- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണക്കം മാറ്റേണ്ട ചുമതല വിഡിക്ക്; സതീശൻ നേരിട്ട് വിളിച്ചതോടെ ചെന്നിത്തലയ്ക്കുള്ള പിണക്കം മാറി; ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കും; രണ്ടു നേതാക്കളും യുഡിഎഫ് യോഗത്തിനും എത്തും; കെപിസിസിയിൽ ചർച്ചയിലൂടെ തീരുമാനം; കോൺഗ്രസിൽ മഞ്ഞുരുകുന്നു; ഗ്രൂപ്പുകളെ പരിഗണിക്കാൻ സുധാകരനും
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ മുതിർന്ന നേതാക്കളേയും അംഗീകരിക്കും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിർദ്ദേശ പ്രകാരം അനുനയ നീക്കങ്ങൾ തുടങ്ങി. ഇതോടെ കോൺഗ്രസിൽ മഞ്ഞുരുകുന്നു എന്നാണ് സൂചന. പുനഃസംഘടനാ തർക്കത്തെത്തുടർന്ന് അകന്ന പഴയ നേതൃത്വവും പുതിയ നേതൃത്വവും വീണ്ടും സംസാരിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ നീക്കത്തെ പിന്തുണയ്ക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെട്ടു. തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണമെന്നും സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചു. യുഡിഎഫ് യോഗത്തിനു മുന്നോടിയായി ഉമ്മൻ ചാണ്ടിയുമായും സതീശൻ സംസാരിക്കും. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും യുഡിഎഫ് മുഖമായി ഉയർത്തിക്കാട്ടും. ഇതിനൊപ്പം മതിയായ പരിഗണനയും നൽകും.
കണ്ണൂരിലെ പുതിയ ഡിസിസി ഓഫിസ് ഉദ്ഘാടന ചടങ്ങിനു നേരിട്ടെത്താൻ കഴിയാത്തതിന്റെ അസൗകര്യം സതീശനോട് ചെന്നിത്തല വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് നിയമനത്തെ തുടർന്നു ഗ്രൂപ്പുകളും പുതിയ നേതൃത്വവും തമ്മിൽ ഇടഞ്ഞിരുന്നു. ഇതിന് മാറ്റം വേണമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് നിർദ്ദേശിച്ചു. എകെ ആന്റണിയുടെ ഇടപെടലും നിർണ്ണായകമായി. ഇതോടെ ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെ അനു നയിപ്പിക്കാനുള്ള ചുമതല വിഡി സതീശനായി.
കെപിസിസിയിൽ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങളും പരിഗണിക്കും. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി ഡിസിസിയിലേക്ക് ഒരു പേര് നിർദേശിച്ചാൽ അതിനെ ഗ്രൂപ്പ് ഇടപെടലായി വ്യാഖ്യാനിക്കുകയും മറ്റൊരു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശിക്കുമ്പോൾ അത് ഹൈക്കമാൻഡിന്റെ പേരാവുകയും ചെയ്യുന്നത് അനീതിയാണെന്ന അഭിപ്രായം സജീവമാണ്. ഇത് മനസ്സിലാക്കിയാണ് ഇടപെടൽ.
കണ്ണൂരിലെ ഡിസിസി ഓഫിസ് ഉദ്ഘാടനത്തിനു നേരിട്ടു പോയില്ലെങ്കിലും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഓൺലൈനിൽ പങ്കെടുക്കാൻ തയാറായി. കണ്ണൂരിൽ നിന്നു കെ.സി.വേണുഗോപാൽ അടക്കമുള്ളവർ നൽകിയത് ഐക്യസന്ദേശമാണ്. നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുമ്പോൾ തന്നെ പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റു തുടങ്ങി.
പുതിയ ഡിസിസി പട്ടികയോടും അതു പ്രഖ്യാപിച്ച രീതിയോടുമുള്ള എതിർപ്പ് ഗ്രൂപ്പുകൾക്ക് ഉണ്ടെങ്കിലും ജില്ലകളിൽ അത് അസ്വാരസ്യങ്ങൾക്കു കാരണമായിട്ടില്ല. അവസാന ഘട്ടത്തിൽ പട്ടികയിൽ പേരു മാറിയ ജില്ലകളിൽ ഒന്നായ കോട്ടയത്ത് നാട്ടകം സുരേഷ് ചുമതലയേൽക്കുമ്പോൾ ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റു വൈകാതെ തന്നെ പുതിയ ഡിസിസി ഭാരവാഹികളെ കണ്ടെത്താനാണു ശ്രമം. മാനദണ്ഡങ്ങൾ വൈകാതെ കെപിസിസി നേതൃത്വം തയാറാക്കി കൈമാറും.
ഉമ്മൻ ചാണ്ടിക്കു വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യാൻ ആരും തയാറല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. 'എനിക്കു പ്രത്യേകിച്ച് ഗ്രൂപ്പ് ഒന്നുമില്ല. കോൺഗ്രസ് ആണ് എന്റെ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസിന്റെ അവിഭാജ്യ ഘടകങ്ങളും സമുന്നതരായ നേതാക്കളുമാണ്.
തീരുമാനമെടുക്കുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാകും. എല്ലാവരുമായി ചർച്ച നടത്തി മുന്നോട്ടുപോകും. എതിരഭിപ്രായം പറയുന്നവരെ തല്ലിക്കൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ് ' വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഫോർമുല കൈയിലുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ