശേഷം തന്റെ സഹപ്രവർത്തകയായ നടി ലൈംഗികമായി അപമാനിക്കപ്പെട്ടിട്ടും അവൾക്കൊപ്പം നിൽക്കാതെ, പ്രതിസ്ഥാനത്തുള്ള ദിലീപിനൊപ്പം നിൽക്കുന്ന കെപിഎസി ലളിതയ്ക്കെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വർഷങ്ങൾ ശേഷം തനിക്ക് സംഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ വർഷങ്ങളുടെ അഭിനയപാഠവവും അനുഭവങ്ങളും ഉള്ള ഒരു നടി അതേ ലൈംഗിക ചൂഷണങ്ങൾ നേരിട്ട തന്റെ സഹപ്രവർത്തകയ്ക്കെതിരെ നിലയുറപ്പിക്കുന്നത് എന്തിനെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

ഇന്ന് കെപിഎസി ലളിത മലയാള സിനിമയിലെ ഒരു വെറും നടി മാത്രമല്ല, സർക്കാറിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നിലെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി കൂടിയാണ്. അതിന്റെ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണമെന്നും നടിയെ ഉപദേശിക്കുന്നവരും ചുരുക്കമല്ല. ജനങ്ങൾ നൽകുന്ന നികുതിയിൽ നിന്ന് ശമ്പളം വാങ്ങുന്ന നടിക്ക് പീഡനം എന്നുമുതലാണ് കുടുംബ പ്രശ്നം ആയതെന്നും വട്ടമേശയക്ക് മുന്നിലിരുന്നു പരിഹരിക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കണമെന്നും ആൾക്കാർ ചോദിക്കുന്നു.

പീഡനം സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലുമുണ്ട്. എന്നാൽ പണ്ട് നമുക്ക് ഇതൊന്നും വിളിച്ച് പറയാൻ കഴിയില്ലായിരുന്നു. പലരും സഹിച്ച് മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ഇന്ന് സംഘടനകളുണ്ട്. അതിനെതിരെ നടപടി എടുക്കും. അമ്മ സംഘടനയും അതുപോലെ തന്നെയാണ്. ആ സംഘടന ഉണ്ടായ കാലം മുതലേ അതിനൊപ്പം നിൽക്കുന്ന ആളാണ് ഞാൻ. സംഘടനയിൽ പല പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അത് പൊതുസമൂഹത്തോട് വിളിച്ചുപറയുകല്ല ചെയ്യേണ്ടത്. അതിനുള്ളിൽ നിന്നുവേണം പരിഹരിക്കാൻ.

അമ്മ സംഘടനയിൽ തന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകരുതെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നൽകിയത്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണ്.' ഇതായിരുന്നു താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനം ഉയർത്തിയ ഡബ്ല്യുസിസി അംഗങ്ങൾക്ക് മറുപടി നൽകികൊണ്ട് നടി പറഞ്ഞ വിശദീകരണം. നടി ഇവിടെ ആരെയാണ് വെള്ള പൂശാൻ നോക്കുന്നത്. സംഘടന ഇരയോടൊപ്പം നിൽക്കുമെന്ന് പറയുമ്പോഴും പരസ്യമായി വേട്ടക്കാരനെ ന്യായീകരിക്കുന്ന നിലപാടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്.

' കഥ തുടരും ' എന്ന തന്റെ ആത്മകഥയിൽ കെപിഎസി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അടൂർ ഭാസിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തിയിരുന്നത്. ആത്മകഥയിലെ ' അറിയപ്പെടാത്ത അടൂർഭാസി ' എന്ന അദ്ധ്യായത്തിലും പിന്നീട് കേരളാകൗമുദിയുടെ ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലും അവർ അടൂർഭാസിക്കെതിരെ രൂക്ഷമായ വിമർശനമാണ് ആരോപിക്കുന്നത്.

'മദ്യപിച്ച്, ഉടുതുണിയില്ലാതെ വീട്ടിൽ കയറിവന്ന്, നിന്നെ ഞാൻ കൊണ്ടു നടന്നോളാം.. കാറ് തരാം' എന്നൊക്കെ പറഞ്ഞ് പ്രലോഭിച്ചെന്നും അടൂർഭാസിയോടൊപ്പമുള്ള പടങ്ങളിൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയോ, തനിക്ക് സിനിമകൾ നിഷേധിക്കുകയോ ചെയ്തിരുന്നെന്നും കെപിഎസി ലളിത ആരോപിക്കുന്നുണ്ട്. വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ലെന്നും കെപിഎസി ലളിത തന്റെ ആത്മകഥയിൽ തുറന്നെഴുതുന്നു.

കേരളാകൗമുദിയുടെ ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാകട്ടെ അവർ ഒരു പടികൂടെ കടന്ന് അടൂർ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു എന്നുവരെ പറയുന്നുണ്ട്. കൂടാതെ, ഹരിഹരന്റെ 'അടിമക്കച്ചവടം' എന്ന സിനിമാ സെറ്റിൽ വച്ച് അടൂർ ഭാസിയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്കാലത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ കൊടുത്തെന്നും, എന്നാൽ മലയാള സിനിമ അടക്കിവാഴുന്ന അടൂർ ഭാസിക്കെതിരെ നടപടിയെടുക്കാൻ ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയായ ഉമ്മർ തയ്യാറായില്ലെന്നും ലളിത ആരോപിക്കുന്നു.

' നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? എന്ന് ഉമ്മർക്ക ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നൽകിയതെന്നും എന്തെങ്കിലും നടപടി എടുക്കാൻ സാധിക്കുമോ എന്ന് ഞാനും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവർ അവിടെയിരുന്നാൽ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്ന് പൊരുതി. പക്ഷേ ഹരിഹരൻ ഉൾപ്പെടെയുള്ളവർ ഒപ്പം നിന്നു'. കെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു.

'നടിയെന്ന് വിളിച്ചതിൽ പരാതി പറയുന്നതിൽ കഴമ്പില്ല സംഘടനയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിൽ ഒരു മാന്യതയുണ്ട്. അവർ വന്ന് സംഘനയോട് മാപ്പ് പറയട്ടെ. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നത് പോലെ കണക്കാക്കിയാൽ മതി. കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ഏറ്റവും നന്നായി നടന്നു പോകുന്ന സംഘടനയാണ് അമ്മ എന്ന് എല്ലാവരും പറയാറുണ്ട്.

പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറഞ്ഞ് ഒത്തുതീർപ്പ് ഉണ്ടാക്കണം. സംഘടനയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്യം ഇപ്പോഴുമുണ്ടെന്നും കെ.പി.എ.സി.ലളിത പറഞ്ഞു. സംഘടന നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന് പറയുമ്പോഴും സ്ത്രീകൾ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുമ്പോഴും ഓരോ ദിവസവും പുറത്തുവരുന്നത് കെപിഎസി ലളിതയുടെ ന്യായീകരങ്ങളെ തച്ചുടയ്ക്കുന്ന വെളിപ്പെടുത്തലുകളാണ്. സ്വാതന്ത്ര്യം എന്നത് പലപ്പോഴും സംഘടനയ്ക്ക് ഒരു പരസ്യവാചകം മാത്രമായി മാറിപ്പോകുന്നു.