തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അവരുടെ വസതികളിലെത്തി കണ്ടു ചർച്ച നടത്തിയതോടെ കോൺഗ്രസിലെ പുനഃസംഘടന പുതുവേഗത്തിലാകും. പുതിയ നേതൃത്വത്തിന്റെ സമീപനങ്ങളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. സമവായത്തിലൂടെ സംഘടനാ തെരഞ്ഞെടുപ്പിന് സാധ്യത തെളിയിക്കുന്ന ഇടപെടലാണ് സുധാകരൻ നടത്തിയതെന്നാണ് സൂചന.

രണ്ടു നേതാക്കളോടും കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തിൽ പട്ടിക സുധാകരൻ ചോദിച്ചു. നൽകാമെന്ന് രണ്ടു പേരും സമ്മതിക്കുകയും ചെയ്തു. ഡിസിസി ഭാരവാഹികളുടെ പട്ടികയും ആവശ്യപ്പെട്ടു. ഇതും നേതാക്കൾ നൽകും. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന പരാതി ഒഴിവാക്കാനാണ് സുധാകരൻ നേരിട്ട് എത്തിയത്. രണ്ടു ദിവസം മുമ്പായിരുന്നു സുധാകരൻ മുതിർന്ന നേതാക്കളെ കണ്ടത്.

ഡിസിസി പുനഃസംഘടനയ്ക്കും ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിനും കെപിസിസി മാനദണ്ഡങ്ങൾ തയാറാക്കാൻ കെപിസിസി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിക്കാൻ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. കെപിസിസി സെക്രട്ടറിമാരേയും ഉടൻ നിശ്ചയിക്കും. ഡിസിസി മുതലുള്ള പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കും.

എല്ലാ അർത്ഥത്തിലും പുതിയ ടീമാകും ഡിസിയിലേത്. നിലവിലെ ഭാരവാഹികളെ മുഴുവൻ മാറ്റും. അച്ചടക്ക ലംഘനം നടത്തിയ ആരേയും പരിഗണിക്കുകയുമില്ല. ചെറുതും പുതിയതുമായ ടീമിനേയാകും നിയമിക്കുക. നിലവിലെ ഭാരവാഹികളെ പോഷക സംഘടനയിലേക്ക് മാറ്റും. മറ്റ് മുഴുവൻ സമയ ജോലിയുള്ളവരെ ബ്ലോക് ഡിസിസി പ്രസിഡന്റുമാരാക്കുകയുമില്ല.തന്റെ മനസ്സിലെ തീരുമാനങ്ങൾ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും സുധാകരൻ അറിയിച്ചു. സിൽവർ ലൈനിനെതിരായ സമരത്തിലും ഈ നേതാക്കൾ സജീവമായി പങ്കെടുക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരസമിതി അംഗങ്ങൾ എന്നിവരെ പാർട്ടി പുനഃസംഘടനയിൽ പരിഗണിക്കേണ്ടതില്ലെന്ന ധാരണയാണ് യോഗത്തിൽ ഉയർന്നത്. നേരത്തേ 10 വർഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ഉണ്ടായി. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് അവലോകനം നടന്നു. വ്യക്തമാക്കുകയും പുനഃസംഘടനയോട് എഐ വിഭാഗങ്ങൾ നിസ്സഹകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അനുരഞ്ജന സംഭാഷണത്തിനു സുധാകരൻ തയാറായത്.

ഇരു നേതാക്കളുടെയും ആവശ്യങ്ങളും പരാതികളും ഗൗരവമായി പരിഗണിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളെക്കൂടി ഉൾക്കൊണ്ടു മുന്നോട്ടു പോകുമെന്നു കെപിസിസി നേതൃയോഗത്തിലും പറഞ്ഞു.