കണ്ണുർ: സുധാകരനെ നേരിടാൻ പഴയ ബിജെപി ബാന്ധവ കഥ പുറത്തെടുത്ത് സിപിഎം പത്മവ്യൂഹമൊരുക്കുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തന്റെ പതിവു ശൈലിയിൽ ആഞ്ഞടിക്കാൻ ഒരുങ്ങുന്ന സുധാകരനെതിരെ പ്രതിരോധമല്ല കടന്നാക്രമണമാണ് നല്ലതെന്ന അഭിപ്രായം സിപിഎമ്മിനുള്ളിലുണ്ട്. എന്നാൽ മുൻനിര നേതാക്കൾ പഴയതുപോലെ സുധാകരനെ അവഗണിച്ചു കൊണ്ടു മുൻപോട്ട് പോകാനാണ് സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ, എം.വി ഗോവിന്ദൻ ,ഇ പി ജയരാജൻ തുടങ്ങിയ കണ്ണുരിൽ നിന്നുള്ള ഉന്നത നേതാക്കളാരും സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തില്ല തങ്ങൾ പല്ലും നഖവുമുപയോഗിച്ച് എതിർത്താൽ സുധാകരനെ പിടിച്ചാൽ കിട്ടില്ലെന്ന അഭിപ്രായം മുഖ്യമന്ത്രിയടക്കമുള്ളവർക്കുണ്ട്. കണ്ണുരിൽ നിന്നും സുധാകരൻ പനപ്പോലെ വളർന്നത് സിപിഎമ്മിന്റെ കടുത്ത എതിർപ്പിനെയും കായിക ക്രമണങ്ങളെയും മറി കടന്നാണ്. അതു കൊണ്ടു തന്നെ എവിജയരാഘവനെപ്പോലെ കുറിക്കുകൊള്ളുന്ന മൃദു വിമർശനക്കാരാണ് സുധാകരനെ നേരിട്ട നിറങ്ങുക.

നർമ്മത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാനും എതിരാളികളുടെ മർമ്മത്ത് നോക്കി അടിക്കാനുമുള്ള വിജയരാഘവന്റെ പ്രത്യേക കഴിവ് സുധാകരന് നേരെ ഉപയോഗിക്കപ്പെട്ടേക്കാം.കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്ന സുധാകരനെ പഴയതുപോലെ വിമർശിച്ച് ഒതുക്കാൻ കണ്ണുരിലെ രണ്ടാം നിര നേതാക്കളായ എം.വി ജയരാജനും പി.ജയരാജനുമൊക്കെ സജ്ജമാണ്. ഇതിനു പുറമേ പാർട്ടി സൈബർ പോരാളികളും വർഗ ബഹുജന സംഘടനയായ ഡിവൈഎഫ്ഐ നേതാക്കളും സുധാകരനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിലുണ്ടാകും.

ന്യുനപക്ഷങ്ങൾക്കിടെയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് കെ.സുധാകരൻ. അതു കൊണ്ടു തന്നെ ഈ വിശ്വാസം തകർക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുക. ഇതിനുള്ള ആദ്യ വെടി സിപിഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ എം.എ ബേബി പൊട്ടിച്ചു കഴിഞ്ഞു.സുധാകരൻ ആർഎസ്എസ് ചായ് വ് പുലർത്തുന്ന നേതാവാണെന്നായിരുന്നു ബേബിയുടെ വിമർശനം.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം കണ്ണുർ മണ്ഡലത്തിൽ കെ.സുധാകരനെതിരെ ഉന്നയിച്ച ആരോപണം തന്നെയാണ് ഇപ്പോഴും പൊടി തട്ടിയെടുക്കുന്നത്.

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടെന്നും ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക ദൂതന്മാർ മുഖേനെ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നുമായിരുന്നു സുധാകരൻ തന്നെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.എന്നാൽ പോകണോ പേകണ്ടെയോയെന്ന് തീരുമാനിക്കേണ്ടത് താനാണെന്നായിരുന്നു സുധാകരന്റെ നിലപാട്. ഈ വിഷയമുയർത്തിയാണ് പിന്നീട് കെ.സുധാകരനെതിരെ ബിജെപി ബാന്ധവമെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.കെ ശ്രീമതിയിലുടെ സുധാകരനെ മുട്ടുകുത്തിക്കാനും സിപിഎമ്മിന് കഴിഞ്ഞു.അതേ തന്ത്രം തന്നെയാണ് ഇപ്പോൾ കെപിസിസി അധ്യക്ഷനായപ്പോഴും കെ.സുധാകരനെതിരെ സിപിഎം പുറത്തെടുക്കുന്നത്. രാഷ്ട്രീയ പക്വതയും ദീർഘവീക്ഷണവുമുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകോപനങ്ങളിൽ പലപ്പോഴും വീണിരുന്നില്ല അതുകൊണ്ടുതന്നെ വളരെ ചുരുക്കം വിവാദങ്ങളിൽ മാത്രമേ അദ്ദേഹത്തെപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളു.

എന്നാൽ മുൻപിൻ നോക്കാതെ ക്ഷിപ്രകോപിയും എടുത്തടിച്ചതു പോലെ പ്രതികരിക്കുന്ന കെ.സുധാകരനെ വളരെ വേഗം കുഴിയിൽ വീഴ്‌ത്താൻ കഴിയുമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുണ്ട്. അതിനുള്ള വാരിക്കുഴികളിൽ സുധാകരൻ വീഴുമോയെന്ന് കണ്ടറിയണം.