തിരുവനന്തപുരം: കോൺഗ്രസിലെ പ്രശ്‌ന പരിഹാര നീക്കങ്ങൾ മുന്നിൽ നിന്ന് നയിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. കോട്ടയെത്തെ ഡിസിസി അസ്ഥാനത്ത് രമേശ് ചെന്നിത്തല തൊടുത്തു വിട്ട ഒളിയമ്പുകൾ അതിന്റെ സൂചനയാണ്. ഉമ്മൻ ചാണ്ടിയും പരിഭവത്തിൽ. ഈ സാഹചര്യത്തിൽ സുധാകരൻ നേരിട്ട് ഇനി ദൗത്യം ഏറ്റെടുക്കും.

കെ.സുധാകരനും വി.ഡി. സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കാണും. തിങ്കളാഴ്ച യുഡിഎഫ് യോഗത്തോടനുബന്ധിച്ചു കണ്ട ശേഷം ചൊവ്വാഴ്ച വിശദ ചർച്ച നടത്താനാണ് ആലോചിക്കുന്നത്. അക്കാര്യം ഇരു നേതാക്കളെയും അറിയിച്ചു. കെപിസിസി ഭാരവാഹി പട്ടികയിൽ ഇരു നേതാക്കളുടേയും നിർദ്ദേശങ്ങൾ പരിഗണിക്കും. എങ്ങനേയും ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കാനാണ് നീക്കം.

ഐക്യസന്ദേശം പുതിയ നേതൃത്വം നൽകിയെങ്കിലും എ, ഐ ഗ്രൂപ്പുകൾ അനുനയപ്പെട്ടിട്ടില്ല. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും നടത്തിയ വിമർശനങ്ങൾ ഗൗരവമുള്ളതാണ്. അച്ചടക്കത്തിന്റെ പരിധിക്കുള്ളിൽ നിന്നാണ് ചെന്നിത്തല വിമർശിച്ചത്. താൻ ധാർഷ്ട്യം കാട്ടിയില്ലെന്ന് പറയുക വഴി ഇപ്പോഴത്തെ നേതൃത്വത്തെ കുറ്റപ്പെടുത്തുകയായിരുന്നു ചെന്നിത്തല. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തിയുള്ള നീക്കം.

മുൻ നിശ്ചയിച്ച പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകാനാണ് സുധാകരന്റെ തീരുമാനം. ഇതിന് മുമ്പ് മുതിർന്ന നേതാക്കളെ അനുനയിപ്പിക്കും. അതേസമയം, അപമാനം ചെറുതല്ലെന്നും ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും ഗ്രൂപ്പുകൾക്ക് ആവശ്യമുണ്ട്. എല്ലാ വിഭാഗത്തിനും സ്വീകാര്യനായ ഒരു നേതാവ് കേരളത്തിലെത്തി ചർച്ചകൾക്കു മുൻകൈ എടുക്കണമെന്നാണ് ആവശ്യം. ഇത് ഹൈക്കമാണ്ട് അംഗീകരിക്കില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സുധാകരൻ നേരിട്ട് പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടുള്ള വിയോജിപ്പ് ഗ്രൂപ്പുകൾ പ്രകടിപ്പിച്ചു കഴിഞ്ഞു. എല്ലാ കാര്യത്തിലും ഒരുമിച്ചു നീങ്ങണമെന്ന ധാരണയിലാണ് എഐ വിഭാഗങ്ങൾ. ഇതെല്ലാം സുധാകരൻ ഗൗരവത്തോടെ എടുക്കുന്നു. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധാകരനും സതീശനും കാണുന്നതോടെ മഞ്ഞുരുകുമെന്നാണ് ഹൈക്കമാണ്ട് പ്രതീക്ഷ. തിങ്കളാഴ്ച യു.ഡി.എഫ്. യോഗമുള്ളതിനാൽ ചൊവാഴ്ച ഇരുവരെയും കാണാനാണ് ശ്രമം.

കഴിഞ്ഞദിവസം സതീശൻ, ഉമ്മൻ ചാണ്ടിയുമായും രമേശുമായും സംസാരിച്ചിരുന്നു. അനുനയമുണ്ടാക്കാനുള്ള ശ്രമത്തിനിടെ രമേശ് വിമർശനം ഉന്നയിച്ചത് ഔദ്യോഗിക നേതൃത്വത്തിനു നീരസമുണ്ടാക്കി. ഡി.സി.സി. പ്രസിഡന്റുമാരെക്കുറിച്ചല്ല തർക്കമെന്നും ആ പട്ടികയിലേക്ക് എത്തിയ വഴികളിൽ തങ്ങളെ അപമാനിച്ചെന്നുമുള്ള വികാരമാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം ഉയർത്തുന്നത്.

എ, ഐ ഗ്രൂപ്പുകളിൽനിന്ന് കൂടുതൽ പ്രകോപനമുണ്ടായാലും മറുപടിപറയേണ്ടെന്ന തീരുമാനത്തിലാണ് ഔദ്യോഗിക നേതൃത്വം. നേരത്തേ നിശ്ചയിച്ച സമയക്രമമനുസരിച്ച് പുനഃസംഘടനയുമായി മുന്നോട്ടുപോകും. അനുനയത്തിനു ശ്രമിക്കുമ്പോഴും രണ്ടു ഗ്രൂപ്പുകളും നിർദേശിക്കുന്നവരെ ഭാരവാഹികളായി അതേപടി നിയമിക്കില്ല. അപ്പോഴും ചർച്ച ചെയ്തുവെന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമം.