- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരനെതിരെ സകലരും ഒരുമിച്ചിട്ടും സുധാകരനെ തഴയാൻ എല്ലാവർക്കും പേടി; കൊടിക്കുന്നിലും പിടി തോമസും കെവി തോമസും പ്രതീക്ഷയിൽ തന്നെ; വിഷ്ണുവിനേയോ ഷാഫിയെയോ പോലെയുള്ള പുതുമുഖങ്ങളും പരിഗണനയിൽ; കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ഹൈക്കമാണ്ട്
ന്യൂഡൽഹി: കെപിസിസി. അധ്യക്ഷനെ ഉടൻ ഹൈക്കമാണ്ട് പ്രഖ്യാപിക്കില്ല. കെ സുധാകരനാണ് മുൻതൂക്കം. എന്നാലും തീരുമാനം എടുക്കും മുമ്പ് സംസ്ഥാന കോൺഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസ്സിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സുധാകരനെ തന്ത്രത്തിലൂടെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.
കെസി വേണുഗോപാലിന് കെ സുധാകരനോട് ഒട്ടും താൽപ്പര്യമില്ല. വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത് ഹൈക്കമാണ്ട് ആയിരുന്നു. ഇതിന് പിന്നിൽ കെസിയുടെ കരുത്തായിരുന്നു. ഇത് വിവാദമായി. ഈ സാഹചര്യം ചർച്ചയാക്കിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനം നീട്ടുന്നത്. എല്ലാവരുടേയും അഭിപ്രായം കേട്ട് സുധാകരനെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. കൊടിക്കുന്നിൽ സുരേഷും പിടി തോമസും കെവി തോമസും കെപിസിസി പ്രസിഡന്റിന്റെ സാധ്യതാ പട്ടികയിലുണ്ട്. അതിനിടെ വിഷ്ണുനാഥിനേയോ ഷാഫി പറമ്പിലിനേയോ കെപിസിസി അധ്യക്ഷനാക്കണമെന്ന ചർച്ചയും സജീവമാണ്.
ഏതായാലും തീരുമാനം വൈകും. എംപി.മാരിൽ നിന്നും എംഎൽഎ.മാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും തീരുമാനമെന്നതിനാൽ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. എല്ലാ കാര്യങ്ങളും വിശദമായി ചർച്ചചെയ്താവും അന്തിമ തീരുമാനം. അശോക് ചവാൻ സമിതി തെളിവെടുപ്പിനു ശേഷം വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. എല്ലാവരുടേയും അഭിപ്രായം ആരായണമെന്നാണ് കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ സമിതിയും മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശം.
തോൽവിയുമായും തുടർസംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയോട് തങ്ങളുടെ അഭിപ്രായവും അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി മൗനത്തിലാണ്. കേരളത്തിന്റെ കാര്യമായതിനാൽ അധ്യക്ഷ എടുക്കുന്ന തീരുമാനത്തിൽ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിർന്ന നേതാവ് എ.കെ. ആന്റണി സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.
നിലവിൽ കെ. സുധാകരന്റെ പേരിനുതന്നെയാണ് മുൻതൂക്കമെങ്കിലും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വലിയതോതിൽ വോട്ടു ചോർച്ച ഉണ്ടായ പശ്ചാത്തലത്തിൽ മറ്റൊരു വർക്കിങ് പ്രസിഡന്റായ കെ.വി. തോമസിനെ പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം. പുതിയ തലമുറയിൽപ്പെട്ട ജനകീയ അടിത്തറയുള്ളവരെ അധ്യക്ഷനാക്കുന്ന കാര്യവും പരിഗണിക്കണമെന്ന അഭിപ്രായം സജീവമാണ്. കെ സുധാകരനെ വെട്ടാൻ വേണ്ടിയാണ് ഇത്തരം ചർച്ചകൾ എന്നതാണ് വസ്തുത.
സുധാകരനെ പരസ്യമായി തള്ളിപ്പറയാൻ ഒരു നേതാവും തയ്യാറല്ല. അതുണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ച് എല്ലാ നേതാക്കൾക്കും അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ തീരുമാനത്തിന് ഹൈക്കമാണ്ട് നീക്കം.
മറുനാടന് മലയാളി ബ്യൂറോ